നിര്‍ഭയ...........


"യെത്ര നാര്യസ്തു പൂജ്യന്തേ
രമന്തേ തത്ര ദേവത"

(എവിടെയാണോ സ്ത്രീകൾ ബഹുമാനിയ്ക്കപ്പെടുന്നത്
അവിടെ ദൈവങ്ങൾ വസിയ്ക്കുന്നു)

ഇന്ത്യൻ സംസ്കാരം  സ്ത്രീകൾക്ക് കൽപ്പിച്ചു കൊടുത്ത  മഹനീയസ്ഥാനം വിളംബരം  ചെയ്യുന്ന വരികളാണത്

സ്ത്രീയെ ദൈവമായും, അമ്മയായും പൂജിയ്ക്കാൻ ആഹ്വാനം ചെയ്യുകയും, പിതാവും, ഭർത്താവും, മകനും വിവിധകാലങ്ങളിൽ സ്ത്രീയെ സംരക്ഷിയ്ക്കണമെന്ന തിട്ടൂരങ്ങൾക്കും അപ്പുറം, വർത്തമാനകാല ഭാരതീയ  സമൂഹത്തിൽ സ്ത്രീ ഇന്നും അബലയും, ചൂഷിതയും, സുരക്ഷിതബോധം  നഷ്ടപ്പെട്ടവളുമാണ്.  
മഹാനഗരങ്ങളിലും ഗ്രാമഗ്രാമാന്തരങ്ങളിലും അവൾ പീഡനങ്ങൾക്കും അക്രമങ്ങൾക്കും വിധേയയാകേണ്ടി  വരുമ്പോൾ, പത്രവാർത്തകളിൽ പുതുതായി 'നിർഭയകൾസൃഷ്ടിയ്ക്കപ്പെടുന്നു. 80 വയസ്സുള്ള വൃദ്ധയിലും, മൂന്നു വയസ്സുള്ള പിഞ്ചുപൈതലിലും കാമം കണ്ടെത്തുന്ന  മനുഷ്യമൃഗങ്ങൾ, മനുഷ്യസമൂഹത്തിനു  തന്നെ കളങ്കം തീർക്കുമ്പോൾ, പത്രവാർത്തകളിൽ ഓരോ ആക്രമണവും "സ്ത്രീപീഡനം" എന്ന വാക്കിനാൽ ആഘോഷിയ്ക്കപ്പെടുമ്പോൾ, നമ്മുടെ രാജ്യത്ത് സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഒരു ചോദ്യചിഹ്നമാകുന്നു.

സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങൾക്കും,പീഡനങ്ങൾക്കും അറുതിവരുത്തുവാൻ ധാരാളം നിയമവ്യവസ്ഥകൾ ഉണ്ട്. ഇന്ത്യൻ ഭരണഘടനയിലെ 14, 15, 21, 42 എന്നീ വകുപ്പുകൾ സ്ത്രീകളോട് യാതൊരു വിധത്തിലുള്ള വിവേചനവും പാടില്ല എന്ന് കർശനമായി നിർദ്ദേശിച്ചിട്ടുണ്ട്. 1860ൽ പ്രാബല്യത്തിൽ വന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354,509 വകുപ്പുകൾ സ്ത്രീകൾക്ക് മതിയായ സംരക്ഷണം ഉറപ്പ് നൽകുന്നു. 354 വകുപ്പനുസരിച്ച് ഒരു സ്ത്രീയെ മാനഭംഗപ്പെടുത്തണമെന്നുള്ള ഉദ്ദേശത്തോടെയോ, അങ്ങനെ സംഭവിയ്ക്കുമെന്ന് അറിഞ്ഞു കൊണ്ടോ, അവരുടെ നേർക്ക് കൈയ്യേറ്റമോ,ബലപ്രയോഗമോ നടത്തിയാൽ രണ്ടുവർഷം വരെ തടവോ, പിഴയോ രണ്ടും കൂടിയോ ശിക്ഷയായി പറഞ്ഞിട്ടുണ്ട്. 
ഒരു സ്ത്രീയെ മാനഭംഗപ്പെടുത്തിയാൽ ആ പുരുഷനെ കുറഞ്ഞത് 7 വർഷം മുതൽ ജീവപര്യന്തം വരെ തടവിൽ വെയ്ക്കാൻ 375 മുതൽ  377 വരെ വകുപ്പുകൾ വഴി കഴിയും. പിന്നീട് സ്ത്രീസംരക്ഷണത്തിനായി പുതിയ പല വകുപ്പുകളും ഇന്ത്യൻ ശിക്ഷ നിയമത്തിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. 1983ൽ 498 എ എന്ന വകുപ്പും, 1986ൽ 304 ബി എന്ന വകുപ്പും ഇപ്രകാരം നിയമഭേദഗതി വഴി കൂട്ടിച്ചേർത്താണ്. 

