അഭിനവസിദ്ധന്മാര്‍ അരങ്ങുവാഴുമ്പോള്‍...

2012 നവംബര്‍ 26 തിങ്കള്‍.... രാവിലെ 8:15 .... പി.കെ.വേണുകുട്ടന്‍ നായര്‍ എന്ന മലയാളം കണ്ട മികച്ച നാടകാചാര്യന്‍ ഈ പരുഷമായ കപടലോകത്തോട് വിട പറഞ്ഞു. അര്‍ഹിയ്ക്കുന്ന അംഗീകാരങ്ങളോ, പരിഗണനയോ നല്‍കാന്‍ മടിച്ച മലയാളി സമൂഹം, ആ പാവം മനുഷ്യനെ ജീവിതാവസാനകാലത്ത് ഏറെ കഷ്ടപ്പെടുത്തുകയും ചെയ്തു. ഒരു കള്ളകേസില്‍ കുടുക്കി ഏറെ അപമാനവും, ദുരിതവും നല്‍കിയ എതിരാളികള്‍ ഒരു വശത്തും, ആ മഹാപ്രതിഭയെ തിരിഞ്ഞു നോക്കാതെ അവഗണിച്ച അധികാരികള്‍ മറുവശത്തും... മികച്ച നാടകസംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് നാല് തവണ നേടിയ അദ്ദേഹം, അവസാനകാലത്ത് ചികിത്സയ്ക്ക് പോലും വകയില്ലാതെ ബുദ്ധിമുട്ടി... പി.കെ.വേണുക്കുട്ടന്‍ മാഷിനെ ആദ്യമായി ഞാന്‍ കാണുന്നത് ദൂരദര്‍ശനിലെ ടെലിഫിലിമുകളിലും മറ്റു ചില പരിപാടികളിലും ആണ്. പിന്നീട് എന്റെ വീട്ടിന്റെ അടുത്തുള്ള ശ്രീ ചിത്തിര തിരുനാള്‍ ഗ്രന്ഥശാലയില്‍ വെച്ച്, പല പ്രാവശ്യം നേരിട്ടും അദ്ദേഹത്തെ കണ്ടിട്ടുണ്ട്. അന്ന് സ്കൂള്‍ വിദ്യാര്‍ഥിയായിരുന്ന എനിയ്ക്ക്, മലയാള നാടകവേദിയ്ക്ക് വലിയ സംഭാവനകള്‍ നല്‍കിയ ആ ചെറിയ മനുഷ്യന്‍ ഒരു കൌതുകം ആയിരുന്നു. എങ്കിലും അദ്ദേഹത്തെ പരിചയപ്പെടാനോ മിണ്ട...