ഇന്ത്യയിലെ റേഷൻ സമ്പ്രദായവും, കേരളവും, സംഘികളും


 


"യുദ്ധകാലത്തെ പട്ടിണി മാറ്റാനായി നടപ്പാക്കിയതാണ് റേഷന് സമ്പ്രദായം.. വളരെ അനാവശ്യമായ സാമ്പത്തിക ബാധ്യത ആണിത്.. അതൊക്കെ നിര്ത്തലാക്കേണ്ട കാലം കഴിഞ്ഞു. കേരളത്തിലാണ് ഇപ്പോഴും ഇതൊക്കെ ഇങ്ങനെ നടക്കുന്നത്. മറ്റു സംസ്‌ഥാനങ്ങളിലൊന്നും ഈ സമ്പ്രദായമില്ല. റേഷന് നിര്ത്തലാക്കി പകരം സാധാരണ കര്ഷകര്ക്കു സബ്‌സിഡി നല്കി കാര്ഷികോല്പ്പാദനം വര്ധിപ്പിക്കുകയാണു വേണ്ടത്. റേഷന് അരിയും മറ്റും കരിഞ്ചന്തയില് വിറ്റു ലാഭം കൊയ്യുന്നവരാണു ഇന്നും ഈ സമ്പ്രദായത്തെ പ്രോത്സാഹിപ്പിക്കുന്നത്."


പാവപ്പെട്ട ജനങ്ങൾക്ക് മിതമായ വിലയിൽ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെ കേരളം വിജയകരമായി നടപ്പാക്കിയ വന്നിരുന്ന റേഷൻ സമ്പ്രദായത്തെ പാടെ നിർത്തലാക്കണമെന്ന് മുകളിൽ പറയുന്ന വിധത്തിൽ പരസ്യമായി ആവശ്യം ഉന്നയിച്ചത് കേരള നിയമസഭയിലെ ഒരു പ്രതിപക്ഷ എം.എൽ.എ ആയിരുന്നു.

പേര് ഒ .രാജഗോപാൽ.

2016 ൽ മംഗളം ദിനപത്രത്തിൽ നൽകിയ അഭിമുഖത്തിലാണ് കേരളത്തിലെ ബിജെപിയുടെ ഏക എം.എൽ.എ പരസ്യമായി ഇങ്ങനെ അഭിപ്രായപ്പെട്ടത്. മോഡി സർക്കാർ റേഷൻ ഉപഭോക്താക്കളുടെ എണ്ണവും, റേഷൻ വിഹിതവും വെട്ടിക്കുറച്ചത് വിവാദമായി കേരളത്തിൽ ഉയർന്ന സമയത്താണ് രാജഗോപാൽ ഇമ്മാതിരി ന്യായീകരണവുമായി വന്നത്.

ഇത് ഒ രാജഗോപാലിന്റെ വ്യക്തിപരമായ അഭിപ്രായം ഒന്നുമല്ല. ചരിത്രം പരിശോധിച്ചാൽ എ.ബി.വാജ്‌പേയി സർക്കാരിന്റെ കാലം മുതലേ ബിജെപി സ്വീകരിച്ചു വരുന്ന ഒരു നയമാണ് അദ്ദേഹം തുറന്നു പറഞ്ഞത് എന്ന് മനസ്സിലാക്കാം.

ഇന്ത്യയിലെ റേഷൻ സമ്പ്രദായം കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സംയുക്തമായ ചുമതലയാണ്. ഭക്ഷ്യധാന്യങ്ങൾ ഉള്ള സംസ്ഥാനങ്ങളിൽ നിന്നും അവ സംഭരിച്ചു കേന്ദ്രം സംസ്ഥാനങ്ങൾക്ക് എത്തിച്ചു കൊടുക്കുമ്പോൾ, അവയുടെ ഉപഭോക്താക്കളെ കണ്ടെത്തി കാര്യക്ഷമമായി വിതരണം ചെയ്യുക എന്നത് സംസ്ഥാന സർക്കാരുകളുടെ ഉത്തരവാദിത്വമാണ്. ഓരോ സംസ്ഥാനത്തിനും കേന്ദ്രം നൽകുന്ന റേഷൻ വിഹിതവും വ്യത്യസ്തമാണ്.

