മാനവികത രാഷ്ട്രീയത്തിൽ...



ഒരു നല്ല മനുഷ്യനാകാൻ ഏറ്റവും അത്യാവശ്യമായത് വിദ്യാഭ്യാസമല്ല, മനുഷ്യത്വമാണ്. മനുഷ്യത്വത്തെ വിശാലമായ അർത്ഥത്തിൽ മാനവികത എന്ന് വിളിയ്ക്കാംമാനവികത എന്ന ഗുണത്തിന്റെ ഏറ്റവും വലിയ ലക്ഷണങ്ങളാണ് സ്നേഹം, ദയ, സാമൂഹികബോധം എന്നിവ.

"നിങ്ങൾ പറയുന്നതിനെ ഞാൻ ഒരിയ്ക്കലും അംഗീകരിയ്ക്കുന്നില്ല. പക്ഷെ, അത് പറയാനുള്ള നിങ്ങളുടെ അവകാശം സംരക്ഷിയ്ക്കാൻ ഞാൻ മരണം വരെ പോരാടും." 
ജനാധിപത്യത്തിലെ അഭിപ്രായസ്വാതന്ത്ര്യത്തെ ഇംഗ്ലീഷ് എഴുത്തുകാരിയായ എവെല്യ്ൻ  ബിയാട്രിസ് ഹാൾ  നിർവചിച്ചത് ഇങ്ങനെയാണ്.

മറ്റുള്ളവർ എന്ത് തിന്നണമെന്നും, എന്ത് വസ്ത്രം ധരിയ്ക്കണമെന്നും, എന്ത് അഭിപ്രായം പറയണമെന്നും, സ്വന്തം രാജ്യസ്നേഹം എങ്ങനെ തെളിയിയ്ക്കണമെന്നും ഒക്കെ തങ്ങൾ തീരുമാനിയ്ക്കും എന്ന് ഉദ്ഘോഷിയ്ക്കുന്ന മതഭ്രാന്തന്മാരും, അവരെ നിയന്ത്രിയ്ക്കുന്ന രാഷ്ട്രീയ അധികാരമോഹികളും നിരന്തരമായി സംഘർഷം സൃഷ്ടിയ്ക്കുന്ന ഒരു വർത്തമാന ഇന്ത്യൻ രാഷ്ട്രീയത്തിൽ, നഷ്ടമാകുന്നതും മാനവികതയാണ്.

തങ്ങളുടെ  രാഷ്ട്രീയത്തിൽ വിശ്വസിയ്ക്കാത്തവരും, പിന്തുണയ്ക്കാത്തവരും രാഷ്ട്രീയ ശത്രുക്കൾ മാത്രമല്ലരാജ്യദ്രോഹികളും കൂടിയാണ് എന്ന് വിലയിരുത്തുന്ന അധികാരമനോഭാവം ഫാസിസത്തിന്റെ പ്രധാന ലക്ഷണമാണ്. നമ്മുടെ ഇന്ത്യൻ രാഷ്ട്രീയത്തിൽ അത്തരം അസഹിഷ്ണുത നിറഞ്ഞ അധികാരഫാസിസം കടന്നു കയറുന്ന കാഴ്ച നാം കാണുന്നു.

പരസ്പരബഹുമാനം ഏതു രാഷ്ട്രീയക്കാരനും, സാമൂഹിക പ്രവർത്തകനും ഒന്നാമതായി വേണ്ട ഗുണമാണ്. സാമൂഹിക ബോധത്തിൽ അധിഷ്ടിതമായ സ്നേഹവും, കരുണയും നിറഞ്ഞ മനസ്സുകൾ ഉണ്ടാവേണ്ടത് രാഷ്ട്രീയത്തിൽ  മാനവികത ഉണ്ടാകാൻ അത്യാവശ്യമാണ്.

സ്വാതന്ത്ര്യസമരഭൂമിയിൽ  അഹിംസയുടെ പ്രവാചകനായ മഹാത്മാഗാന്ധി പിന്തുടർന്ന് വിജയിച്ചതും, കേരളം പോലൊരു സംസ്ഥാനത്ത് കമ്മ്യുണിസ്റ്റ് ആശയങ്ങൾ വളർന്നതും ഒക്കെ  മാനവികത നിറഞ്ഞ രാഷ്ട്രീയം കൊണ്ടാണ്.

പലപ്പോഴും രാഷ്ട്രീയത്തിന് മാനവികത നഷ്ടമാകുന്നത് അതിൽ മതം, ജാതിചിന്ത, അധികാരമോഹം മുതലായ മൂലം ഉണ്ടാകുന്ന ജീർണ്ണ ചിന്തകൾ കടന്നു കയറുമ്പോഴാണ്. എന്ത് വൃത്തികേട്കാട്ടിയും അധികാരം നേടാൻ ശ്രമിയ്ക്കുന്ന രാഷ്ട്രീയ കിടമത്സരങ്ങൾ ഒടുവിൽ രാഷ്ട്രീയ കൊലപാതകങ്ങളിലേയ്ക്കും, വർഗീയ കലാപങ്ങളിലേയ്ക്കും സമൂഹത്തെ നയിയ്ക്കുന്നു.

