ഒരു ഒഴിയാബാധയുടെ കഥ

(അടുത്തതായി നിങ്ങള്‍ക്ക് മുന്‍പില്‍ എത്തുന്നത്‌ ഒരു ലഘു നാടകമാണ്. രാഷ്ട്രീയ ആക്ഷേപ ഹാസ്യനാടകം  "ഒരു ഒഴിയാബാധയുടെ കഥ!"

നമ്മുടെ നാട്ടില്‍ നടക്കുന്ന സമകാലീന പ്രശ്നങ്ങളെ ആക്ഷേപ ഹാസ്യത്തിന്റെ കണ്ണിലൂടെ നോക്കുന്ന ഈ നാടകത്തിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിയ്ക്കുന്നവരോ മരിച്ചവരോ ആയ ഏതെങ്കിലും  വ്യക്തികളുമായി സാമ്യം തോന്നുന്നുവെങ്കില്‍ അത് വെറും യാദ്രിശ്ചികം മാത്രം)

ഒരു ഒഴിയാബാധയുടെ കഥ
(ആക്ഷേപഹാസ്യ നാടകം)
(രംഗം-1)

(രാജധാനി. പാറാവ്‌ നിൽക്കുന്ന ഭടൻ ഉറക്കെ വിളിച്ചു പറയുന്നു.)

ഭടൻ:-  "ചേരള മഹാരാജ്യം ഭരിയ്ക്കുന്ന തൊമ്മൻ ചാണ്ടി രാവണൻ തമ്പുരാൻ ഇതാ എഴുന്നള്ളുന്നേ!"

(മഹാരാജാവ് വരുന്നു.)

(താനാരോ..തന്നാരോ.. എന്ന ഒരു പാട്ട് ദൂരെ നിന്ന് കേൾക്കുന്നു)

രാജാവ്:-  "ആരവിടെ!"

ഭടൻ:- "അളിയൻ"

രാജാവ്:-  "അളിയനോ?"

ഭടൻ:-  "സോറി. അടിയൻ"


രാജാവ്:-  "ഉം! എന്താണ് കൊട്ടാര വാതിലിൽ നിന്നും കേൾക്കുന്ന ആ പാട്ട്? വെങ്കിടേശ്വര സുപ്രഭാതമാണോ?"

ഭടൻ:-  "അല്ല പ്രഭോ! അങ്ങയുടെ ഭരണം മൂലം ജീവിതം വഴി മുട്ടിയ പൊതുജനം, സ്ഥിരമായി വെളുവെളുപ്പാൻ കാലത്ത്, കൊട്ടാരവാതിൽക്കൽ വന്നു നിന്ന്, അങ്ങയെ വിളിയ്ക്കുന്ന തെറിപ്പാട്ടാണത്."

രാജാവ്:-  "ഛെ! ഈശ്വരാ! ഇങ്ങനെയും മുഴുത്ത തെറി വിളിയ്ക്കുമോ! ചെവി കഴുകേണ്ടി വരുമല്ലോ. ആരവിടെ! കൊട്ടാരവാതിൽ സൌണ്ട്പ്രൂഫ്‌ ആക്കാൻ ഇന്ന് തന്നെ കൊട്ടാരം ആശാരിയോട് നാം കൽപ്പിച്ചതായി  പറയൂ."

ഭടൻ:-  "പഷ്ട്!  ഇപ്പം അയാള് ചെയ്യും! ശമ്പളം മൂന്ന് മാസമായി കൊടുക്കാത്തത് കൊണ്ട് കൊട്ടാരം ആശാരിയും, കൊട്ടാരം പ്ലംബറും ഒക്കെ ചന്തയിൽ പണിയ്ക്ക് പോയാണ് ജീവിയ്ക്കുന്നത്. അവരെ വിളിച്ചാൽ വന്നത് തന്നെ."

രാജാവ്:-  "എന്ത്! അങ്ങനെയായോ അവസ്ഥ? ഭടാഇപ്പോൾ തന്നെ നമ്മുടെ മഹാമന്ത്രി കോഴ മംഗലത്ത് മാണിക്കുറുപ്പിനെ പോയി കണ്ട് നമ്മെ മുഖം കാണിയ്ക്കാൻ പറയൂ".

