പോലീസ് കസ്റ്റഡി മരണം - രോഗമാണ് ചികിത്സിയ്ക്കേണ്ടത്, രോഗലക്ഷണത്തെ അല്ല.




പോലീസ് കസ്റ്റഡി മരണം വീണ്ടും ചർച്ചാവിഷയമായിരിയ്ക്കുന്നു.
ഓരോ കസ്റ്റഡി മരണവും ഒരു രാഷ്ട്രീയ വിഷയമായി മാറുകയും, കുറെ പ്രതിഷേധങ്ങളും, ചില അന്വേഷണങ്ങളും, അതിലും ചെറിയ നടപടികളും നടന്ന്, ഒടുവിൽ പൊതുസമൂഹത്തിന്റെ മറവിയിലെ ഒരു കോണിൽ ഒതുക്കപ്പെടുകയും ചെയ്യുന്നു.
അടുത്ത കസ്റ്റഡി മരണം വരെ...
പിന്നെയും ഈ ചക്രം ആവർത്തിയ്ക്കും.
എല്ലാ കസ്റ്റഡി മരണങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും പരിഷ്കൃതസമൂഹത്തിന് അപമാനവുമാണ്. ഒരിയ്ക്കലും നടക്കാൻ പാടില്ലാത്ത കുറ്റകൃത്യവുമാണത്.
പക്ഷെ ഇക്കാര്യത്തിൽ ആഭ്യന്തര മന്ത്രിയെയോ ഡി.ജി.പിയെയോ ഒക്കെ വിമർശിയ്ക്കുന്നത് വിഷയത്തിന്റെ യാഥാർഥ്യങ്ങളിൽ നിന്നുള്ള ഒളിച്ചോടൽ മാത്രമേ ആകുന്നുളളൂ.
ഇവരൊക്കെ മാറി പുതിയ ആൾക്കാർ വന്നാലും കസ്റ്റഡി മരണങ്ങൾ ആവർത്തിയ്ക്കാം.
കാരണം ആത്യന്തികമായി രാഷ്ട്രീയനേതൃത്വവും, ഭരണവും എത്ര മാറിയാലും നമ്മുടെ പോലീസ് കാലോചിതമായി മാറുന്നില്ല എന്ന സത്യം നിലനിൽക്കുന്നു.
"The barbarous custom of having men beaten who are suspected of having important secrets to reveal must be abolished. It has always been recognized that this way of interrogating men, by putting them to torture, produces nothing worthwhile. The poor wretches say anything that comes into their mind and what they think the interrogator wishes to know."
പോലീസ് ചോദ്യം ചെയ്യലിൽ ഉപയോഗിയ്ക്കപ്പെടുന്ന മൂന്നാം മുറ എന്ന ഓമനപ്പേരുള്ള മർദ്ദനമുറകളുടെ അർത്ഥശൂന്യതയെപ്പറ്റി ഫ്രഞ്ച് ഭരണാധികാരിയായിരുന്ന മഹാനായ നെപ്പോളിയൻ 1798 ൽ പറഞ്ഞ വാക്കുകളാണിത്.
അമേരിക്ക, ഇംഗ്ലണ്ട് മുതലായ വികസിത രാജ്യങ്ങളിലൊക്കെ പോലീസ് അറസ്റ്റ്, ചോദ്യം ചെയ്യൽ, കുറ്റം തെളിയിയ്ക്കൽ എന്നിവയൊക്കെ ഏറെ ആധുനികവൽക്കരിയ്ക്കപ്പെടുകയും, മനുഷ്യാവകാശങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന രീതിയിൽ മാറ്റപ്പെടുകയും ചെയ്തിട്ടുണ്ട്.
"You have the right to remain silent. Anything you say can and will be used against you in a court of law. You have the right to have an attorney. If you cannot afford one, one will be appointed to you by the court. With these rights in mind, are you still willing to talk with me about the charges against you?" എന്ന മിറാൻഡ റൈറ്റ്സ് (Miranda rights) വാചകങ്ങൾ കുറ്റാരോപിതരെ അറിയിച്ചിട്ടാണ് അവിടങ്ങളിൽ അറസ്റ്റ്, ചോദ്യം ചെയ്യൽ എന്നിവ നടക്കാറുള്ളൂ.
ചോദ്യം ചെയ്യൽ എന്നത് തന്നെ ഇന്ററോഗേഷന് (Interrogation) എന്നതിൽ നിന്നും ഇന്റർവ്യൂ (Interview) എന്ന നിലയിലേയ്ക്ക് മാറിയിട്ടുണ്ട്. വളരെ ശാസ്ത്രീയമായതും മനഃശാസ്ത്രപരമായതും ആയ രീതികൾ അവലംബിച്ച്, കുറ്റവാളികളെ ചോദ്യം ചെയ്ത് സത്യം പുറത്തു കൊണ്ടുവരാൻ അവർക്ക് കഴിയുന്നുണ്ട്.
എന്നാൽ നമ്മുടെ പോലീസ് ഇപ്പോഴും പഴയ ബ്രിട്ടീഷ് രാജിന്റെയും, നാടുവാഴി ഭരണത്തിന്റെയും ഫലമായി കിട്ടിയ ഇടിയൻ പോലീസ് മെത്തഡോളജിയിൽ കുടുങ്ങി കിടക്കുകയാണ്.