ഇങ്ങനെ നിയമത്തിൽ വകുപ്പുകൾക്ക് ഒരു പഞ്ഞവുമില്ല. എന്നിട്ടും പീഡനവാർത്തകൾ അനുദിനം വർദ്ധിച്ചു വരുന്നു.

കേരളത്തില് സ്ത്രീകള്ക്കെതിരേ ലൈംഗിക ചൂഷണക്കേസുകള് പെരുകുന്നെന്നു നാഷണല് ക്രൈംറെക്കോഡ്സ് ബ്യൂറോയുടെ റിപ്പോര്ട്ട് കാണിയ്ക്കുന്നു. സമ്പത്തിലും വിദ്യാഭ്യാസത്തിലും മറ്റു സംസ്ഥാനങ്ങളേക്കാള് മുന്നിലാണെങ്കിലും, സ്ത്രീകളോടുള്ള അതിക്രമത്തില് ഇന്ത്യയിൽ എട്ടാം സ്ഥാനത്താണ്. ഇന്ത്യയില് ആന്ധ്രാപ്രദേശിലാണു സ്ത്രീകള്ക്കെതിരേ ഏറ്റവും കൂടുതല് അക്രമങ്ങള് നടക്കുന്നത്. പശ്ചിമബംഗാള് രണ്ടാംസ്ഥാനത്തും ഉത്തര്പ്രദേശ് മൂന്നാം സ്ഥാനത്തുമാണ്

2007 മുതല് 2016  വരെയുള്ള കണക്കില് ലൈംഗിക പീഡനം, സ്ത്രീകള്ക്കെതിരേ നടക്കുന്ന മറ്റു കുറ്റകൃത്യങ്ങള് എന്നിവയില് ഗണ്യമായ വര്ധന കേരളത്തില് റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്. കേരളത്തില് സ്ത്രീകള്ക്കെതിരേ അക്രമം തടയാന് വേണ്ടിയാണ് 1996-ല് വനിതാ കമ്മിഷന് സ്ഥാപിച്ചത്. എന്നാല്, പരാതികളുടെ എണ്ണം കൂടിയെങ്കിലും പീഡനങ്ങളില് കുറവുണ്ടായിട്ടില്ല. 2011 ല്‍ 1132 ബലാത്സംഗങ്ങളാണ് നടന്നതെങ്കില്‍ 2015 ല്‍ 1263 ആയി.

എന്.സി.ആര്.ബിയുടെ കണക്കനുസരിച്ച് 1953 മുതല് 2016  വരെ പീഡനക്കേസുകളില് 875  ശതമാനം വര്ധന രാജ്യത്തുണ്ടായി. ഇന്ത്യയിലെ കൊലപാതകങ്ങളുടെ ഏതാണ്ട് മൂന്നര ഇരട്ടിയില് അധികവും, ക്രിമിനല് കേസെടുക്കാവുന്ന കുറ്റകൃത്യങ്ങളുടെ മൂന്നിരട്ടിയിലധികവുമാണ് ഇത്. ഇന്ത്യയില്, ഒരോ 22 മിനുട്ടിലും ഒരു സ്ത്രീ പീഡനത്തിന് ഇരയാകുന്നു. സ്ത്രീധനവിഷയത്തില് ഓരോ 58 മിനുട്ടിലും കുറ്റകൃത്യം നടക്കുന്നു. സ്ത്രീകള്ക്കെതിരായ മറ്റ് അതിക്രമങ്ങള് ലൈംഗിക ചൂഷണത്തിന്റെ 80 ശതമാനത്തിലധികമാണ്