കൊല്ലത്ത് പൂറ്റിങ്ങൾ ക്ഷേത്രത്തിൽ അപകടം ഉണ്ടായപ്പോൾ ഓടികൂടി രക്ഷാപ്രവർത്തനം നടത്തുന്നവരിൽ വിവിധ മതവിശ്വാസവും, രാഷ്ട്രീയ വിശ്വാസവും പുലർത്തുന്നവർ ഉണ്ടായിരുന്നു. പക്ഷെ അപ്പോൾ ആരുടെ  മനസ്സിലും അത്തരം തോന്നലുകൾ ഉണ്ടായിരുന്നില്ല. പലപ്പോഴും നമ്മുടെ മാനവികത ഉണരാൻ വലിയ ദുരന്തങ്ങൾ വേണ്ടിവരുന്നു എന്നത് ഒരു ദുരവസ്ഥയാണ്

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യം എന്ന തലക്കെട്ട്‌ ഒക്കെയുണ്ടെങ്കിലും നമ്മുടെ രാഷ്ട്രീയം ഇന്നും പക്വത എത്തിയിട്ടില്ല. രാഷ്ട്രീയത്തിലെ  മാനവികത മനുഷ്യരിൽ മാത്രം ഒതുങ്ങാതെ കൂടുതൽ വിശാലമായ തലങ്ങളിലെയ്ക്കും വളരേണ്ടി ഇരിയ്ക്കുന്നു. പ്രകൃതിസ്നേഹം, ശാസ്ത്ര ബോധം, മറ്റു മൃഗങ്ങളോടുള്ള ദയ എന്നിവയും രാഷ്ട്രീയത്തിൽ വരണം. ഏറെ വികസിച്ച രാജ്യങ്ങളിൽ  "ഹരിത രാഷ്ട്രീയം" ("ഗ്രീൻ പോളിടിക്സ്") വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. നിലവാരത്തിലേയ്ക്ക് നമ്മുടെ രാഷ്ട്രീയം വളർന്നിട്ടില്ല.

അഴിമതി, സ്വജനപക്ഷപാതം, അധികാര ദുർവിനയോഗം എന്നിവയൊക്കെ കാരണം രാഷ്ട്രീയം എന്നത് പലപ്പോഴും നമുക്ക് ഒരു അശ്ലീലപദമാകുന്നതും അത് കൊണ്ട് തന്നെയാണ്പക്ഷെ, നാം കൂടി രാഷ്ട്രീയത്തിന്റെ ഭാഗമാണ് എന്ന് നാം തിരിച്ചറിയുന്നില്ല. സ്വന്തം കാര്യം നടക്കാൻ സർക്കാർ ഉദ്യോഗസ്ഥന് കൈകൂലി കൊടുക്കാൻ മടിയില്ലാത്ത  മദ്ധ്യവർഗ്ഗ ഇന്ത്യാക്കാരന് സ്വന്തം ഭരണാധികാരികൾ നടത്തുന്ന അഴിമതിയെ വിമർശിയ്ക്കാൻ ധാർമികമായ എന്ത് അവകാശം? എല്ലാ സമൂഹത്തിനും അവർക്ക് അർഹതപ്പെട്ട ഭരണാധികാരികളെ മാത്രമേ കിട്ടുകയുള്ളൂ എന്നൊരു ചൊല്ലുണ്ട്. "സ്വന്തം കാര്യം സിന്ദാബാദ്" എന്ന മന്ത്രം ജപിച്ചു നടക്കുന്ന സ്വാർഥത നിറഞ്ഞ മനുഷ്യർ നിറഞ്ഞ സമൂഹത്തിൽ നിന്നും മാനവികത നിറഞ്ഞ ഒരു രാഷ്ട്രീയം ഉണ്ടാകില്ല.


പുലരേണ്ടത് പുതിയൊരു രാഷ്ട്രീയ മാനവികതയാണ്. ആശയങ്ങൾ തമ്മിൽ ആരോഗ്യകരമായി പോരാടുന്ന രാഷ്ട്രീയം. അധികാര മോഹങ്ങൾക്കും മേലെ സാമൂഹ്യഐക്യവും, മനുഷ്യത്വവും, ധാർമികതയ്ക്കും വില കൽപ്പിയ്ക്കുന്ന രാഷ്ട്രീയം. അനീതി കണ്ടാൽ ഉടനെ പ്രതികരിയ്ക്കുന്ന രാഷ്ട്രീയം. നിയമവ്യവസ്ഥയെ ബഹുമാനിയ്ക്കുകയും, പിന്തുടരുകയും ചെയ്യുന്ന രാഷ്ട്രീയം. അത്തരം രാഷ്ട്രീയത്തിൽ മാത്രമേ മാനവികത പുലരുകയുള്ളൂ.

അതിനായി ആദ്യം വേണ്ടത് നാം സ്വയം നന്നാകുക എന്നത് തന്നെയാണ്. കാരണം നല്ല ഒരു സമൂഹത്തിനു മാത്രമേ നല്ല ഒരു രാഷ്ട്രീയം സൃഷ്ടിയ്ക്കാനാകൂ. രാഷ്ട്രീയം ഒരു സാമൂഹിക സേവനവും, ഉത്തരവാദിത്വവുമാണ് എന്ന് തിരിച്ചറിയണം. ജാതി, മത, സാമ്പത്തിക, വർഗീയ ചിന്തകളുടെ കറ മനസ്സിൽ നിന്നും മായ്ക്കുക. വർഗീയതയുടെയും, വെറുപ്പിന്റെയും, അക്രമത്തിന്റെയും, പരസ്പരവിദ്വേഷത്തിന്റെയും രാഷ്ട്രീയം പ്രചരിപ്പിയ്ക്കുന്നവരെ ഒറ്റപ്പെടുത്തുക.



Comments

Popular posts from this blog

ഗോഡ്‌സെയും, നിർമ്മൽ ചാറ്റർജിയും ഗാന്ധിവധവും - ഒരു സംഘി നുണക്കഥ !

ശംബുകൻ

മതവിശ്വാസവും വര്‍ഗ്ഗീയവാദവും - പൊതുചര്‍ച്ച