ഭടൻ:- "ഉത്തരവ്, മഹാരാജൻ".

(ഭടൻ പോകുന്നു)

(മന്ത്രി നോട്ടുകൾ എണ്ണികൊണ്ട് പ്രവേശിയ്ക്കുന്നു. രാജാവിനെ കണ്ട് പെട്ടെന്ന് നോട്ടുകൾ ഒളിപ്പിയ്ക്കുന്നു).

മന്ത്രി:-  "നമസ്ക്കാരം, മഹാരാജൻ".

രാജാവ്:-  "മന്ത്രി, നമ്മുടെ ഖജനാവിൽ എന്തുണ്ട്?"

മന്ത്രി:-  "ഒരു പട്ടിയും, രണ്ടു പൂച്ചയും, ഒരു മരപ്പട്ടിയും പെറ്റു കിടപ്പുണ്ട്, മഹാരാജൻ."

രാജാവ്:-   "എന്ത്? സ്വർണ്ണവും പണവും നിറഞ്ഞു കവിഞ്ഞിരുന്ന നമ്മുടെ ഖജനാവിനെ നിങ്ങൾ മൃഗങ്ങളുടെ ലേബർ റൂമാക്കി മാറ്റിയോ? കഷ്ടം..മന്ത്രി.. കഷ്ടം!"

മന്ത്രി:-  "അതിന് എന്നെ മാത്രമായി  കുറ്റം പറയരുത് മഹാരാജൻ. അങ്ങും ഞാനും മറ്റുള്ള മന്ത്രിമാരും ഉദ്യോഗസ്ഥരും ഒക്കെ ഒത്തു ചേർന്ന് പരിശ്രമിച്ചിട്ടു തന്നെയാണ് ഖജനാവിന്റെ ഗതി ഇങ്ങനെയായത്."

രാജാവ്:-  "സ്വന്തം കഴിവുകേട് മറ്റുള്ളവരുടെ പിടലിയ്ക്ക് വെച്ചു കെട്ടരുത്, മന്ത്രി. എത്രയോ വർഷങ്ങളായി നിങ്ങൾ ഒറ്റയ്ക്ക് അല്ലെ ധനകാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്!"

മന്ത്രി:-  "അത് കൊള്ളാം., എനിയ്ക്കെതിരെ ആരോപണമോ? അങ്ങയുടെ ഭരണത്തിനുള്ള പിന്തുണ ഞാൻ പിൻവലിച്ചാൽ, അങ്ങ് മൂക്കും കുത്തി താഴെ കിടക്കും എന്ന് മറക്കരുത്".

രാജാവ്:-   "ഓ! ഈ മന്ത്രിയുടെ ഒരു കാര്യം; ഞാൻ ഒരു തമാശ പറഞ്ഞാൽ ഉടനെ അതിനെ സീരിയസ്സായി എടുക്കും. മന്ത്രിയെ എനിയ്ക്ക് പണ്ടേ അറിയില്ലേ. നിങ്ങളെ എനിയ്ക്ക് പൂർണ്ണ വിശ്വാസമാണ്".

മന്ത്രി:-   "അങ്ങനെയെങ്കിൽ കൊള്ളാം.  ഒരു മാതിരി തമാശ എനിയ്ക്ക് പണ്ടേ ഇഷ്ടമല്ല."

രാജാവ്:-   "മന്ത്രി, നാം ആകെ വ്യാകുലചിത്തനാണ്. എങ്ങും അനർത്ഥങ്ങൾ.  രാജ്യം ദിനം പ്രതി നശിച്ചു കൊണ്ടിരിയ്ക്കുന്നു.ജനങ്ങൾ മൊത്തം നമുക്കെതിരാണ്. നമ്മുടെ പൂജ്യ പിതാവിനെയും, മാതാവിനെയും ചേർത്തു തെറി വിളിയ്ക്കുന്നതാണ് അവരുടെ മുഖ്യവിനോദം. എന്തു ചെയ്യണം നാം?"

മന്ത്രി:-   "നമുക്ക് കൊട്ടാരം  മാന്ത്രികൻ പോക്കിരി ചന്ത ജോർജ്ജാനന്ദ സ്വാമികളെ വിളിച്ച്‌ കവിടി നിരത്തി നോക്കാം."