ജനസംഖ്യാപെരുപ്പം, മദ്യ-മയക്കുമരുന്ന് ഉപയോഗം, അശ്ലീല ചിത്രങ്ങളുടേയും സിനിമകളുടേയും അമിതമായ പ്രേരണ, സ്ത്രീകളുടെ വസ്ത്രധാരണം എന്നിവ അതിക്രമങ്ങള്ക്കു പ്രേരകമാകുമ്പോള്, ഏതെങ്കിലും രംഗത്ത് സ്ത്രീകള്ക്ക് തങ്ങളേക്കാള് പ്രത്യേക പരിഗണനയോ ആധിപത്യമോ ഉന്നത സ്ഥാനമോ ലഭിക്കുന്നതുപോലും ചില പുരുഷന്മാരില് മാനസിക പ്രശ്നങ്ങള് സൃഷ്ടിക്കാറുണ്ടെന്നും മനശാസ്ത്രജ്ഞര് പറയുന്നു. സമൂഹത്തില് എല്ലാ മേഖലകളിലുമുള്ള സ്ത്രീ സാന്നിധ്യം പുരുഷന്മാരെ ഭയപ്പെടുത്തുന്നു എന്നും അവർ  ചൂണ്ടിക്കാട്ടുന്നു.

കേരളത്തിൽ  വിവിധ കോടതികളിലായി 2008 മുതല് ഇതുവരെ എണ്ണായിരത്തോളം കേസുകളാണ് നീതി കാത്തിരിക്കുന്നത്. നിര്ഭയ കേസുകളില് 75 ശതമാനത്തിലും വിചാരണ വൈകുന്നെന്ന് സര്ക്കാര് കണക്കുകള് വ്യക്തമാക്കുന്നു. കുട്ടികള്ക്കെതിരായ ലൈംഗിക കുറ്റകൃത്യം തടയല് നിയമമായ പോക്സോ ചുമത്തിയ കേസുകള്പോലും ഇക്കൂട്ടത്തിലുണ്ട്. സ്ത്രീകള്ക്കും കുട്ടികള്ക്കുമെതിരായ കേസുകള് വേഗത്തില് തീര്പ്പാക്കാന് എറണാകുളത്തും കോഴിക്കോട്ടും തിരുവനന്തപുരത്തും പ്രത്യേക കോടതികള് തുടങ്ങിയിരുന്നു
എന്നാല്, അതും വേണ്ടത്ര ഫലംകണ്ടില്ല. പോക്സോ അടക്കം കേസുകളില് കുറ്റക്കാര്ക്കെതിരെ ശരിയായ തെളിവ് ശേഖരിക്കുന്നതില് വീഴ്ചയുണ്ടാകുന്നതായും റിപ്പോര്ട്ടുണ്ട്.  പൊലീസിന്െറ നിഷ്ക്രിയത്വവും ഇതിന് കാരണമാകുന്നു. മിക്ക കേസുകളിലും ഇരയോ സാക്ഷികളോ പ്രതികളുടെ സ്വാധീനത്തിനും ഭീഷണിക്കും വഴങ്ങി കൂറുമാറുന്നതും പതിവാണ്.

പൊലീസ് കണക്ക് പ്രകാരം 2016 ജൂലൈവരെ 7909 ബലാത്സംഗ കേസുകളാണ് രജിസ്റ്റര് ചെയ്തത്. സ്ത്രീകള്ക്കെതിരായ കുറ്റകൃത്യങ്ങളുടെ പേരില് 2015ല് 12383 കേസുകള് രജിസ്റ്റര് ചെയ്തു. ഇതില് 1263 എണ്ണവും ബലാത്സംഗക്കേസുകളാണ്. വര്ഷം ജൂലൈവരെ പോക്സോ നിയമപ്രകാരം 1156 കേസ് എടുത്തിട്ടുണ്ട്. 2015ല് 1569 കേസുകളായിരുന്നു രജിസ്റ്റര് ചെയ്തത്. നാലായിരത്തോളം കേസുകളില് വിചാരണ വൈകുകയാണ്.

2012 നവംബര് മുതല് 2015 ഡിസംബര്വരെയുള്ള മൂവായിരത്തിലേറെ കേസുകള് കോടതികളില് കെട്ടിക്കിടക്കുന്നെന്ന് ബാലാവകാശ കമീഷന് വ്യക്തമാക്കിയിട്ടുണ്ട്.

ഇത്തരം കേസുകള് വേഗം തീര്പ്പാക്കാന് കേന്ദ്രസഹായത്തോടെ അതിവേഗ കോടതികള് ആരംഭിയ്ക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകേണ്ടതുണ്ട്. സ്ത്രീപീഡനക്കേസുകള് നിയന്ത്രിക്കാന് സർക്കാർതലത്തിൽ  ശക്തമായ ഇടപെടലുകൾ ഉണ്ടാകേണ്ടതുംഇരകള്ക്ക് വേഗത്തില് നീതി ലഭ്യമാക്കുന്നതിനൊപ്പം സ്ത്രീസുരക്ഷക്കായി പ്രായോഗികമായ പദ്ധതികള് ഉണ്ടാകേണ്ടതും ആവശ്യമാണ്.

