അഭിനവസിദ്ധന്മാര്‍ അരങ്ങുവാഴുമ്പോള്‍...






2012 നവംബര്‍ 26 തിങ്കള്‍.... രാവിലെ 8:15 ....


പി.കെ.വേണുകുട്ടന്‍ നായര്‍ എന്ന മലയാളം കണ്ട മികച്ച നാടകാചാര്യന്‍ ഈ പരുഷമായ കപടലോകത്തോട്‌ വിട പറഞ്ഞു.


അര്‍ഹിയ്ക്കുന്ന അംഗീകാരങ്ങളോ, പരിഗണനയോ നല്‍കാന്‍ മടിച്ച മലയാളി സമൂഹം, ആ പാവം മനുഷ്യനെ ജീവിതാവസാനകാലത്ത് ഏറെ കഷ്ടപ്പെടുത്തുകയും ചെയ്തു.


ഒരു കള്ളകേസില്‍ കുടുക്കി ഏറെ അപമാനവും, ദുരിതവും നല്‍കിയ എതിരാളികള്‍ ഒരു വശത്തും, ആ മഹാപ്രതിഭയെ തിരിഞ്ഞു നോക്കാതെ അവഗണിച്ച അധികാരികള്‍ മറുവശത്തും...


മികച്ച നാടകസംവിധായകനുള്ള സംസ്ഥാന അവാര്‍ഡ്‌ നാല് തവണ നേടിയ അദ്ദേഹം, അവസാനകാലത്ത് ചികിത്സയ്ക്ക് പോലും വകയില്ലാതെ ബുദ്ധിമുട്ടി...


പി.കെ.വേണുക്കുട്ടന്‍ മാഷിനെ ആദ്യമായി ഞാന്‍ കാണുന്നത് ദൂരദര്‍ശനിലെ ടെലിഫിലിമുകളിലും മറ്റു ചില പരിപാടികളിലും ആണ്. പിന്നീട് എന്റെ വീട്ടിന്റെ അടുത്തുള്ള ശ്രീ ചിത്തിര തിരുനാള്‍ ഗ്രന്ഥശാലയില്‍ വെച്ച്, പല പ്രാവശ്യം നേരിട്ടും അദ്ദേഹത്തെ കണ്ടിട്ടുണ്ട്.


അന്ന് സ്കൂള്‍ വിദ്യാര്‍ഥിയായിരുന്ന എനിയ്ക്ക്, മലയാള നാടകവേദിയ്ക്ക് വലിയ സംഭാവനകള്‍ നല്‍കിയ ആ ചെറിയ മനുഷ്യന്‍ ഒരു കൌതുകം ആയിരുന്നു. എങ്കിലും അദ്ദേഹത്തെ പരിചയപ്പെടാനോ മിണ്ടാനോ ഉള്ള ധൈര്യം അന്നില്ലായിരുന്നു. അദ്ദേഹത്തോട് തോന്നിയ ആദരവ് കൂടിയത് കൊണ്ടല്ല...എന്റെ അപകര്‍ഷതാ ബോധം കൊണ്ടാകാം.


എന്നാല്‍ കാലം എനിയ്ക്കും അദ്ദേഹത്തിനും ഇടയില്‍ ചില നല്ല നിമിഷങ്ങള്‍ കരുതി വെച്ചിട്ടുണ്ടായിരുന്നു എന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല. .


അതിനും വഴി വച്ചത് ശ്രീചിത്തിരതിരുനാള്‍ ഗ്രന്ഥശാല തന്നെയായിരുന്നു.


2001 ആയിരുന്നു വര്ഷം. ഞാനന്ന് തിരുവനതപുരം എഞ്ചിനീയറിങ്ങ് കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു.

