ഒരു ഉപതെരഞ്ഞെടുപ്പ് ജയിപ്പിച്ചാൽ ഒരു ഉപതെരഞ്ഞെടുപ്പ് ഫ്രീ



ഓരോ ഉപതെരെഞ്ഞെടുപ്പും, പൗരന്മാർ നൽകുന്ന നികുതിപ്പണം വഴി ശേഖരിയ്ക്കുന്ന രാജ്യത്തിന്റെ ഖജനാവിന്, ചോർച്ചയാണ് ഉണ്ടാക്കുന്നത്..
കേൾക്കുമ്പോൾ പരുഷം എന്ന് തോന്നാമെങ്കിലും, മലപ്പുറം ഉപതെരെഞ്ഞടുപ്പ് മുസ്‌ലിം ലീഗ് എന്ന പാർട്ടി മലയാളികളുടെ മണ്ടയ്ക്ക് അടിച്ചേൽപ്പിച്ച ഒരു അനാവശ്യചിലവാണ് എന്ന് പറയാതെ വയ്യ.
കഴിഞ്ഞ ലോകസഭാ തെരെഞ്ഞെടുപ്പ് സമയത്ത് തന്നെ ഇ.അഹമ്മദിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ മുസ്‌ലിം ലീഗിനുള്ളിനും യു.ഡി.എഫിലും ശക്തമായ എതിർപ്പ് ഉയർന്നിരുന്നതാണ്. 
വാർദ്ധക്യം മൂലമുള്ള അസുഖങ്ങൾ കാരണം, പരസഹായമില്ലാതെ ശരിയായി നടക്കാൻ പോലും കഴിയാത്ത ഇ.അഹമ്മദിനെ മാറ്റി, മറ്റേതെങ്കിലും നേതാവിനോ, യൂത്ത് ലീഗിലെ ഏതെങ്കിലും ചെറുപ്പക്കാർക്കോ സീറ്റു കൊടുക്കണമെന്ന് ശക്തമായ അഭിപ്രായം ഉയർന്നെങ്കിലും, അഹമ്മദ് സാഹിബിന്റെ അധികാരക്കൊതിയ്ക്കു മുന്നിൽ ലീഗ് നേതൃത്വം വഴങ്ങിക്കൊടുക്കുകയായിരുന്നു.
ഇ.അഹമ്മദിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ഉടനെ മലപ്പുറത്ത് യൂത്ത് ലീഗ് പ്രവർത്തകർ തന്നെ പ്രതിഷേധപ്രകടനം നടത്തിയതും കേരളം കണ്ടതാണ്.
എന്തായാലും യു.ഡി.എഫ് മേൽകൈ നേടിയ രാഷ്ട്രീയ സാഹചര്യമായതിനാലും, എതിരാളിയായി ഒരു വനിതയെ ഇടതുമുന്നണി സ്ഥാനാർഥി ആക്കിയതിനാലും, യാഥാസ്ഥിതമായ മലപ്പുറം മണ്ഡലത്തിൽ ഇ.അഹമ്മദ് നല്ല ഭൂരിപക്ഷം നേടി വിജയിച്ചു.
പക്ഷെ, ഇലക്ഷൻ പ്രചാരണം സ്വതേ ദുർബലമായ അദ്ദേഹത്തിന്റെ ആരോഗ്യത്തെ കൂടുതൽ കുഴപ്പത്തിലാക്കി. തുടർന്നുള്ള വർഷങ്ങളിൽ, ഒരു എം.പി എന്ന നിലയിൽ ഇ.അഹമ്മദിന്റെ പ്രവർത്തനം വളരെ മോശമായിരുന്നു. പാർലമെന്റിൽ ചെലവഴിച്ചതിലും അധികം സമയം അദ്ദേഹം ആശുപത്രിയിലാണ് ചെലവഴിച്ചത്. മുൻരാഷ്ട്രപതി അബ്ദുൾ കലാമിന്റെ മൃതദേഹം കാണാൻ വന്നിട്ട്, ഓർമ്മക്കുറവു മൂലം പൂവ് വാരിയിടാൻ മറന്ന് പോയ ശേഷം, രണ്ടുപേരുടെ സഹായത്തോടെ ഏന്തി വലിഞ്ഞു നടക്കുന്ന ഇ.അഹമ്മദിന്റെ ദൃശ്യം വളരെ ദയനീയമായിരുന്നു.
ഇ.അഹമ്മദിനെ സ്ഥാനാർഥിയാക്കാതെ വിശ്രമജീവിതം നയിയ്ക്കാൻ മുസ്‌ലിം ലീഗ് തീരുമാനിച്ചിരുന്നെകിൽ, ഒരുപക്ഷെ അദ്ദേഹം ഇപ്പോഴും ജീവിച്ചിരുന്നേനെ.
ഇപ്പോൾ ഉപതെരഞ്ഞെടുപ്പ് വന്നപ്പോഴോ...
മറ്റു അധികാരസ്ഥാനങ്ങൾ ഇല്ലാത്ത ഏതെങ്കിലും സീനിയർ നേതാവിനെയോ, പുതിയ ഒരു യുവനേതാവിനെയോ സ്ഥാനാർത്ഥിയാക്കാതെ, വേങ്ങരയിലെ നിലവിലുള്ള എം.എൽ.എ ആയ കുഞ്ഞാലിക്കുട്ടിയെയാണ് മുസ്‌ലിം ലീഗ് സ്ഥാനാർത്ഥിയാക്കിയത്.

