ദേശസ്നേഹത്തിന്റെ സ്ഫോടനങ്ങൾ..


2007 ഒക്ടോബർ 11വൈകുന്നേരം 6 മണി.
റംസാന്റെ വ്രതശുദ്ധിയുടെ മാസം.
രാജസ്ഥാനിലെ അജ്മീറിലുള്ള സൂഫി സന്ന്യാസിയായ മൊയ്നുദ്ദിൻ ചിഷ്ടിയുടെ പേരിലുള്ള ദർഗ്ഗ(മുസ്ലിം ആരാധനാലയം)യിൽ വൈകുന്നേരത്തെ നിസ്കാരത്തിന് ശേഷം വ്രതം അവസാനിപ്പിച്ച് ഭക്ഷണം കഴിയ്ക്കാനായി വിശ്വാസികൾ തയ്യാറെടുക്കുകയായിരുന്നു. 6.10ന് വൻശബ്ദത്തോടെ ഒരു ബോംബ് അവർക്കിടയിൽ നിന്നും പൊട്ടിത്തെറിച്ചു. പ്രാർത്ഥന നിറഞ്ഞ അന്തരീക്ഷത്തിൽ നിലവിളികൾ നിറഞ്ഞു. മാംസം കരിഞ്ഞ ഗന്ധം എങ്ങും പടർന്നു. 3 പേർ സംഭവസ്ഥലത്തു വെച്ചു തന്നെ മരിയ്ക്കുകയും, 17 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
സംഭവസ്ഥലത്ത് ജോലിക്കാർ ഭക്ഷണം സൂക്ഷിച്ചിരുന്ന സ്ഥലത്ത് ഒരു ടിഫിൻ ക്യാരിയറിൽ ഒളിപ്പിച്ച ബോംബ് ആയിരുന്നു സ്പോടനത്തിന് കാരണമായത്. വൈകുന്നേരം ആളുകൾ കൂടുതലുള്ള സമയത്ത് സ്ഫോടനം നടത്തിയത് തന്നെ, ഇതിനു പിന്നിൽ ഏറ്റവുമധികം നാശം ഉണ്ടാക്കണമെന്ന ലക്ഷ്യത്തോടെ ആസൂത്രിതമായി നടത്തിയ ഗൂഡാലോചന ഉണ്ടെന്ന് ഉറപ്പായിരുന്നു.
ഇന്ത്യയൊട്ടാകെ ചാനലുകളിൽ നിമിഷങ്ങൾക്കകം ബ്രെക്കിങ് ന്യൂസുകൾ നിറഞ്ഞു. ലൈഷ്കർ എ തൊയ്ബയാണോ, സിമിയാണോ, അൽക്വയ്ദയാണോ സംഭവത്തിന് പിന്നിലെന്ന ചർച്ചകൾ തകർത്തു നടന്നു. കേന്ദ്രം ഭരിച്ചിരുന്ന യു.പി.എ സർക്കാരിന്റെ പിടിപ്പുകേട് കൊണ്ടാണ് ഇന്ത്യയിൽ ഇമ്മാതിരി തീവ്രവാദആക്രമങ്ങൾ നടക്കുന്നതെന്ന് കേന്ദ്രപ്രതിപക്ഷനേതാവ് എൽ.കെ.അദ്വാനി അടക്കമുള്ള ബി.ജെ.പി നേതാക്കൾ ചാനലുകളിൽ ഒരേ സ്വരത്തിൽ ആക്രോശിച്ചു. സൂഫിസത്തിനെതിരെ ഇസ്ലാമിക തീവ്രവാദികൾ നടത്തുന്ന ആക്രമങ്ങളുടെ പട്ടികയിൽ ഈ സ്ഫോടനവും എഴുതിച്ചേർക്കാൻ മാധ്യമങ്ങൾ മത്സരിച്ചു.
അന്വേഷണം ആരംഭിച്ച ദേശീയ സുരക്ഷാഏജൻസിയും ലൈഷ്കർ എ തൊയ്ബയാണ് ഇതിന് പിന്നെലെന്നാണ് ആദ്യം കരുതിയത്. സ്ഥലത്തെ ക്രിമിനൽ പശ്ചാത്തലമുള്ള കുറെ മുസ്ലിം യുവാക്കളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തെങ്കിലും വലിയ ഗുണമുണ്ടായില്ല. എന്നാൽ സംഭവസ്ഥലത്തു നിന്നും ലഭിച്ച ഒരു മൊബൈൽ ഫോണിന്റെ ഭാഗങ്ങളിൽ നടത്തിയ സാങ്കേതിക പരിശോധന, അന്വേഷണത്തിൽ വലിയൊരു വഴിത്തിരിവായി. ബോംബ് സ്ഫോടനം