ഒരു ദിവസം വൈകിട്ട് എന്നെ തേടി ഒരു ഫോണ്‍ വിളി വന്നു. ശ്രീ ചിത്തിരതിരുനാള്‍ ഗ്രന്ഥശാലയുടെ രക്ഷാധികാരി ഭാനു വിക്രമന്‍ നായര്‍ സാറായിരുന്നു വിളിച്ചത്. അത്യാവശ്യമായി ഗ്രന്ഥശാലയില്‍ വരാന്‍ പറഞ്ഞു. എന്തായിരിയ്ക്കും കാര്യം എന്ന ചിന്താകുഴപ്പത്തോടെ അവിടെ ചെന്നപ്പോള്‍ അദ്ദേഹത്തോടൊപ്പം വേണുക്കുട്ടന്‍ നായര്‍ മാഷും ഉണ്ടായിരുന്നു.


ഗ്രന്ഥശാലയുടെ വാര്‍ഷിക ആഘോഷ പരിപാടികളുടെ ഭാഗമായി എല്ലാ വര്‍ഷവും ഒരു നാടകം തയ്യാറാക്കി അവതരിപ്പിയ്ക്കാറുണ്ട്. ഈ വര്ഷം സി.എന്‍. ശ്രീകണ്ഠന്‍ നായരുടെ "മാന്യതയുടെ മറ" എന്ന സാമൂഹിക നാടകം അവതരിപ്പിയ്ക്കാന്‍ തീരുമാനിച്ചിരിയ്ക്കുന്നു. ആ നാടകത്തില്‍, നായകന്‍റെ ധൂര്‍ത്താളിയായ മകന്റെ വേഷം ചെയ്യാന്‍ ചെറുപ്പക്കാരനായ ഒരു നടന്‍ വേണം. ആ വേഷം ഞാന്‍ ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെട്ടു.


അപ്രതീക്ഷിതമായ ആവശ്യം കേട്ട് ഞാന്‍ ഞെട്ടി. സ്കൂള്‍,കോളേജ് പരിപാടികളില്‍ ഒരു കൈ നോക്കിയിട്ടുണ്ട് എന്നല്ലാതെ, ഇന്ന് വരെ ഒരു പ്രൊഫഷണല്‍ നാടകത്തില്‍ അഭിനയിക്കാനുള്ള സാഹസം ഞാന്‍ ചെയ്തിട്ടില്ല. എങ്കിലും വേണുക്കുട്ടന്‍ നായര്‍ മാഷിനെ പോലുള്ള ഒരു മുതിര്‍ന്ന നാടക സംവിധായകന്റെ കീഴില്‍ അഭിനയിയ്ക്കാന്‍ കിട്ടുന്ന ആ അവസരം ഞാന്‍ രണ്ടു കൈയും നീട്ടി സ്വീകരിച്ചു.


അപ്പോള്‍ തന്നെ നാടകത്തിന്റെ ഒരു കോപ്പി കൈയ്യില്‍ തന്ന്, അത് നന്നായി വായിച്ചു പഠിയ്ക്കാന്‍ അദ്ദേഹം എന്നോട് പറഞ്ഞു.


വേണുക്കുട്ടന്‍ നായര്‍ മാഷിന്റെ സംവിധാനത്തില്‍ ഡോക്ടര്‍ അംബികാസുതന്‍, പി.സി.സോമന്‍, പ്രൊഫസര്‍ ലില്ലി തുടങ്ങിയ പരിചയ സമ്പന്നരായ അഭിനേതാക്കളുടെ കൂടെ, ആ നാടകത്തില്‍ അഭിനയിയ്ക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ മറക്കാനാകാത്ത ഒരു അനുഭവം തന്നെയായിരുന്നു.


വേണുക്കുട്ടന്‍ നായര്‍ എന്ന ആ ചെറിയ മനുഷ്യന്‍ നാടക ലോകത്തെ ഒരു സര്‍വ്വകലാശാല തന്നെയാണെന്ന് ആ അനുഭവം എന്നെ പഠിപ്പിച്ചു.