കുഞ്ഞാലിക്കുട്ടി ജയിച്ചാൽ വേങ്ങരയിൽ വീണ്ടും ഉപതെരഞ്ഞെടുപ്പ് വരുമെന്ന് സാരം..
അതിന്റെയും ചിലവ് ജനങ്ങളുടെ തലയിൽ...
നികുതി കൊടുക്കുന്ന ജനങ്ങളെ ഇതിലും നന്നായി സേവിയ്ക്കുന്നതിങ്ങനെ!
ശരിയ്ക്കും അറിയാത്തത്കൊണ്ട് ചോദിയ്ക്കുകയാണ്..
മുസ്‌ലിം ലീഗിൽ ഇത്ര സ്ഥാനാർഥിക്ഷാമം ഉണ്ടോ?
അതോ കുഞ്ഞാലിക്കുട്ടി അല്ലാതെ ആരെയെങ്കിലും നിർത്തിയാൽ തോൽക്കുമെന്ന ഭയം ഉണ്ടോ?
കേരളരാഷ്ട്രീയത്തിൽ ഇനി യു.ഡി.എഫിന് വലിയ സ്കോപ്പ് ഇല്ലെന്ന് കുഞ്ഞാലിക്കുട്ടിയ്ക്ക് തന്നെ തോന്നിയോ?
അതോ കുഞ്ഞാലിക്കുട്ടിയെ കേരളരാഷ്ട്രീയത്തിൽ നിന്നും ഒഴിവാക്കണമെന്ന ഗ്രൂപ്പ് സമവാക്യങ്ങളുടെ ആഗ്രഹപൂർത്തീകരണമോ?
പക്ഷെ ഒരുകാര്യം തീർച്ച...
ഇപ്പോഴത്തെ ദേശീയരാഷ്ട്രീയത്തിൽ അഹമ്മദിന്റെ സ്ഥാനത്ത് കുഞ്ഞാലിക്കുട്ടി വന്നത് കൊണ്ട് ഒരു മാറ്റവും വരില്ല....
മലപ്പുറത്തിനും, മുസ്‌ലിം ലീഗിനും, ജനങ്ങൾക്കും...