നമ്മുടെ കൊച്ചുകേരളവും ഒട്ടും മെച്ചമല്ല.

കേരളം അറിയപ്പെട്ടിരുന്നത് പെണ്‍മലയാളം എന്നായിരുന്നു. സ്ത്രീകള്‍ക്ക് പ്രാധാന്യമുള്ള സംസ്ഥാനം. പണ്ട് സ്ത്രീകളായിരുന്നു ഗൃഹകാര്യങ്ങള്‍  നിയന്ത്രിച്ചിരുന്നത്. അവരുടേത് വെറും സാന്നിദ്ധ്യമല്ല, ഉറച്ച ശബ്ദവും നിലപാടുകളും ആയിരുന്നുവെന്ന് ചരിത്രം പറയുന്നു.
ആ കേരളമാണ് ഇന്ന് ‘നിര്‍ഭയസംസ്ഥാനമായി മാറിക്കൊണ്ടിരിക്കുന്നത്. ഇവിടെ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസമുണ്ട്, ജോലിയുണ്ട്, പക്ഷേ ശബ്ദമില്ല. എന്തുകൊണ്ട് കേരള സ്ത്രീകള്‍ ഇങ്ങനെ എന്നത് പരിശോധന അര്‍ഹിക്കുന്ന വിഷയമാണ്.

സ്ത്രീകള്‍ ഇന്ന് പുരുഷന്റെ കാമാര്‍ത്തിക്കുള്ള ഇരകളാണ്. പുരുഷന്മാരില്‍ മദ്യാസക്തി കൂടുന്നതിനോടൊപ്പം ലൈംഗിക ഭ്രമവും വര്‍ധിക്കുമ്പോള്‍ സ്ത്രീസുരക്ഷ അപ്രത്യക്ഷമാകുന്നു. തൃശൂര്‍ പൂരത്തിലെ പുലിക്കളിയില്‍ പോലും പെണ്‍പുലികളിറങ്ങി. പെണ്‍പുലികളെ ആദരിക്കുന്ന കോഴിക്കോട്ട് വച്ച് നടന്ന ചടങ്ങില്‍ അതേറ്റു വാങ്ങാനെത്തിയ വിനയയ്ക്കും നിരത്തില്‍നിന്ന് അപമാനമേല്‍ക്കേണ്ടിവന്നില്ലേ? 
സൗമ്യ ഉണ്ടായി, ജിഷ ഉണ്ടായി. അവരൊക്കെ പാവപ്പെട്ട സമൂഹത്തിന്റെ പ്രതിനിധികൾ ആയിരുന്നെങ്കിൽ, പണവും പ്രശസ്തിയുമുള്ള ഒരു സിനിമാതാരത്തെ വരെ തട്ടിക്കൊണ്ടുപോയി പീഡിപ്പിയ്ക്കുന്നത് ഒടുവിൽ കേരളം കണ്ടു. ഇതുപോലെ പ്രശസ്തയായ, അഭ്രപാളിയില്‍ തിളങ്ങുന്ന സ്ത്രീയെ തട്ടിക്കൊണ്ടുപോകാനുള്ള മനഃസ്ഥൈര്യം എങ്ങനെ, എവിടെ നിന്ന് കിട്ടി? 
ആലോചിയ്ക്കേണ്ട വിഷയമാണ്.

സ്ത്രീ വിമോചനം എന്നാല്‍ എന്താണ്? കേരളത്തില്‍ സ്ത്രീ അഭ്യസ്ത വിദ്യയാണ്, പുരുഷന്മാരെക്കാള്‍ മെച്ചമായി ജോലിചെയ്യുന്നുണ്ട്. ബഹിരാകാശ ഗവേഷണത്തില്‍ പോലും സ്ത്രീ സാന്നിദ്ധ്യമുണ്ട്.
പക്ഷേ പുരുഷ വിശ്വാസം എന്താണ്? സ്ത്രീയെ നിയന്ത്രിക്കലും കീഴടക്കലും അധികാരപ്രയോഗവുമാണ് ജയത്തിന്റെ അടിസ്ഥാനം എന്നാണ് പുരുഷന്റെ മൂല്യബോധം.

കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുകയുമാണ്. രാത്രി സ്ത്രീകള്‍ക്കന്യമായിക്കഴിഞ്ഞു. വാഹനങ്ങളിലോ ബസ്സിലോ ട്രെയിനിലോ സ്ത്രീക്ക് സുരക്ഷിതത്വമില്ല. അഭ്യസ്ത കേരളത്തിലെ സ്ഥിതി നമ്മെ ലജ്ജിപ്പിച്ച് തലതാഴ്ത്താന്‍ പ്രേരിപ്പിക്കുന്നു. സംസ്കാരശൂന്യര്‍ സ്ത്രീയെ, അമ്മയായാലും പെങ്ങളായാലും മകളായാലും സ്ത്രീയായി മാത്രം കാണുന്നു. 
അച്ഛനും, അമ്മാവനും, ബന്ധുക്കളും മുതൽ പൂജാരിയും, മുക്രിയും, വികാരിയാച്ചനും വരെ വെറും പുരുഷന്മാരായി മാറുമ്പോൾ, പീഡനം ഒരു തുടർക്കഥയാകുന്നു. 


പെണ്‍കുട്ടികള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ വര്‍ധിക്കുന്നത് അവര്‍ക്ക് പ്രതികരണശേഷി ഇല്ലാതിരിക്കുന്നതിനാലാണ് എന്നാണ് പലരുടെയും വിശ്വാസം. പെണ്‍കുട്ടികളെ കരാട്ടെയും മറ്റും പഠിപ്പിക്കണമെന്ന അഭിപ്രായം ഇന്ന് വ്യാപകമാണ്. ദല്‍ഹിയില്‍ നിര്‍ഭയയെ ബസ്സില്‍ പീഡിപ്പിച്ച് നിരത്തിലേക്ക് തള്ളിയിട്ടശേഷം നിര്‍ഭയമാര്‍ കുറയുകയല്ല, കേരളത്തിലും  രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലും ഇവരുടെ എണ്ണം കൂടുകയാണ്.

അറിയപ്പെടുന്ന നടിയായിട്ടുപോലും തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ഡ്രൈവറും സംഘവും പ്ലാന്‍ ചെയ്തത് തെളിയിക്കുന്നത് കേരളത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വമില്ലെന്നല്ലേ? പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളും വീട്ടിലും അയല്‍പക്കത്തും സുരക്ഷിതരല്ല. സ്‌കൂളിലും അവര്‍ അരക്ഷിതാവസ്ഥ അനുഭവിക്കുന്നു.

സ്ത്രീയുടെ വസ്ത്രധാരണം കൊണ്ടാണ് പീഡനം ഉണ്ടാകുന്നതെന്ന മുടന്തൻ ന്യായവുമായി പല കപടസദാചാരവാദികളും രംഗത്ത് വരാറുണ്ട്. എന്നാൽ കണ്ടാൽ ഓമനത്തം തോന്നുന്ന കൊച്ചുകുട്ടികളും, വാർദ്ധക്യത്തിന്റെ ചുളിവുകൾ പേറുന്ന വൃദ്ധകളും ബലാൽത്സംഗം ചെയ്യപ്പെടുന്നത് ഏത് വസ്ത്രത്തിന്റെ കുഴപ്പം കൊണ്ടാണെന്ന ചോദ്യത്തിന് മുന്നിൽ ഈ ന്യായങ്ങളുടെ മുനയൊടിയുന്നു.

അഭ്യസ്തവിദ്യരായ, പുറത്തുപോയി ജോലി ചെയ്ത് സംസ്‌കൃത ചിത്തരായ മലയാളികള്‍പോലും രതിവൈകൃതങ്ങള്‍ക്ക് അടിമപ്പെടുന്നു. സമൂഹ മനഃസാക്ഷിയെ ഉദ്ധരിക്കാന്‍ യാതൊരു ശ്രമവും കേരളത്തില് നടക്കുന്നില്ല. കൂനിന്മേൽ കുരു പോലെ, സദാചാരപോലീസ് എന്ന ഓമനപ്പേരുമായി ചില സാമൂഹ്യവിരുദ്ധർ നടത്തുന്നതിനും ഇരയാകുന്നത് സ്ത്രീകളാണ്.

കേരളത്തില് ഏറ്റവുമധികം സാക്ഷരത ഉണ്ടെന്ന് വീമ്പടിക്കുമ്പോഴും അത് പുരുഷന്മാരുടെ സന്മാര്ഗ ബോധമോ, സാമൂഹ്യബോധമോ ഉണര്ത്തുന്നില്ല എന്നല്ലേ കൂടിവരുന്ന സ്ത്രീ പീഡനങ്ങള് കാണിക്കുന്നത്.