റിഹേഴ്സല്‍ ക്യാമ്പില്‍ ഒരു സംവിധായകന്‍ എന്നതില്‍ ഉപരി ഒരു മുതിര്‍ന്ന കാരണവരുടെ ഭാവത്തിലായിരുന്നു അദ്ദേഹം കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത്. അഭിനേതാക്കളുടെ പ്രകടനം വീക്ഷിയ്ക്കുന്ന അദ്ദേഹത്തിന്റെ മുഖത്ത്, അവരുടെ മുഖത്തുള്ളതിനെക്കാള്‍ ഭാവങ്ങള്‍ നിറയുന്നത് കൌതുകത്തോടെ ഞാന്‍ നോക്കി നിന്നിട്ടുണ്ട്.

ഇഷ്ടപ്പെട്ട കളിപ്പാട്ടം പ്രവര്‍ത്തിയ്ക്കുന്നത് കാണുമ്പോള്‍ ഒരു കൊച്ചുകുട്ടിയുടെ മുഖത്തുണ്ടാകുന്ന സന്തോഷവും, ആവേശവുമായിരുന്നു അപ്പോള്‍ എനിയ്ക്ക് ആ മുഖത്ത് കാണാന്‍ കഴിഞ്ഞത്. ചിലപ്പോള്‍ നിസ്സാര കാരണത്തിന് പിണങ്ങി ദേഷ്യപ്പെടുകയും, ചിലപ്പോള്‍ സന്തോഷം കൊണ്ട് ആര്‍പ്പു വിളിയ്ക്കുകയും ചെയ്യുന്ന ഒരു കൊച്ചു കുട്ടിയായിരുന്നു ആ നിമിഷങ്ങളില്‍ അദ്ദേഹം. ഒരു കണ്ണാടി പോലെ മനസ്സില്‍ തോന്നുന്നതെന്തും പുറത്ത് മറയില്ലാതെ പ്രകടിപ്പിയ്ക്കുന്ന നിഷ്കളങ്കത ആ മുഖത്ത് ഉണ്ടായിരുന്നു.


ആ റിഹേഴ്സല്‍ സമയത്തും വാര്‍ദ്ധക്യത്തിന്റെഅവശതകള്‍ അദ്ദേഹത്തെ വല്ലാതെ അലട്ടിയിരുന്നു. കടുത്ത പ്രമേഹവും,മറ്റു രോഗങ്ങളും കാരണം വേഗത്തില്‍ നടക്കാന്‍ പോലും കഴിയാതെ ഏറെ കഷ്ടപ്പെട്ട അദ്ദേഹം ആ അവശതകളെവക വയ്ക്കാതെ ആയിരുന്നു ആ നാടകം സംവിധാനം ചെയ്തത്.നാടകം എന്ന കലയോടുള്ള അദ്ദേഹത്തിന്റെ ആത്മാര്‍ഥതയും അഭിനിവേശവും ആ നാളുകളിലെ അനുഭവം എനിയ്ക്ക് മനസ്സിലാക്കി തന്നിരുന്നു.


തിരുവനന്തപുരം രാജധാനി ആഡിറ്റോറിയത്തില്‍ ആയിരുന്നു നാടകം ആദ്യമായി അവതരിപ്പിച്ചത്.പിന്നീട് കിട്ടിയ ക്ഷണപ്രകാരം മറ്റു ചില വേദികളിലും നാടകം അവതരിപ്പിയ്ക്കേണ്ടി വന്നു. മൂന്നു വേദികളില്‍ ഞാന്‍ ആ നാടകത്തില്‍ അഭിനയിച്ചു. പിന്നീട് വിദ്യാഭ്യാസത്തിന്റെ തിരക്കുകള്‍ കാരണം തുടര്‍ന്ന് പങ്കെടുക്കാന്‍ കഴിഞ്ഞില്ല.