===========


വർഷം 2006.
കേരളത്തിൽ നിയമസഭ ഇലക്ഷൻ നടക്കുന്ന സമയം.
ആ ഇലക്ഷനിൽ ഏറ്റവും ശ്രദ്ധാകേന്ദ്രമായ ഒരു പോരാട്ടം കുറ്റിപ്പുറം മണ്ഡലത്തിൽ നടക്കുകയായിരുന്നു.
ഇടതുപക്ഷ സ്ഥാനാർഥി കെ.ടി.ജലീലും, യു.ഡി.എഫ് സർക്കാരിൽ മന്ത്രിയും സിറ്റിങ് എം.എൽ.എയുമായ കുഞ്ഞാലിക്കുട്ടിയും തമ്മിലായിരുന്നു പോരാട്ടം.
അന്ന് ഏഷ്യാനെറ്റ് ചാനലിൽ കുഞ്ഞാലിക്കുട്ടിയുമായി നടന്ന ഒരു അഭിമുഖം ഇപ്പോഴും ഓർമ്മയിൽ ഉണ്ട്. മണ്ഡലത്തിൽ ശക്തമായ മത്സരം നടക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, പുശ്ചഭാവം നിറഞ്ഞ മുഖത്തോടെ, കുഞ്ഞാലിക്കുട്ടി വളരെ നിസ്സാരമായി മറുപടി പറഞ്ഞത് ഇപ്രകാരമാണ്.
"അതൊക്കെ നിങ്ങൾ മീഡിയ ഉണ്ടാക്കുന്ന ഹൈപ്പ് മാത്രമാണ്. അവിടെ ഒരു മത്സരവും നടക്കുന്നില്ല. ഞങ്ങട പാർട്ടിയുടെ കോട്ടയാണ് ഈ മണ്ഡലം. തുടർച്ചയായി ഞാൻ ജയിയ്ക്കുന്ന മണ്ഡലത്തിൽ, കഴിഞ്ഞ തവണ കിട്ടിയ 26,000 വോട്ടിന്റെ ഭൂരിപക്ഷം മുപ്പതോ നാൽപ്പതോ ആയിരമായി വർദ്ധിപ്പിയ്ക്കാനാണ് ഞങ്ങളുടെ ശ്രമം. ആ ഭൂരിപക്ഷത്തെ ഒരു ഇരുപ തിനായിരമായെങ്കിലും കുറയ്ക്കാൻ അവർ മത്സരിയ്ക്കുന്നു. അല്ലാതെ വേറൊരു മത്സരവും ഈ മണ്ഡലത്തിൽ നടക്കുന്നില്ല."
അന്ന് ഇലക്ഷൻ ഫലം വന്നപ്പോൾ 8781 വോട്ടിനു കുഞ്ഞാലിക്കുട്ടി തോറ്റു.
മലപ്പുറത്ത് മത്സരിയ്ക്കുന്നത്, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇ.അഹമ്മദിന് കിട്ടിയ ഭൂരിപക്ഷത്തേക്കാൾ, ഭൂരിപക്ഷം നേടാൻ വേണ്ടിയാണ് എന്ന കുഞ്ഞാലിക്കുട്ടിയുടെ അവകാശവാദം കേൾക്കുമ്പോൾ പഴയ ആ അഭിമുഖം ഓർമ്മ വരുന്നു.

========

സി.പി.ഐ കുഞ്ഞാലിക്കുട്ടിയ്ക്ക് വോട്ടുചെയ്യുമെന്ന് നമ്മുടെ ആര്യാടൻ മുഹമ്മദ് എക്സ് എം.എൽ.എ പ്രഖ്യാപിച്ചു കളഞ്ഞു.
ഒരു സി.പി.ഐക്കാരൻ പോലും ആ ഉത്തരവ് ലംഘിയ്ക്കാൻ ധൈര്യം കാണിയ്ക്കില്ല.
ആര്യാടൻ പറഞ്ഞാ പറഞ്ഞതാണ്...
സംശയമുണ്ടെങ്കിൽ നിലമ്പൂരിലെ വോട്ടർമാരോട് ചോദിച്ചാൽ മതി...
പാവം സി.പി.ഐക്കാർക്ക് "ആ മഹാന്റെ ശിരസ്സ് പിളർന്ന് അന്തരിയ്ക്കണേ" എന്ന് പ്രാർത്ഥിയ്ക്കാനല്ലാതെ എന്ത് ചെയ്യാൻ കഴിയും.
സി.പി.ഐക്കാർ വോട്ടു ചെയ്യുമെന്ന് ഉറപ്പില്ലെങ്കിലും, ആര്യാടനും മോനും മുസ്ലിം ലീഗിന് വോട്ടുചെയ്യില്ലെന്ന് ഉറപ്പുണ്ടെന്ന് ലീഗ് അണികൾ...

Comments

Popular posts from this blog

ഗോഡ്‌സെയും, നിർമ്മൽ ചാറ്റർജിയും ഗാന്ധിവധവും - ഒരു സംഘി നുണക്കഥ !

ശംബുകൻ

മതവിശ്വാസവും വര്‍ഗ്ഗീയവാദവും - പൊതുചര്‍ച്ച