ശെല്‍വരാജ്‌ എം.എല്‍.എ രാജി വച്ചു

സെല്‍വരാജ് ചെയ്തത് ജനാധിപത്യ മര്യാദയ്ക്ക് നിരക്കാത്ത പ്രവര്‍ത്തിയാണ് എന്നതില്‍ സംശയം ഇല്ല.




ഒരു വ്യക്തി ജന പ്രതിനിധി ആയി തെരെഞ്ഞെടുക്കപ്പെടുമ്പോള്‍ അയാള്‍ സ്വന്തം പാര്‍ട്ടിയുടെയോ തനിക്കു വോട്ടു ചെയ്ത ആളുകളുടെയോ അല്ലെങ്കില്‍ സ്വന്തം ജാതിക്കാരുടെയോ മാത്രം പ്രതിനിധി അല്ല. ആ മണ്ഡലത്തിലെ മുഴുവന്‍ ജനങ്ങളുടെയും പ്രതിനിധി ആണ്.

ആ തെരഞ്ഞെടുപ്പിന് ഖജനാവില്‍ നിന്നും കോടികള്‍ ചിലവാകുന്നുമുണ്ട്. അതായത് ഈ രാജ്യത്തെ ഓരോ പൌരനും നികുതിയായി നല്‍കുന്ന പണം!

പാര്‍ട്ടിയിലെ അധികാരപോരിനനുസരിച്ച്‌, തനിക്കു തോന്നുമ്പോള്‍ അധികാരം കിട്ടുന്ന ദിശയിലേയ്ക്ക് സൌകര്യ പൂര്‍വ്വം വലിച്ചെറിയാനുള്ള കളിപ്പാട്ടം അല്ല എം.എല്‍.എ പദവി.



അതിനു ആദര്‍ശത്തിന്റെ മുഖം മൂടി നല്‍കാന്‍ ശ്രമിക്കുന്നത് കപട രാഷ്ട്രീയത്തിന്റെ ഭാഗം മാത്രമാണ്.



സി.പി.എം എന്ന പാര്‍ട്ടിയുടെ നേതൃത്വത്തിന്റെ നിലപാടുകളോട് ആണ് എതിര്‍പ്പ് എങ്കില്‍, എന്തിനു ആ പാര്‍ട്ടിയുടെ പേരില്‍ കഴിഞ്ഞ ഇലക്ഷനില്‍ മത്സരിച്ചു?



ആ ഇലക്ഷനില്‍ ഒരു എതിര്‍പ്പും പരസ്യമായി കാട്ടാതെ മത്സരിച്ചു ജയിച്ചു. എം.എല്‍.എ ആയി.



സെല്വരാജിനു ആദര്‍ശം എന്തെങ്കിലും ഉണ്ടായിരുന്നെങ്കില്‍, പാര്‍ട്ടിയിലെ അധികാര പോരില്‍ നിന്നും മാറി നിന്ന് അഞ്ചു വര്‍ഷക്കാലം ആ മണ്ഡലത്തിലെ ജനങ്ങള്‍ക്ക്‌ വേണ്ടി മാത്രം പ്രവര്തിയ്ക്കണം ആയിരുന്നു. അഞ്ചു വര്ഷം കഴിയുമ്പോള്‍ രാജി പ്രഖ്യാപിച്ച് അയാള്‍ക്കിഷ്ട്ടം ഉള്ള പാര്‍ട്ടിയുടെ കൂടെ പോകണം ആയിരുന്നു.



അല്ലാതെ ഖജനാവിലെ പണം എടുത്തു ഇടയ്ക്കിടെ തെരെഞ്ഞെടുപ്പ് മഹോത്സവം നടത്താന്‍ ഉള്ള മാര്‍ഗ്ഗം ആയിരുന്നില്ല ചെയ്യേണ്ടത്.



പാര്‍ട്ടിയോടുള്ള പക, പൊതുജനങ്ങളുടെ പണം മുടിപ്പിച്ചല്ല തീര്‍ക്കേണ്ടത്..