നടത്തിയത് മൊബൈൽ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് എന്ന് തെളിഞ്ഞതോടെ, ആ മൊബൈൽ ഫോണിന്റെ ഉടമസ്ഥരെ കണ്ടെത്താനുള്ള അന്വേഷണം തുടങ്ങി. ഒടുവിൽ സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ച അഞ്ചു പേർ പോലീസ് പിടിയിലായി. ഹർഷദ് സോളങ്കി, മുകേഷ് വാസൻ, ഭാവേഷ് പട്ടേൽ, സുരേഷ് നായർ, മേഹുൽ എന്നിവരാണ് പിടിയിലായത്.
എന്നാൽ ഏറ്റവും ഞെട്ടിയ്ക്കുന്ന വസ്തുത മറ്റൊന്നായിരുന്നു. പിടിയിലായ അഞ്ചിൽ നാലുപേരും സജീവ ആർ.എസ്.എസ് പ്രവർത്തകരായിരുന്നു.
അന്വേഷണത്തിൽ തെളിഞ്ഞത് വ്യക്തമായ ഗൂഡാലോചനയാണ്. കഴിയുന്നത്ര മുസ്ലീങ്ങളെ കൊന്നൊടുക്കി, ഇസ്ലാമിക തീവ്രവാദത്തിന് തിരിച്ചടി നൽകുക എന്ന ലക്ഷ്യത്തോടെയാണ് ബോംബ് സ്ഫോടനം ആസൂത്രണം ചെയ്തത്. സ്ഫോടനം നടന്നതിന്റെ തലേന്ന്, ഭാവേഷ് പട്ടേൽ, സുരേഷ് നായർ, മേഹുൽ എന്നിവർ ഗുജറാത്തുകാരനായ സുനിൽ ജോഷി എന്നയാളിന്റെ കൈയ്യിൽ നിന്നും സ്ഫോടകവസ്തുക്കൾ വാങ്ങി, അജ്മീറിൽ കൊണ്ടു വന്ന് മറ്റു രണ്ടുപേർക്ക് കൈമാറുകയായിരുന്നു. ഹർഷദ് സോളങ്കി, മുകേഷ് വാസൻ എന്നിവരായിരുന്നു ദർഗ്ഗയിൽ ബോംബ് കൊണ്ടുവെച്ചത് എന്നും അന്വേഷത്തിൽ തെളിഞ്ഞു. ആദ്യശ്രമം പരാജയപ്പെട്ടാൽ പ്ലാൻ ബി എന്ന നിലയിൽ മറ്റൊരു സ്ഫോടനം നടത്താനുള്ള തയ്യാറെടുപ്പോടെ, മറ്റു മൂന്നുപേരും ഇവരെ അനുഗമിച്ചിരുന്നു.
ഈ സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരകർ ആർ.എസ്.എസ് നേതാക്കളായ ദേവേന്ദ്ര ഗുപ്തയും, സുനിൽ ജോഷിയുമായിരുന്നു. സുനിൽ ജോഷിയെ അറസ്റ്റ് ചെയ്യാൻ അന്വേഷണസംഘം ഗുജറാത്തിൽ എത്തിയെങ്കിലും, അയാൾ ഗോധ്രയിൽ വെച്ച് പെട്ടെന്ന് ദുരൂഹസാഹചര്യത്തിൽ മരിച്ചു പോയതായാണ് അറിഞ്ഞത്. ഗുജറാത്ത് പോലീസ് ആത്മഹത്യയെന്ന് ആ കേസ് എഴുതി തള്ളിയെങ്കിലും, അന്വേഷണസംഘം സുനിൽ ജോഷിയുടെ വസതിയും ഓഫീസും റെയ്ഡ് ചെയ്ത് പല നിർണ്ണായക തെളിവുകളും പിടിച്ചെടുത്തു.
പിന്നീട് ദേവേന്ദ്ര ഗുപ്തയും, വിവാദസ്വാമി അസിമാനന്ദയുൾപ്പെടെ ഗൂഡാലോചനയിൽ പങ്കെടുത്തവരും സഹായിച്ചവരുമായ മറ്റ് നാലുപേർ കൂടി അറസ്റ്റിൽ ആയി. മറ്റ് മൂന്ന് പേർ ഒളിവിൽ പോയതിനാൽ ഇന്ന് വരെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല.
കോടതിയിൽ കുറ്റപത്രം സമർപ്പിയ്ക്കുകയും വിചാരണ ആരംഭിയ്ക്കുകയും ചെയ്തു.