അതേ സമയത്ത് തന്നെ ആയിരുന്നു രണ്ട് വേദികളില്‍ സി.എന്‍. ശ്രീകണ്ഠന്‍ നായരുടെ അനുസ്മരണാര്‍ത്ഥം അവതരിപ്പിയ്ക്കപ്പെട്ട നാടകത്രയങ്ങളില്‍ "സാകേത"ത്തിലെ ദശരഥന്റെ വേഷം അദ്ദേഹം അവതരിപ്പിച്ചത്.


ആ മോശമായ ശാരീരിക അവസ്ഥയില്‍ പോലും,ആ വേഷം മനോഹരമായി അവതരിപ്പിയ്ക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. അഭിനയത്തിന്റെ ആ വേഷപകര്‍ച്ച, തുടക്കകാരനായ എനിയ്ക്ക് അത്ഭുതം ആയിരുന്നു..


ആ നാടകത്തിന്റെ അനുഭവത്തിന് ശേഷം, പിന്നീട് അദ്ദേഹവുമായി ഇടപഴകാന്‍ അവസരം ലഭിച്ചില്ല. പിന്നീട് ഒരു പ്രാവശ്യം, തിരുവനതപുരം റെയില്‍വേ സ്റ്റേഷനില്‍ വെച്ച് അദ്ദേഹത്തെയും,ഭാര്യ ആശ ചേച്ചിയെയും(ആശാ സുവര്‍ണ്ണ) ദൂരെ നിന്ന് കണ്ടു. രോഗങ്ങള്‍ കാരണം ഏറെ അവശനായത് പോലെ വേച്ച് വേച്ച് പതുക്കെ അദ്ദേഹം നടന്നു പോകുന്നത് കണ്ടപ്പോള്‍ വിഷമം തോന്നി.


ജീവിതത്തിന്റെ തിരക്കുകള്‍ കാരണം മറന്നിരുന്ന അദ്ദേഹത്തെ പറ്റി പിന്നീട് കേള്‍ക്കുന്നത് ഒരു പീഡന കേസുമായി ബന്ധപ്പെട്ടു വന്ന പത്രവാര്‍ത്തയിലൂടെയാണ്.

അദ്ദേഹവുമായി വ്യക്തിപരമായി ഇടപഴകാന്‍ കഴിഞ്ഞ, ആ ദുര്‍ബലആരോഗ്യസ്ഥിതിയെ കുറിച്ച് ബോധ്യമുള്ള ഒരാള്‍ എന്ന നിലയില്‍ ആ ആരോപണത്തില്‍ ഞാനിന്നും വിശ്വസിയ്ക്കുന്നില്ല.

അദ്ദേഹത്തിന്റെ ശത്രുക്കള്‍ കെട്ടിച്ചമച്ച ആ ആരോപണം, പക്ഷെ ആ നല്ല മനുഷ്യന്റെ ജീവിതത്തെ തകര്‍ത്തു.ഇക്കിളി കഥകളുടെ ഗണത്തില്‍ ചേര്‍ക്കാന്‍ ഒരു പുതിയ ഇരയെ കിട്ടിയ സന്തോഷത്തോടെ കപട സദാചാര സമൂഹം അദ്ദേഹത്തെ ചിവിട്ടി മെതിച്ചു. മരണം വരെ...


ജീവിതരേഖ


1934 ജൂലൈ 14നാണ് പി.കെ.വേണുക്കുട്ടന്‍ നായര്‍ ജനിച്ചത്. നാടകപ്രവർത്തകനായിരുന്ന പി കെ കൃഷ്ണപിള്ളയാണ് പിതാവ്.
അമ്മ: എൽ കാർത്യായനിയമ്മ.