രാജാവ്:-   "ശരിയാണ്. ആരവിടെ, കൊട്ടാരം മാന്ത്രികനോട് നമ്മെ മുഖം കാണിയ്ക്കാൻ പറയൂ".

ഭടൻ:-   "ഉത്തരവ് മഹാരാജൻ." (പോകുന്നു)

(മാന്ത്രികൻ പ്രവേശിയ്ക്കുന്നു. രാജാവിനെ തൊഴുന്നു)

മാന്ത്രികൻ:-   "മഹാരാജാവ് നീണാൾ വീഴട്ടെ."

(രാജാവ് ഞെട്ടി വീഴാൻ പോകുന്നു.)

മന്ത്രി:-   "വീഴാനല്ല അയാൾ പറഞ്ഞത്. വാഴട്ടെ എന്നാണ്. ഗ്ലാമർ മിസ്റ്റെക്ക്!".

മാന്ത്രികൻ:-   "പറയൂ മഹാരാജൻ. അങ്ങേന്താണ് ധ്രിതംഗപുളകിതനായി നില്ക്കുന്നത്?"

രാജാവ്:-   "എന്ന് വെച്ചാൽ?"

മാന്ത്രികൻ:-   "എന്താണ് ഒരു ഓഞ്ഞ മട്ടിൽ നിൽക്കുന്നത് എന്നാണ് ഉദ്ദേശിച്ചത്. അൽപം സാഹിത്യപരമായി ചോദിച്ചതാണ്."

രാജാവ്:-   "മാന്ത്രികരേ, നാം ആകെ വിഷമത്തിലാണ്. എന്ന് മുതൽ ഭരണം ഏറ്റെടുത്തുവോ, അന്നു മുതൽ എന്നും ടെന്ഷനാണ്. ഒരു പ്രശ്നം ഒതുക്കി തീർക്കുമ്പോൾ അടുത്ത പ്രശ്നം. ഖജനാവ് കാലിയായി പട്ടി പെറ്റു കിടക്കുന്നു. വിലകയറ്റം, സാമ്പത്തിക പ്രതിസന്ധി, അഴിമതി ..അങ്ങനെ പ്രശ്നങ്ങൾ ഒന്നിനു പിറകെ ഒന്നായി വരുന്നു. ജനങ്ങളുടെ തെറിവിളി കേട്ട് നമ്മുടെ കാതുകൾ മരവിച്ചിരിയ്ക്കുന്നു. കൂടെ നിൽക്കുന്ന അലമ്പന്മാരുടെ കൈയിലിരിപ്പു കാരണം, ഭരണം മുഴുവൻ ഒരു "എ" പടം പോലെയായിരിയ്ക്കുന്നു. സിംഹാസനത്തിൽ ഇരിയ്ക്കാനോ, പണ്ടാരം കളഞ്ഞിട്ടു പോകാനോ പറ്റാത്ത അവസ്ഥ. ഇങ്ങനെയൊക്കെ വരാൻ എന്താണ് കാരണം എന്ന് ഒന്നു നിരത്തി നോക്കി പറയൂ".

മാന്ത്രികൻ:-  "അത്രയേ ഉള്ളോ.. അതിനെന്താ.. ഇപ്പൊ നോക്കാമല്ലോ."

(മാന്ത്രികൻ താഴെ ഇരുന്ന്, പോക്കറ്റിൽ നിന്നും ഒരു കുത്ത് ചീട്ട് എടുത്ത് കുലുക്കി നിരത്തുന്നു.)

മാന്ത്രികൻ:-   "ആദുതൻ, ഗ്ലാവർ, ഗുലാൻ, ജോക്കർ..."

രാജാവ്:-    "ഇതെന്താ താൻ കാണിയ്ക്കുന്നത്ചീട്ട് നിരത്താൻ ആല്ല പറഞ്ഞത്; കവിടി നിരത്തി നോക്കാൻ ആണ്."

മാന്ത്രികൻ:-   "ഓ! അതായിരുന്നോ? ആകെ തെറ്റിദ്ധരിച്ചു... ഇപ്പൊ ശരിയാക്കി തരാം".