ഒരാളെ അറസ്റ്റ് ചെയ്യുന്നതിന് പാലിയ്ക്കേണ്ട നിബന്ധനകൾ, സുപ്രീം കോടതി മാർഗ്ഗനിർദ്ദേശങ്ങൾ അടക്കം, വ്യക്തമായി ലിഖിതരൂപത്തിൽ ഉണ്ടെങ്കിലും, അതൊന്നും പോലീസ് പാലിയ്ക്കാറില്ല.
പ്രതികളെ ക്രൂരമായി മർദ്ദിയ്ക്കുന്ന ആക്ഷൻ ഹീറോ ബിജുമാരാണ് ഇപ്പോഴും കേരള പോലീസിന്റെ വഴികാട്ടി.
പോലീസിനുള്ളിൽത്തന്നെ കാക്കിക്കുപ്പായം എന്തും ചെയ്യാനുള്ള ലൈസൻസ് ആണെന്ന മനോഭാവമുള്ള ക്രിമിനൽ വാസനയുള്ളവർ കൂടി വരുന്നത് ആശങ്കാജനകമാണ്.
മാറുന്ന കാലത്തിനനുസരിച്ചുള്ള പാഠ്യപദ്ധതികളോ, ട്രെയിനിങ്ങോ പോലീസ് അക്കാദമികളിൽ നടക്കുന്നില്ല. പലപ്പോഴും രാഷ്ട്രീയ വിഭാഗീയതകൾ പോലീസുകാർക്കിടയിലും പടരുന്നു.
ഭരണവർഗ്ഗത്തിന് പ്രിയമുള്ളവർ നേട്ടങ്ങൾ ഉണ്ടാക്കുകയും, അതില്ലാത്ത മിടുക്കന്മാരും സത്യസന്ധരും തഴയപ്പെടുകയും ചെയ്യുന്നു. പോലീസുകാർ നടത്തുന്ന കുറ്റകൃത്യങ്ങളിൽ ശരിയായ അന്വേഷണം നടക്കുകയോ, കുറ്റവാളികൾ അർഹമായ രീതിയിൽ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നില്ല.
പോലീസുകാരുടെ ജോലി എന്നത് മറ്റേതൊരു ജോലിയെക്കാളും മാനസികസംഘർഷം ഉണ്ടാക്കുന്നതാണ്. കൃത്യമായ ജോലിസമയക്രമം അവർക്ക് ഉണ്ടാകാറില്ല. മണിക്കൂറുകൾ നീളുന്ന ഡ്യൂട്ടി സമയവും, വിശ്രമമില്ലാത്ത അവസ്ഥയും, രാഷ്ട്രീയ-കുടുംബ സമ്മർദ്ദങ്ങളും ഒക്കെ കാരണം അവർ അനുഭവിയ്ക്കുന്ന സംഘർഷങ്ങൾ, പലപ്പോഴും പ്രതികളുടെ മേൽ മർദ്ദനമായി പതിയുന്നു എന്നതും ഒരു യാഥാർഥ്യമാണ്.
ചുരുക്കിപറഞ്ഞാൽ ഏതു ഭരണകൂടം വന്നാലും, കസ്റ്റഡി മരണങ്ങൾ ആവർത്തിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.
പിന്നെ എന്താണ് ചെയ്യേണ്ടത്?
പോലീസ് നിയമനത്തിലെ യോഗ്യതകൾ വർദ്ധിപ്പിയ്ക്കുക, പോലീസിൽ എടുക്കുന്നവരുടെ ക്രിമിനൽ പശ്ചാത്തലം അന്വേഷിച്ച് അത്തരക്കാരെ ഒഴിവാക്കുക, പോലീസിനെ നിയമബോധവൽക്കരണത്തിലൂടെയും, മനുഷ്യാവകാശബോധത്തിലൂടെയും ആധുനികവൽക്കരിച്ച് പ്രൊഫെഷണൽ സേനയാക്കി മാറ്റുക, ക്രിമിനൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ പിരിച്ചു വിടുക, പോലീസ് സേനയ്ക്ക് മേലുള്ള രാഷ്ട്രീയ അതിപ്രസരം ഇല്ലാതാക്കുക, ആധുനിക കുറ്റാന്വേഷണ രീതികൾ നടപ്പിലാക്കുക, കുറ്റാന്വേഷണം റെഗുലർ ഡ്യൂട്ടിയിൽ നിന്നും വിഭജിച്ച് പ്രത്യേക വിഭാഗത്തിന് കീഴിലാക്കുക, പോലീസുകാരുടെ ഡ്യൂട്ടി സമയവും ഉത്തരവാദിത്വങ്ങളും മറ്റേതൊരു ജോലിയെയും പോലെ റെഗുലറൈസ് ചെയ്ത് അവരുടെ മാനസിക സമ്മർദ്ദം കുറയ്ക്കുക, യോഗ അടക്കമുള്ള വ്യായാമരീതികൾ ദിവസക്രമത്തിൽ ഉൾപ്പെടുത്തുക തുടങ്ങിയ ഒരുപാട് നടപടികൾ ചെയ്യേണ്ടതുണ്ട്.
വാൽകഷ്ണം:
മുൻപ് കേരളത്തിന്റെ അഭിമാനമായിരുന്നു കേരളപോലീസ് എന്ന ഫുട്ബാൾ ടീം. സ്പോർട്സിന് പോലീസിൽ കിട്ടിയിരുന്ന മുന്ഗണനയ്ക്ക് ഒരു ഉദാഹരണമായിരുന്ന ആ ടീം പിന്നീട് ഇല്ലാതായി. കേരളപോലീസിന്റെ ആ കായികപാരമ്പര്യം തിരിച്ചു പിടിയ്ക്കാൻ എന്ത് കൊണ്ട് ശ്രമിച്ചു കൂട!

Comments

Popular posts from this blog

ഗോഡ്‌സെയും, നിർമ്മൽ ചാറ്റർജിയും ഗാന്ധിവധവും - ഒരു സംഘി നുണക്കഥ !

ശംബുകൻ

മതവിശ്വാസവും വര്‍ഗ്ഗീയവാദവും - പൊതുചര്‍ച്ച