അച്ഛനും സഹോദരന്മാരായ പി.കെ വിക്രമൻനായരും പി.കെ വാസുദേവൻ നായരുമായിരുന്നു വേണുക്കുട്ടൻ നായരുടെ ഗുരുക്കന്മാർ. സ്‌കൂൾ വിദ്യാഭ്യാസ കാലത്തുതന്നെ നാടകത്തിന്റെ അണിയറ പ്രവർത്തകനായി മാറിയ വേണുക്കുട്ടൻ നായർ, ഇരുപതാം വയസ്സിൽ നടനായി. എഞ്ചിനീയറിങ് പഠനം പാതിവഴിക്ക് നിർത്തിയാണ് നാടകലോകത്തേക്കിറങ്ങിയത്.


ജി.ശങ്കരപ്പിള്ളയ്ക്കും സി.എന്‍ ശ്രീകണ്ഠന്‍ നായര്‍ക്കുമൊക്കെയൊപ്പം നാടകരംഗത്ത് എത്തിയ വേണുക്കുട്ടന്‍ നായര്‍, മലയാള നാടകവേദിയിലെ വേറിട്ട ശബ്ദമായിരുന്നു. ഒട്ടേറെ ജനപ്രിയ നാടകങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്ത് അരങ്ങിലെത്തിച്ചു. അന്നാ കരീനീന, ഒഥല്ലോ, കിങ് ലിയര്‍ തുടങ്ങി ഒട്ടേറെ വിശ്വസാഹിത്യ കൃതികള്‍ മലയാളി പ്രേക്ഷകര്‍ക്ക് മുമ്പില്‍ ആദ്യമായി എത്തിച്ചതും വേണുക്കുട്ടന്‍ നായരായിരുന്നു.

ഡ്രാമാറ്റിക് ബ്യൂറോ, കലാകൈരളി, കലാവേദി, ശ്രീചിത്തിരതിരുനാൾ വായനശാല, പ്രസാധന, കൾട്ട്-തൃശ്ശൂർ, രംഗപ്രഭാത്, സുവർണ്ണരേഖ എന്നിവയുടെ സംഘാടകനായ വേണുക്കുട്ടൻ നായർ, തിരുവനന്തപുരം സംഘശക്തി, സംഘചേതന, അഹല്യ, അതുല്യ, നെയ്യാറ്റിൻകര സ്വദേശാഭിമാനി തിയേറ്റേഴ്‌സ്, വടകര വരദ, തൃശ്ശൂർ യമുന എൻർടൈനേഴ്‌സ്, കണ്ണൂർ സംഘചേതന തുടങ്ങിയ പ്രൊഫഷണൽ നാടകസമിതികൾക്ക് വേണ്ടി ഒട്ടേറെ നാടകങ്ങൾ സംവിധാനം ചെയ്തു.


ആകെ 95 നാടകങ്ങള്‍ സംവിധാനം ചെയ്തു. മികച്ച നാടകസംവിധായകനുള്ള സംസ്ഥാനഅവാർഡ് നാലുതവണ (1988ല്‍ "സ്വാതിതിരുനാള്‍", 1989ല്‍ "ഇന്ദുലേഖ", 1991ല്‍ "അന്നാകരിനീന്ന", 1992ല്‍ "ഒഥല്ലോ" എന്നീ നാടകങ്ങള്‍ക്ക്) നേടിയ അദ്ദേഹത്തിന്, നാടകരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള കേരള സംഗീതനാടക അക്കാദമി പുരസ്‌കാരവും ലഭിച്ചു.

കേരള സംഗീതനാടക അക്കാദമി വൈസ് പ്രസിഡന്റ്, കേന്ദ്ര സംഗീതനാടക അക്കാദമി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. കാലിക്കറ്റ് സർവകലാശാല സ്‌കൂൾ ഓഫ് ഡ്രാമ ആരംഭിക്കുന്നതു മുതൽ ദീർഘകാലം അവിടെ അധ്യാപകനായിരുന്നു.