കേസ് നിർണ്ണായക ഘട്ടത്തിലായ സന്ദർഭത്തിലാണ് കേന്ദ്രത്തിൽ മോഡി സർക്കാർ അധികാരത്തിൽ വരുന്നത്. അതോടെ കേന്ദ്രസർക്കാരിന്റെ സമ്മർദ്ദം ഈ കേസിൽ ഉണ്ടാകുകയും, ദേശീയ സുരക്ഷാ ഏജൻസിയിൽ പല അധികാരമാറ്റങ്ങൾ ഉണ്ടാകുകയും ചെയ്തു. കേസിനെ തളർത്താൻ ചില സർക്കാർ വക്കീലന്മാരും അന്വേഷണ ഉദ്യോഗസ്ഥരും ഒത്തുകളിയ്ക്കുന്നു എന്ന ആരോപണവും ഉയർന്നു. അതിന് അടിവരയിട്ട പോലെ, പെട്ടെന്ന് ഇരുപതോളം സാക്ഷികൾ കൂറുമാറി പ്രതിഭാഗത്ത് ചേർന്നു.
എങ്കിലും മുൻപേ സമർപ്പിയ്ക്കപ്പെട്ട തെളിവുകളുടെ അടിസ്ഥാനത്തിൽ ദേവേന്ദ്ര ഗുപ്ത, സുനിൽ ജോഷി, ഭാവേഷ് പട്ടേൽ എന്നിവർക്ക് എൻ.ഐ.എ കോടതി ഇപ്പോൾ ജീവപര്യന്തം തടവ് വിധിച്ചു. സാക്ഷികൾ കൂറ് മാറിയതിനാൽ തെളിവുകളുടെ അഭാവത്തിൽ 7പേരെ വെറുതെ വിട്ടു.
ഇപ്പോൾ ശിക്ഷിക്കപ്പെട്ട ഭാവേഷ് പട്ടേൽ ഗുജറാത്ത് കലാപത്തിലെ വർഗ്ഗീയകൊലക്കേസിലും പ്രതിയായിരുന്നു എന്നത് മറ്റൊരു സത്യം. അന്ന് മോഡിസർക്കാർ നിയന്ത്രിച്ച പോലീസ് തെളിവുകൾ ഇല്ലാതാക്കി, അയാളെ ശിക്ഷയിൽ നിന്നും ഒഴിവാക്കി ആ കേസിൽ നിന്നും രക്ഷിയ്ക്കുകയായിരുന്നു.
ഇന്നത്തെ കേന്ദ്രസർക്കാരിനെ നിയന്ത്രിയ്ക്കുന്നത് ആർ.എസ്.എസ് ആണെന്ന കാര്യം എല്ലാവർക്കുമറിയാം. മോഡി അധികാരത്തിൽ വന്നശേഷം എല്ലാ വിജയദശമി ദിനത്തിലും നാഗ്പൂരിലെ ആർ.എസ്.എസ് ആസ്ഥാനത്തിൽ അവരുടെ പരമാധികാരിയായ മോഹൻ ഭഗവത്തിന്റെ പ്രസംഗം തത്സമയം ദൂരദർശൻ വഴി സംപ്രേക്ഷണം ചെയ്ത് ഇന്ത്യയൊട്ടാകെ കാണിയ്ക്കുന്നുമുണ്ട്. നയപരമായ കാര്യങ്ങളിൽ എല്ലാം ആർ.എസ്എസിന്റെ ആശീർവാദമില്ലാതെ സർക്കാർ ഒന്നും ചെയ്യാറുമില്ല.
ആ ആർ.എസ്.എസ്, പുറമെ എന്തൊക്കെ സാംസ്കാരിക മുഖംമൂടി ധരിച്ചാലും, ആത്യന്തികമായി ലൈഷ്കർ എ തൊയ്ബ, അൽക്വയ്ദ, ഐ.എസ് എന്നിവയെപ്പോലുള്ള ഒരു തീവ്രവാദിസംഘടന മാത്രമാണെന്ന് ഈ കോടതിവിധി നമ്മെ ഓർമ്മിപ്പിയ്ക്കുന്നു.
കുറുക്കനെ കോഴിക്കൂടിന്റെ താക്കോൽ ഏൽപ്പിച്ചത് പോലെയാണ്, ഇന്ത്യയുടെ ഭരണം ഒരു തീവ്രവാദസംഘടനയുടെ കൈയ്യിൽ ഏൽപ്പിച്ചതെന്ന ബോധം ജനങ്ങൾക്ക് ഉണ്ടാകാനെങ്കിലും ഈ കോടതിവിധി കാരണമാകട്ടെ.

Comments

Popular posts from this blog

ഗോഡ്‌സെയും, നിർമ്മൽ ചാറ്റർജിയും ഗാന്ധിവധവും - ഒരു സംഘി നുണക്കഥ !

ശംബുകൻ

മതവിശ്വാസവും വര്‍ഗ്ഗീയവാദവും - പൊതുചര്‍ച്ച