(മാന്ത്രികൻ സഞ്ചിയിൽ നിന്നും കവിടി എടുത്തു പലകയിൽ തട്ടി നിരത്തുന്നു.)

മാന്ത്രികൻ:-   "ഓം..ഹ്രീം..മൂകാംബികേ... നാലാംബികെ ... അഞ്ചാംബികെ.."
"ഉം... പ്രശ്നം ഗുരുതരമാണ് പ്രഭോ."

രാജാവ്:-   "എന്താ കാര്യം? തെളിച്ചു പറയൂ, മാന്ത്രികരെ!"

മാന്ത്രികർ:-   " അങ്ങയ്ക്ക് ഒരു കൊടുംശാപം മൂലം ഒരു ഒഴിയാബാധയുടെ അപഹാരം ഉണ്ടായിരിയ്ക്കുന്നു. അതാണ്‌ ഈ അനര്ത്വങ്ങൾക്ക് ഒക്കെ കാരണം."

രാജാവ്:-   "ശാപമോ... ആരുടെ ശാപം?"

മാന്ത്രികൻ:-   "അങ്ങ് ഇത്ര പെട്ടെന്ന് മറന്നുവോ? പണ്ട് സർവ്വ പ്രതാപിയായി ഈ രാജ്യം അടക്കി വാണിരുന്ന അങ്ങയുടെ പൂർവികൻ, രാഷ്ട്രീയ കുടിലതന്ത്ര കരുണാകര മഹാരാജാവിനെ, സ്വന്തം അനുചരന്മാരെ ഉപയോഗിച്ച്, ഇല്ലാത്ത കുറ്റം കെട്ടിച്ചമച്ച്‌, അപമാനിച്ച് ഈ സിംഹാസനത്തിൽ നിന്നും ഇറക്കി വിട്ടില്ലേ. ഹൃദയം തകർന്ന് വിടവാങ്ങിയ ആ വൃദ്ധ ഹൃദയത്തിന്റെ ശാപമാണ്, ഇന്ന് അങ്ങയെ വിടാതെ പിന്തുടരുന്ന ബാധയായി കൂടിയിരിയ്ക്കുന്നത്."

രാജാവ്:-  "ഈശ്വരാ! പണി പാലും വെള്ളത്തിൽ കിട്ടിയല്ലോ."

മാന്ത്രികൻ:-  "ഈ ബാധ അങ്ങയെയും കൊണ്ടേ പോകൂ, പ്രഭു. അതിനെ എങ്ങനെയും ഒഴിപ്പിച്ചേ മതിയാകൂ."

രാജാവ്:-  "രക്ഷപ്പെടാൻ നാം എന്തു ചെയ്യണം, മാന്ത്രികരെ? എന്താണിതിന്റെ പരിഹാര മാർഗ്ഗം?"

മാന്ത്രികൻ:-  "ഉം! ഒരു വഴിയുണ്ട്. പക്ഷെ അൽപം കടുത്തതാണ്."

രാജാവ്:-   "എന്തായാലും സാരമില്ല. ആ പരിഹാരം പറയൂ."

മാന്ത്രികൻ:-   "ഉടനെ തന്നെ ഒരു ജനസമ്പർക്ക മഹാഹോമം നടത്തണം. ആ ഹോമത്തിന്റെ അഗ്നിയിലേയ്ക്ക് ആ ബാധയെ ആവാഹിച്ച് ഒഴിപ്പിയ്ക്കണം. അതേ വഴിയുള്ളൂ."

രാജാവ്:-   "എന്നാൽ ഇനി ഒട്ടും വൈകണ്ട. എത്രയും പെട്ടെന്ന് ആ ഹോമത്തിനുള്ള ഒരുക്കങ്ങൾ നടത്തൂ."

മാന്ത്രികൻ:-   "അയ്യടാ! അങ്ങനെ ചുമ്മാ ഉത്തരവിട്ടാൽ ഒന്നും ഹോമം നടക്കില്ല. നല്ല ചിലവുണ്ട്. അതിനു ചുളയിറക്കണം. രണ്ടു കോടി രൂപയെങ്കിലും ഉണ്ടെങ്കിലേ നടത്താൻ പറ്റൂ."