ഇന്ത്യയിൽ മൊത്തമുള്ള സംസ്ഥാനങ്ങൾ എടുത്താലും, ഏറ്റവുമധികം നന്നായി റേഷൻ സമ്പ്രദായം നടപ്പാക്കിയ സംസ്ഥാനം എന്ന പെരുമ കേരളത്തിനാണ് വർഷങ്ങളായി ഉള്ളത്. കേരളത്തിലെ സർക്കാരുകൾ, പ്രത്യേകിച്ചും ഇടതുപക്ഷ സർക്കാരുകൾ പൊതുവിതരണ സമ്പ്രദായത്തെ വളരെ ശ്രദ്ധയോടും കാര്യക്ഷമമായും നടപ്പിലാക്കിയിട്ടുണ്ട്. നായനാർ മന്ത്രിസഭയുടെ കാലത്ത് ഭക്ഷ്യവകുപ്പ് മന്ത്രിയായിരുന്ന സിപിഐ നേതാവ് ഇ. ചന്ദ്രശേഖരൻ നായരുടെ കാലത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് സിവിൽ സപ്ലൈസ് വകുപ്പിൽ ഉണ്ടാക്കിയത്. കേന്ദ്രം നൽകുന്ന ഭക്ഷ്യധാന്യങ്ങൾക്ക് പുറമെ കേരളത്തിനകത്തും പുറത്തും നിന്നുള്ള മാർക്കറ്റുകളിൽ നിന്നും സംസ്ഥാനസർക്കാർ തന്നെ ഭക്ഷ്യധാന്യങ്ങൾ സംഭരിച്ചു, സബ്‌സിഡി നിരക്കിൽ വിതരണം ചെയ്യുന്ന സമ്പ്രദായം കൊണ്ടുവന്നതോടെ, കൂടുതൽ ആളുകളിൽ റേഷൻ സമ്പ്രദായത്തിന്റെ ഗുണഫലങ്ങൾ എത്തിയ്ക്കാൻ കേരളത്തിന് കഴിഞ്ഞു. മാവേലിസ്റ്റോറുകൾ രൂപപ്പെട്ടതും, സർക്കാരിന് തന്നെ പരോക്ഷമായി പൊതുവിപണിയിലെ വില പിടിച്ചു നിർത്താൻ കഴിയുന്ന വിധത്തിൽ പൊതുവിതരണ സമ്പ്രദായം ശക്തിപ്പെട്ടതും ആ കാലഘട്ടം മുതലാണ്. അക്കാലത്തു കേരളത്തിലെ 95% ജനങ്ങൾക്കും പൊതുവിതരണസമ്പ്രദായത്തിന്റെ ഗുണം കിട്ടിയിരുന്നു.

കേരളത്തിലെ റേഷൻ സമ്പ്രദായം കനത്ത തിരിച്ചടി ആദ്യമായി നേരിട്ടത് എ.ബി.വാജ്‌പേയ് പ്രധാനമന്ത്രികസേരയിൽ എത്തിയ കാലം മുതലാണ്. നരസിംഹറാവു സർക്കാർ തുടങ്ങിവച്ച ആഗോളവൽക്കരണത്തിന്റെ കരാറുകൾ കൂടുതൽ വാശിയോടെ നടപ്പാക്കിയ ആ സർക്കാർ, പൊതുമേഖലസ്ഥാപനങ്ങൾ സ്വകാര്യവൽക്കരിയ്ക്കുക എന്നതിനോടൊപ്പം തന്നെ സബ്‌സിഡികൾ വെട്ടിക്കുറയ്ക്കുക എന്നത് ഒരു ഭരണപരമായ നയമായിത്തന്നെ സ്വീകരിച്ചിരുന്നു. അതിന്റെ ഫലമായി റേഷൻ സബ്‌സിഡികൾ വെട്ടിക്കുറയ്ക്കാൻ തുടങ്ങി. അതോടെ റേഷൻ കടകളിൽ ലഭിയ്ക്കുന്ന ഭക്ഷ്യധാന്യങ്ങളുടെ വിലയും ഉയരാൻ തുടങ്ങുകയും, ഇന്ത്യയിലെ പൊതുവിതരണരംഗം സാധാരണക്കാരന് ഗുണകരമല്ലാത്ത അവസ്ഥയിൽ എത്തിച്ചേരുകയും ചെയ്തു.