തിരുവനന്തപുരത്തെ സിനിമാസ്‌നേഹികളായ ചെറുപ്പക്കാര്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ 'ചിത്രലേഖ' ഫിലിംസൊസൈറ്റിക്ക് രൂപം നല്‍കിയപ്പോള്‍ വേണുക്കുട്ടന്‍ നായര്‍ അതിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്നു. അടൂര്‍ ഗോപാലകൃഷ്ണന്റെ സ്വയംവരത്തിലൂടെ സിനിമയിലുമെത്തിയ വേണുക്കുട്ടന്‍ നായര്‍, 30 ലധികം ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. "സ്വയംവരം", "ഉള്‍ക്കടല്‍", "സ്വപ്‌നാടനം", "ഒരു ചെറുപുഞ്ചിരി" എന്നിവ അതില്‍ പെടുന്നു.

അദ്ദേഹം രചിച്ച നാടകസംബന്ധിയായ ഗ്രന്ഥങ്ങളും, വിവർത്തനങ്ങളും, 13 നാടകങ്ങളും പുസ്തകരൂപത്തിൽ പുറത്തിറങ്ങി. മലയാള നാടക വേദിയുടെ വികാസ പരിണാമങ്ങള്‍, ആന്റിഗണി, ഏലംകുളം മനയ്‌ക്കലെ അമ്മ, ഹാംലെറ്റ്‌, എന്നിവ ഇതിൽ ഉൾപ്പെടും.


വേണുക്കുട്ടന്‍ നായരുടെ ജീവിതകഥ മുന്‍നിര്‍ത്തി ആശാ സുവര്‍ണ ചേച്ചി രചിച്ച പുസ്തകമാണ് "അഭിനവസിദ്ധന്മാര്‍ അരങ്ങുവാഴുമ്പോള്‍".

പി.കെ.വേണുക്കുട്ടന്‍ നായര്‍ എന്ന പേരിനെ മലയാള ഭൂമി ഓര്‍മ്മിയ്ക്കാന്‍ പോകുന്നത്, കലാലോകത്തിന് അദ്ദേഹം നല്‍കിയ ഇത്തരം വിലപ്പെട്ട സംഭാവനകളുടെ പേരിലായിരിയ്ക്കണം ....അല്ലാതെ ഏതെങ്കിലും വിവാദത്തിന്റെ പേരിലാകരുത് ...

അദ്ദേഹത്തിന്റെ മരണശേഷം ആശചേച്ചി ആവശ്യപ്പെട്ട പോലെ, കള്ളകേസ് ഉണ്ടാക്കി അദ്ദേഹത്തെ കുടുക്കിയവരെ നിയമത്തിനു മുന്നില്‍ കൊണ്ട് വന്നു, അദ്ദേഹത്തിന്റെ നിരപരാധിത്വം സമൂഹത്തിന് മുന്നില്‍ വെളിവാക്കാന്‍ കഴിഞ്ഞാല്‍, അതായിരിയ്ക്കും ആ നല്ല മനുഷ്യനോട് ചെയ്യാവുന്ന ഏറ്റവും വലിയ ആദരവ്...


===========================  

(നെല്‍കതിര്‍ ഓണ്‍ലൈന്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ച ലേഖനം)

Comments

Unknown said…
പ്രിയ സഹോദരാ,
എഴുതിയ നല്ല വാക്കുകൾക്ക് നന്ദി. ഇപ്പോൾ ഗൂഗിൾ സെർച്ച്‌ ചെയ്ത് അപ്രതീക്ഷിതമായി കണ്ടു. ദയവായി ഫോൺ നമ്പർ തരുമോ?

Popular posts from this blog

ഗോഡ്‌സെയും, നിർമ്മൽ ചാറ്റർജിയും ഗാന്ധിവധവും - ഒരു സംഘി നുണക്കഥ !

ശംബുകൻ

മതവിശ്വാസവും വര്‍ഗ്ഗീയവാദവും - പൊതുചര്‍ച്ച