രാജാവ്:-   "ഈശ്വരാ! കാശിനു വേണ്ടി നാമെന്തു ചെയ്യും, മന്ത്രി?"

മന്ത്രി:-   "എന്നെ നോക്കണ്ട. ഖജനാവിൽ പത്തു പൈസയില്ല."

രാജാവ്:-   "പിന്നെ നാം എന്ത് ചെയ്യും? എന്തെങ്കിലും വഴി പറയൂ, മന്ത്രി."

മന്ത്രി:-   "ഒരു വഴിയുണ്ട്. നമ്മുടെ രാജ്യത്തെ മദ്യതമ്പുരാക്കന്മാരോട് പറഞ്ഞാൽ, അവർ കാശ് തരും. അതിനു പകരമായി, അവർ നൽകാനുള്ള കപ്പത്തിന്റെ കാര്യം വരുമ്പോൾ, അങ്ങ് ഒന്ന് കണ്ണടച്ചാൽ മതി."

രാജാവ്:-   "ഹാവൂ! ഒന്നല്ല, രണ്ടു കണ്ണും ഞാൻ അടച്ചേയ്ക്കാം മന്ത്രി. അവരുടെ കൈയിൽ നിന്നും കാശ് വാങ്ങി കാര്യം നടത്തൂ, മന്ത്രി."

മന്ത്രി:-   "പക്ഷെ, ഒരു കുഴപ്പം ഉണ്ട്. കാശൊക്കെ വാങ്ങി ചിലവാക്കിയിട്ട്, ഒടുക്കം കപ്പം പുതുക്കുന്ന സമയം വരുമ്പോൾ, മുന്പത്തെ പോലെ വേറെ ആൾക്കാർ കേറി വന്ന് അലമ്പുണ്ടാക്കി കാര്യം നടന്നില്ലെങ്കിൽ, തമ്പുരാക്കന്മാർ നമ്മളെ കേറി അങ്ങ് നിരങ്ങും. അത് ഉണ്ടാകരുത്."

രാജാവ്:-   "വേറെ ആൾക്കാരോ? മന്ത്രി ആരെയാണ്  ഉദ്ദേശിച്ചത്?"

മന്ത്രി:-   "അത് അങ്ങയ്ക്കും അറിയാം. ജനങ്ങളുടെ മുന്നിൽ സുധീരനായി നടക്കുന്ന അങ്ങയുടെ മച്ചുനൻ വലിയവായിൽ മണ്ടൻ തമ്പുരാന്റെ കാര്യം തന്നെയാണ് പറഞ്ഞത്. അയാൾ പണ്ടേ ഒരു പാരയാണ്."

രാജാവ്:-   "ഉം! മനസ്സിലായി.. പേടിയ്ക്കേണ്ട മന്ത്രി. ആ പോങ്ങനെ ഇതിന്റെയൊന്നും ഏഴയലത്ത് അടുപ്പിയ്ക്കാതെ ഞാൻ നോക്കിക്കൊള്ളാം. മന്ത്രി കാര്യങ്ങളുമായി മുന്നോട്ടു പോകൂ."

മന്ത്രി:-   "ശരി. തിരുമനസ്സേ!"

(മന്ത്രി പോകുന്നു. രംഗം ഇരുളുന്നു)

=========================



രംഗം - 2

(യജ്ഞശാല.. ഹോമാഗ്നിയുടെ മുന്നിൽ ഇരിയ്ക്കുന്ന മാന്ത്രികൻ മന്ത്രങ്ങൾ ജപിയ്ക്കുന്നു. രാജാവും, മന്ത്രിയും, ഭടനും നോക്കി നില്ക്കുന്നു.)

മാന്ത്രികൻ:-   "ഓം ഹ്രീം... ഹ്രീം..ഹ്രാം... ഹ്രോം. . ഹ്രീം.."

രാജാവ് (ശബ്ദം താഴ്ത്തി):-   "മന്ത്രി, ഇയാളെന്താ തവളയ്ക്ക് പഠിയ്ക്കുകയാണോ?"