മറ്റു സംസ്ഥാനങ്ങളിലെ റേഷൻ സമ്പ്രദായം താറുമാറായപ്പോൾ, കേരളത്തിലെ റേഷൻ സമ്പ്രദായം ഒരു പരിധി വരെ പിടിച്ചു നിന്നത് കേരളസർക്കാർ സ്വീകരിച്ച നയങ്ങൾ മൂലമായിരുന്നു. പലപ്പോഴും റേഷൻ വിഹിതം കിട്ടാൻ വേണ്ടി കേന്ദ്രസർക്കാരുമായി പരസ്യമായി ഏറ്റുമുട്ടാനും, വി എസ് മന്ത്രിസഭയുടെ കാലത്ത് ഡൽഹിയിൽ പോയി സമരം ചെയ്യേണ്ട അവസ്ഥ വരെ വന്നിട്ടുണ്ട്.

പിന്നീടാണ് 2013 ൽ രണ്ടാം മൻമോഹൻ മന്ത്രിസഭയുടെ അവസാനകാലത്ത് ഭക്ഷ്യസുരക്ഷാ നിയമം പാസ്സാക്കിയത്. റേഷൻ കടകൾ വഴി അർഹതപ്പെട്ട ഓരോ കാർഡ് ഉടമയ്ക്കും 5 കിലോ ഭക്ഷ്യധാന്യം കുറഞ്ഞ തുകയ്ക്ക് നൽകുന്ന നിയമമാണ് ഇത്.
ദാരിദ്ര്യ രേഖക്ക് താഴെയുള്ളവരെ മുന്ഗണനാ വിഭാഗമെന്നും, പൊതുവിഭാഗമെന്നും രണ്ടാക്കി തിരിച്ചു മുന്ഗണനാ വിഭാഗത്തിന് കിലോക്ക് മൂന്ന് രൂപ നിരക്കില് അരിയും, രണ്ട് രൂപക്ക് ഗോതമ്പും, ഒരു രൂപക്ക് മറ്റു ധാന്യങ്ങളുമായി, മാസത്തില് അഞ്ച് കിലോ ഭക്ഷ്യ ധാന്യങ്ങളും, പൊതു വിഭാഗത്തിന് താങ്ങു വിലയുടെ പകുതി നിരക്കില് മൂന്ന് കിലോ ധാന്യങ്ങളുമാണ് ഈ നിയമം വാഗ്ദാനം ചെയ്യുന്നത്.

എന്നാൽ ഇതിനുവേണ്ട ഉപഭോക്താക്കളെ തെരഞ്ഞെടുക്കാനുള്ള സാമ്പത്തിക മാനദണ്ഡങ്ങൾ പുതുക്കിയപ്പോൾ, കേരളത്തിലടക്കം ലക്ഷക്കണക്കിന് റേഷൻ ഉപഭോക്താക്കൾ പദ്ധതിയുടെ വെളിയിലായി. മഞ്ഞക്കാർഡും വെള്ളക്കാർഡും ഉള്ളവർക്കായി കേന്ദ്രസഹായം പരിമിതപ്പെട്ടു.

അതിനെ മറികടക്കാൻ, കേരളസർക്കാർ കേന്ദ്രമാനദണ്ഡങ്ങൾ അനുസരിച്ചു റേഷൻ കിട്ടാത്തവർക്ക് വേണ്ടി പ്രത്യേക നീല റേഷൻകാർഡ് ഏർപ്പെടുത്തി, സബ്‌സിഡി നൽകി ഭക്ഷ്യധാന്യങ്ങൾ നൽകിത്തുടങ്ങി. അങ്ങനെ അവരും റേഷൻ സമ്പ്രദായത്തിൽ തുടർന്നു.