കൂറ് മാറ്റ നിരോധന നിയമപ്രകാരം ഒരാള്‍ അയോഗ്യന്‍ ആക്കുന്ന പക്ഷം, അയാളെ തുടന്നുള്ള കുറച്ചു വര്‍ഷത്തേക്ക് ഇലക്ഷനില്‍  മത്സരിയ്ക്കുന്നതില്‍ നിന്നും വിലക്കി അയോഗ്യന്‍ ആയി ഇലക്ഷന്‍ കമ്മിഷന്‍ പ്രഖ്യാപിയ്ക്കും. ആ നിയമത്തില്‍ നിന്നും രക്ഷപ്പെട്ട്, വീണ്ടും ഇലക്ഷനില്‍ മത്സരിയ്ക്കാന്‍ ആണ് സെല്‍വരാജ് "രാജി" എന്ന രാഷ്ട്രീയ തന്ത്രം പ്രയോഗിച്ചത്.

ഇനി സെല്‍വരാജിന്, ഇപ്പോള്‍ അവകാശപ്പെടുന്ന പോലെ അത്രയ്ക്ക് ആദര്‍ശത്തിന്റെ അസുഖം ഉണ്ടെങ്കില്‍, നെയ്യാറ്റിന്‍കര മണ്ഡലത്തിലെ ഉപതെരെഞ്ഞെടുപ്പ് നടത്താന്‍ ഉള്ള എല്ലാ ചിലവുകളും വ്യക്തിപരമായി വഹിയ്ക്കാന്‍ അയാള്‍ തയ്യാറാകണം.

അല്ലെങ്കില്‍ ഇങ്ങനെ രാജി വയ്ക്കാന്‍ വേണ്ടി എം.എല്‍.എ ആയതിനു നെയ്യാറ്റിന്‍കരയിലെ വോട്ടര്‍മാരോട് പരസ്യമായി മാപ്പ് പറയണം.



അതിനുള്ള നട്ടെല്ല് അയാള്‍ക്കുണ്ടോ?



സ്വന്തം പാര്‍ട്ടിയിലെ ആഭ്യന്തരപ്രശ്നങ്ങള്‍ സമചിത്തതയോടെ നേരിടാന്‍ കഴിയാത്ത ഇയാളാണോ, ഒരു അധികാര സ്ഥാനത്ത് ഇരുന്ന് ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിയ്ക്കാന്‍ പോകുന്നത്?

ഒരു കാര്യം സമ്മതിച്ചേ പറ്റൂ..


പണ്ട് സ്വന്തം പാര്‍ട്ടിയിലെ ഏക ലീഡറെ അധികാരത്തില്‍ നിന്നും തെറിപ്പിയ്ക്കാന്‍, ഒരു കോട്ടയം പത്രത്തിന്റെ ഒപ്പം ചേര്‍ന്ന് ഒരു "ചാരകഥ" ഉണ്ടാക്കി, പിന്നെ രാജിനാടകം ഒക്കെ വിദഗ്ധം ആയി കളിച്ച് ജയിച്ച, ആ രാഷ്ടീയ 'ചാണക്യ' ബുദ്ധി തനിക്ക് ഇപ്പോഴും കൈമോശം വന്നിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടി വീണ്ടും തെളിയിച്ചിരിക്കുന്നു.



പ്രസ്‌ കൊണ്ഫെരെന്‍സ് ജോര്‍ജ്ജിനെ പോലുള്ള രാഷ്ട്രീയ "ദല്ലാള്‍" നേതാക്കള്‍ കൂടെയുള്ളപ്പോള്‍ പിന്നെ എന്ത് വേണം..



പക്ഷെ ജനങ്ങളുടെ മുന്നില്‍ സ്വന്തം മുഖം മൂടികള്‍ അഴിഞ്ഞു വീഴാന്‍ ഇത്തരം അധികാര കച്ചവടങ്ങള്‍ ഇടയാക്കും എന്ന സത്യമെങ്കിലും മറക്കാതിരിക്കുന്നത് നന്ന്..



കാരണം പൊതുജനം നിങ്ങളൊക്കെ കരുതും പോലെ വെറും കഴുത അല്ല!

Comments

Popular posts from this blog

ഗോഡ്‌സെയും, നിർമ്മൽ ചാറ്റർജിയും ഗാന്ധിവധവും - ഒരു സംഘി നുണക്കഥ !

ശംബുകൻ

മതവിശ്വാസവും വര്‍ഗ്ഗീയവാദവും - പൊതുചര്‍ച്ച