മന്ത്രി:-   "രാജൻ, അയാൾ കടുത്ത മന്ത്രങ്ങൾ ജപിച്ച് ബാധയെ വിളിച്ചു വരുത്തുകയാണ്."

മാന്ത്രികൻ:-   "ശ്... നിശ്ബ്ദരാകുക... അഘോര, പടോര, ടമാര, പഠാര മന്ത്രങ്ങൾ നൂറുവട്ടം നാം ഉരുക്കഴിച്ചു കഴിഞ്ഞു. ഈ മന്ത്രങ്ങളുടെ ശക്തി കാരണം, സോളാർ രശ്മികളാൽ ജ്വലിയ്ക്കുന്ന ഈ മന്ത്രത്തട്ടിലേയ്ക്ക്, ബാധ കയറിയ ആൾ തുള്ളി വിറച്ചു കൊണ്ടു വന്നെത്തും. നോക്കികൊള്ളൂ."

(മാന്ത്രികൻ മന്ത്രങ്ങൾ ജപിയ്ക്കുന്നു. പെട്ടെന്ന് തുള്ളി വിറച്ചു കൊണ്ട് ഒരാൾ കയറി വരുന്നു)

രാജാവ്:-   "ങേ! ഇത് നമ്മുടെ മച്ചുനൻ വലിയവായിൽ മണ്ടൻ തമ്പുരാൻ അല്ലെ. ഇയാളെയാണോ ബാധ പിടികൂടിയത്? നമുക്കപ്പോഴേ സംശയമുണ്ടായിരുന്നു."

മാന്ത്രികൻ:-   " ഉം! ഇരിയ്ക്കവിടെ... ഈ മന്ത്രപ്പലകയിൽ ഇരിയ്ക്ക്."

ബാധ:-    "മനസ്സില്ല. തൻ പറയുന്നിടത്ത് ഇരിയ്ക്കാൻ എന്റെ പട്ടി വരും."

മാന്ത്രികൻ:-   "അത്രയ്ക്കായോ ധിക്കാരം.. ഓം ഹ്രീം...ഹ്രീം.."
(ഭസ്മം ജപിച്ച് ബാധയ്ക്കു നേരെ എറിയുന്നു)

ബാധ:-   "എന്റമ്മോ.."
(പെട്ടെന്ന് മന്ത്രപ്പലകയിൽ ഇരിയ്ക്കുന്നു)

മാന്ത്രികൻ:-  "ഹ..ഹ..ഹ.. അപ്പോൾ നമ്മെ ഭയമുണ്ട് അല്ലെ."

ബാധ:-   "ഭ! കണ്ണിന്റെ കൃഷ്ണമണി നോക്കി ചൂട് ചാമ്പൽ വാരിയെറിഞ്ഞാൽ, നീറ്റൽ കൊണ്ട് ആരും ഇരിയ്ക്കും. അല്ലാതെ തന്നെ പേടിച്ചിട്ടൊന്നും അല്ല."

മാന്ത്രികൻ:-   "ഉം. നീ ആരാണെന്ന് മനസ്സിലായി.. ഈ ശരീരത്തിൽ നിന്നും ഒഴിഞ്ഞു പോകുമോ?"

ബാധ:-   "ഇല്ല. നെവർ ഡൂ... ഗുരുവായൂരപ്പൻ പറഞ്ഞാൽ പോലും പോകില്ല."

മാന്ത്രികൻ:-  "അത്രയ്ക്കായോ? നിന്നെക്കാളും വലിയ ബാധകളെ ഒഴിപ്പിച്ചവനാ ഈ ജോർജ്ജാനന്ദ  സ്വാമികൾ.. നിന്നെ ഒഴിപ്പിയ്ക്കാൻ പറ്റുമോ എന്ന് ഞാൻ നോക്കട്ടെ."

(വടി എടുത്ത് ബാധയെ അടിയ്ക്കുന്നു. ബാധ ചാടി എഴുന്നേറ്റ് മാന്ത്രികന്റെ കവാലത്തിൽ അടിയ്ക്കുന്നു..നടുവിന് ചവിട്ടുന്നു. മാന്ത്രികൻ ഇടി കൊണ്ട് കുനിഞ്ഞു പോകുന്നു.)