ഇപ്പോൾ ഇതൊക്കെ എഴുതാൻ കാരണം, കേരളത്തിലെ ജനങ്ങൾക്ക് റേഷൻ കിട്ടുന്നത് പ്രധാനമന്ത്രിയുടെ ദയവ് കൊണ്ടാണ് എന്നൊക്കെയുള്ള "തള്ളു സാഹിത്യം", സോഷ്യൽ മീഡിയയിൽ സംഘി രചയിതാക്കൾ പ്രചരിപ്പിയ്ക്കുന്നത് കൊണ്ടാണ്.

ഇന്ത്യയിൽ 2001 മുതൽ നിലവിലുള്ള അന്ത്യോദയ അന്ന യോജന പദ്ധതിയെ, പ്രധാനമന്ത്രി അന്ത്യോദയ അന്ന യോജന (PMAAY) എന്ന് പേര് മാറ്റി തുടർന്ന് പോരുന്നു എന്നല്ലാതെ, പ്രത്യേകിച്ചൊന്നും മോഡി സർക്കാർ ചെയ്തിട്ടില്ല. ആ പദ്ധതിപ്രകാരമുള്ള ഭക്ഷ്യധാന്യങ്ങളും, റേഷൻ കടകൾ വഴിയാണ് വിതരണം ചെയ്യുന്നത് എന്ന് മാത്രം. കേരളത്തിൽ കൊറോണക്കാലത്ത് കേരളഭക്ഷ്യവകുപ്പ് എല്ലാവർക്കും റേഷൻ നൽകിയതും, സൗജന്യ ഭക്ഷ്യധാന്യകിറ്റുകൾ നൽകിയതും ആ പദ്ധതിയുമായി ബന്ധമില്ല. കോവിഡ് കാലത്ത് റേഷൻ കാർഡ് ഇല്ലാത്ത കുടുംബങ്ങൾക്കും, ഒരു സത്യവാങ്മൂലം എഴുതിവാങ്ങി, റേഷൻ വിതരണം ചെയ്യാൻ അനുമതി നൽകിയ സർക്കാരാണ് കേരളത്തിലേത്. അവയൊക്കെ സംസ്ഥാന സർക്കാർ നൽകുന്ന സബ്സിഡികൾ ആണ്.

പൊതുജനങ്ങളുടെ നികുതിപ്പണം തന്നെയാണ് കേന്ദ്ര സർക്കാരായാലും, കേരളസർക്കാർ ആയാലും ഇത്തരത്തിലുള്ള പദ്ധതികൾക്ക് ഉപയോഗിയ്ക്കുന്നത് എന്നതിൽ തർക്കമില്ല. എന്നാൽ ആ പണം സാധാരണക്കാർക്ക് ഭക്ഷ്യ സബ്സിഡി ആയി നൽകാനോ, അതോ അംബാനിയും, അദാനിയും പോലുള്ള മുതലാളിമാർക്ക് വായ്പ ഇളവായി നൽകണമോ എന്നതൊക്കെ ഭരിയ്ക്കുന്ന സർക്കാരുകളുടെ നയത്തിന് അനുസൃതമായിരിയ്ക്കും.

ഇടതുപക്ഷമുന്നണി സർക്കാരിന്റെ നയം സാമൂഹ്യസുരക്ഷയ്ക്കും, ഭക്ഷ്യ, വിദ്യാഭ്യാസ, ആരോഗ്യ, കൃഷി, വ്യവസായ മേഖലകളിലും നികുതിപ്പണം കൂടുതൽ ചിലവഴിക്കുക എന്നതാണ്. അത് തന്നെയാണ് കേരളം കഴിഞ്ഞ നാലര വർഷം കണ്ടതും.

എല്ലാം സ്വകാര്യ മുതലാളിമാർക്ക് വിട്ടുകൊടുത്തു, സർക്കാർ വെറും ഇടനിലക്കാരനെപ്പോലെയായി മാറുന്ന മോഡി സർക്കാരിന്റെ നയം പിന്തുടരുന്ന സംഘികൾക്ക് അത് മനസ്സിലാകില്ല.

Comments

Popular posts from this blog

ഗോഡ്‌സെയും, നിർമ്മൽ ചാറ്റർജിയും ഗാന്ധിവധവും - ഒരു സംഘി നുണക്കഥ !

ശംബുകൻ

മതവിശ്വാസവും വര്‍ഗ്ഗീയവാദവും - പൊതുചര്‍ച്ച