‘പ്രസംഗങ്ങളില്‍ മാത്രം ഉയര്‍ത്തിപ്പിടിക്കേണ്ടതല്ല സ്ത്രീത്വം’ . അത് സാമൂഹികവ്യക്തിത്വത്തിന്റെ അനിവാര്യമായ  ഭാഗമായി മാറണം.

പെണ്ണ്ആണിന്റെ അടിമയാണെന്ന ആശയം അടിസ്ഥാനമാക്കുന്ന മതപ്രബോധനങ്ങളും സാമൂഹിക-സാംസ്കാരിക ശീലങ്ങളും ഇതിനെ അടിസ്ഥാനമാക്കി പരുവപ്പെടുന്ന മനോഭാവങ്ങളും നിശിതവിശകലനത്തിലൂടെ പുറന്തള്ളി, പെണ്ണും ആണും മാനവജീവിത വ്യവസ്ഥയിൽ ഒരു പക്ഷിയുടെ ഇരുചിറകുകൾ പോലെ തുല്യരാണെന്ന അവബോധം പകരുന്ന വിധത്തിൽ പാ ഠ്യപദ്ധതി പരിഷ്കരണം ഉൾപ്പെടെയുള്ള മാറ്റങ്ങൾ വരുത്തികൊണ്ടല്ലാതെ പുരുഷന്സ്ത്രീയോടുള്ള സമീപനത്തിൽ മാറ്റം വരുത്താനാവില്ല. മാറ്റം ഉണ്ടാവാതെ യജമാനൻ അടിമയോട്പുലർത്തുന്ന മനോഭാവം അടിസ്ഥാന കാരണമായ സ്ത്രീപീഡനങ്ങൾക്ക്അറുതിയും പൊറുതിയും ഉണ്ടാവുകയുമില്ല

തുല്യത എന്ന്പറഞ്ഞതിനർത്ഥം ആണും പെണ്ണും തമ്മിൽ ശാരീരികമായ വ്യത്യാസങ്ങൾ ഇല്ലെന്നല്ല. മറിച്ച്‌, അത്തരം വ്യത്യാസങ്ങൾ വ്യക്തിത്വ വ്യത്യാസമാണ്‌. രണ്ട്വ്യക്തികൾ വ്യത്യസ്തരാണ്എന്നതുകൊണ്ട്മനുഷ്യരെന്ന നിലയിലുള്ള അവരുടെ തുല്യത നിഷേധിക്കുവാൻ പാടില്ലല്ലോ. ഇതുപോലെ തന്നെ ആണും പെണ്ണും തമ്മിൽ ജൈവിക വ്യത്യസ്തതകൾ ഉണ്ടെന്നതുകൊണ്ട്ജീവിതത്തിൽ അവർക്കുള്ള തുല്യത നിഷേധിക്കപ്പെടരുത്‌. അതുകൊണ്ട്സ്ത്രീപുരുഷസമത്വത്തിലൂന്നിയ ആത്മീയവും സാംസ്കാരികവും സാമൂഹികവും രാഷ്ട്രീയവും നിയമപരവുമായ ഉടച്ചുവാർക്കലുകൾ നടത്തി തന്നെ വേണം സ്ത്രീപീഡനം ഉണ്ടാവാത്ത വീടും നാടും യാഥാർഥ്യമാക്കുവാൻ..

കേരളത്തില്‍ മനുഷ്യക്കടത്ത് തടയാന്‍ പോലീസ് സംഘമുണ്ട്. ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈനും ഉണ്ട്. ജാഗ്രതാ സമിതിയുണ്ട്. നിര്‍ഭയ കേരളം സുരക്ഷിത കേരളം പദ്ധതി ഉണ്ട്. പക്ഷെ സ്ത്രീരക്ഷ ഉറപ്പിക്കുന്നതില്‍ ഈ സംവിധാനങ്ങളെല്ലാം പരാജയംതന്നെയാണ്.


അവയൊന്നും ഫലം കാണാതെ വരുമ്പോൾ, നമുക്ക് പകരം എന്താണ് പ്രായോഗിക നിർദ്ദേശമായി നൽകാനുള്ളത്?

Comments

Popular posts from this blog

ഗോഡ്‌സെയും, നിർമ്മൽ ചാറ്റർജിയും ഗാന്ധിവധവും - ഒരു സംഘി നുണക്കഥ !

ശംബുകൻ

മതവിശ്വാസവും വര്‍ഗ്ഗീയവാദവും - പൊതുചര്‍ച്ച