മാന്ത്രികൻ:-  "എന്റമ്മോരാജാവേ, ഇവനെ തടയൂ.. എന്നെ രക്ഷിയ്കൂ... എന്റമ്മോ.."

(രാജാവ്, മന്ത്രി, ഭടൻ എന്നിവരും ബാധയെ തടയാൻ ശ്രമിയ്ക്കുന്നു. ബാധ അവരെയും അടിച്ചു തെറിപ്പിയ്ക്കുന്നു. രാജാവിനെ കുനിച്ചു നിരത്തി കൂമ്പിനിടിയ്ക്കുന്നു.)

രാജാവ്:-   "മാന്ത്രികരേ, നമ്മെ ഈ ബാധയിൽ നിന്നും രക്ഷിയ്ക്കൂ."

മാന്ത്രികൻ:-  "ബെസ്റ്റ്! താടിയ്ക്ക് തീ പിടിയ്ക്കുമ്പോൾ ബീഡി കത്തിയ്ക്കാൻ വിളിയ്ക്കരുത്‌, രാജൻ."

രാജാവിനെ ബാധ തല്ലുമ്പോള്‍ രാജാവ് ദയനീയമായി നിലവിളിയ്ക്കുന്നു.
"എന്നെ തല്ലരുതേ ... ഞാന്‍ രാജാവാണ്‌".

(മാന്ത്രികൻ നടുവിന് കൈവെച്ചു കൊണ്ട് എഴുന്നേല്ക്കാൻ ശ്രമിയ്ക്കുന്നു. പെട്ടെന്ന് മന്ത്രിയും, ഭടനും ചേര്‍ന്ന് ബാധയെ പിടിച്ചു വെയ്ക്കുന്നു. ബാധ കുതറാന്‍ ശ്രമിയ്ക്കുന്നു)

മന്ത്രി:-  "ഈ ബാധയെ തളയ്ക്കാൻ ഒരു വഴിയുമില്ലേ?"

മാന്ത്രികൻ:-   "ഇനി ഒറ്റ വഴിയേ ഉള്ളൂ.. ഒരു അറ്റകൈ പ്രയോഗം."

(പോക്കറ്റിൽ നിന്ന് ഒരു ലിസ്റ്റെടുത്ത് ബാധയെ കാണിയ്ക്കുന്നു. ലിസ്റ്റ് നോക്കിയാ ബാധ ഒരു നിലവിളിയോടെ ബോധംകെട്ട് വീഴുന്നു.)

രാജാവ്:-   "മാന്ത്രികരെ, നിങ്ങൾ സമർത്ഥൻ തന്നെ. എങ്ങനെയാണ് ഈ ബാധയെ ഒഴിപ്പിച്ചത്?"

മാന്ത്രികൻ:-  "വെരി വെരി സിമ്പിൾ, മഹാരാജാവേ.. ഞാനവനെ ഈ ലിസ്റ്റെടുത്തു കാണിച്ചു.
രാജാവ്:- ഏതു ലിസ്റ്റ്?

മാന്ത്രികന്‍:- നമ്മുടെ സരിതെന്റെ ലിസ്റ്റ്! ഈ ലിസ്റ്റിൽ പേരു ചേർക്കുമെന്ന് പറഞ്ഞാൽ ഏതു ഒഴിയാ ബാധയും ഓടിയൊളിയ്ക്കും."

(രാജാവ് മാന്ത്രികനെ കെട്ടിപ്പിടിയ്ക്കുന്നു. രംഗം ഇരുളുന്നു.)

================

അശരീരി: "ചാണ്ടി തമ്പുരാനെ ബാധിച്ച ബാധ ഒഴിഞ്ഞു പോയി. പക്ഷെ ആ രാജ്യത്തെ ജനങ്ങളെ ബാധിച്ച ബാധ ഇനിയെന്നാണ് ഒഴിയുക?


Comments

Popular posts from this blog

ഗോഡ്‌സെയും, നിർമ്മൽ ചാറ്റർജിയും ഗാന്ധിവധവും - ഒരു സംഘി നുണക്കഥ !

ശംബുകൻ

മതവിശ്വാസവും വര്‍ഗ്ഗീയവാദവും - പൊതുചര്‍ച്ച