വോട്ടിങ് യന്ത്രങ്ങൾ.....



വോട്ടിങ് യന്ത്രങ്ങൾ ഇപ്പോൾ വിവാദവിഷയമായി മാറുകയാണല്ലോ...
ഇന്ത്യയിൽ 1999 മുതലാണ് വോട്ടിങ് യന്ത്രങ്ങൾ ഇലക്ഷന് ഉപയോഗിയ്ക്കാൻ തുടങ്ങിയത്. അന്ന് മുതൽ തന്നെ ഈ യന്ത്രങ്ങളുടെ സുരക്ഷാവീഴ്ചകൾക്കുറിച്ച് സംശയങ്ങളും ആരോപണങ്ങളും ഉയർന്നിട്ടുമുണ്ട്.
മഹാരാഷ്ട്ര തദ്ദേശതെരെഞ്ഞെടുപ്പിൽ ചില വാർഡുകളിൽ നടന്നതായി തെളിഞ്ഞ വോട്ടിങ് യന്ത്രത്തിന്റെ തിരിമറികൾ അന്വേഷിയ്ക്കണമെന്ന പരാതികൾ ഉയർന്നതോടെയാണ് ഇപ്പോൾ വീണ്ടും വിവാദം തുടങ്ങുന്നത്.
വോട്ടിങ് യന്ത്രം ഉപയോഗിച്ചുള്ള പോളിങ് സമ്പ്രദായം മാറ്റണമെന്ന് വരെ ചില കേന്ദ്രങ്ങളിൽ നിന്നും അഭിപ്രായം ഉയരുന്നുമുണ്ട്.
ഇക്കാര്യത്തോട് യോജിയ്ക്കാൻ കഴിയില്ല. ഇലക്ഷൻ വേഗത്തിലും, കൃത്യമായും നടക്കാൻ വോട്ടിങ് യന്ത്രങ്ങൾ ഉപയോഗിയ്ക്കുന്നത് തന്നെയാണ് നല്ലത് എന്ന് തന്നെയാണ് എന്റെ അഭിപ്രായം.
മുൻകാലങ്ങളിൽ ബാലറ്റ് പേപ്പർ ഉപയോഗിച്ചുള്ള ഇലക്ഷനിൽ നടക്കാറുള്ള വോട്ടെണ്ണൽ ഓർമ്മയുള്ളവർ കാണും. രാവിലെ തുടങ്ങിയാൽ വൈകുന്നേരവും, ചിലപ്പോൾ രാത്രിയുമാകും വോട്ടെണ്ണി ഫൈനൽ റിസൾട്ട് പ്രഖ്യാപിയ്ക്കാൻ. ഭൂരിപക്ഷം കുറഞ്ഞ കേസുകളിൽ വീണ്ടും റീ-കൗണ്ടിങ്ങിന് തീരുമാനിച്ചാൽ അത് വീണ്ടും നീണ്ടു പോകും. ബാലറ്റ് പേപ്പർ ഇലക്ഷനിലും തിരിമറികൾ നടന്നിട്ടുണ്ട്. ചില പാർട്ടികളുടെ ശക്തികേന്ദ്രങ്ങളിൽ ബാലറ്റ് പിടിച്ചടക്കലും, കള്ളബാലറ്റും ഒക്കെ നടന്ന ചരിത്രവുമുണ്ട്..
പറഞ്ഞു വന്നത് എത്രയാണ്. വോട്ടിങ് മെഷീനിൽ പരാതി ഉണ്ടെന്നു കരുതി പഴയ ബാലറ്റ് സമ്പ്രദായം കൊണ്ട് വരുന്നത് ശരിയല്ല. ശാസ്ത്രം വികസിയ്ക്കുന്ന ഈ കാലഘട്ടത്തിൽ നാം മുന്നോട്ടാണ് നടക്കേണ്ടത്, പുറകോട്ട് കാളവണ്ടി യുഗത്തിലേക്കല്ല...
അപ്പോൾ വോട്ടിങ് മെഷീനുകളെ കുറിച്ചുയരുന്ന പരാതികളെ അവഗണിയ്ക്കണമോ എന്ന് ചോദിച്ചാൽ, പാടില്ല എന്ന് തന്നെയാണ് അഭിപ്രായം.
വോട്ടിങ് മെഷീനുകളിൽ കൃത്രിമം നടത്താനുള്ള സാധ്യതകൾ തള്ളിക്കളയാൻ പറ്റില്ല. കേന്ദ്ര വിജിലൻസ് കമ്മീഷന്റെ ഓൺലൈൻ ഡേറ്റ മുഴുവൻ സൈബർ ആക്രമണത്തിൽ നഷ്ടമായ കഥകൾ വരെയുള്ള ഈ രാജ്യത്ത്, നിസ്സാരമായ വോട്ടിങ് മെഷീനുകളെ ഹാക്ക് ചെയ്യാനോ, സെറ്റിങ്സിൽ മാറ്റം വരുത്താനോ ക്രിമിനൽ സാങ്കേതിക കഴിവുകളുള്ളവർക്ക് കഴിയുകയില്ലെന്ന് വിശ്വസിയ്ക്കാൻ പ്രയാസമാണ്. അങ്ങനെ നടന്നില്ലെങ്കിൽ പോലും യന്ത്രത്തകരാർ കൊണ്ടും ഇലക്ഷൻ ഫലങ്ങൾ മാറിമറിയാനുള്ള സാധ്യത അവഗണിയ്ക്കാനാകില്ല. അങ്ങനെ അട്ടിമറികൾ നടന്നതായി വിശ്വാസയോഗ്യമായ ആരോപണങ്ങൾ ഉയർന്നാൽ റീ-പോളിംഗ് നടത്തുകയല്ലാതെ മാർഗ്ഗമില്ല.
ഇത് ഒഴിവാക്കാനും, നീതിയുക്തമായ തെരെഞ്ഞെടുപ്പ് നടത്താനും എന്താണ് മാർഗ്ഗം എന്ന് ആലോചിയ്ക്കേണ്ടിയിരിയ്ക്കുന്നു.
എന്റെ നിർദ്ദേശം ഇതാണ്.
ഒരാൾ വോട്ടിങ് മെഷീനിൽ വോട്ടു ചെയ്യുമ്പോൾ, വോട്ടിങ് ബട്ടണിൽ അമർത്തിയ ശേഷം, മെഷീൻ അയാൾക്ക് ചെയ്ത വോട്ടിന്റെ ചെറിയ കടലാസ് പ്രിന്റ് റസീപ്റ്റ് കൂടി നൽകുന്ന സംവിധാനം ഏർപ്പെടുത്തുക. വോട്ട് ചെയ്ത ക്രമനമ്പർ, ഡേറ്റ്, സമയം, വോട്ടു കിട്ടിയ സ്ഥാനാർഥി എന്നീ വിവരങ്ങൾ ആ റെസീപ്റ്റിൽ ഉണ്ടാകണം. ആ റെസീപ്റ്റ് നോക്കി താൻ ബട്ടൺ അമർത്തിയ സ്ഥാനാർത്ഥിയ്ക്ക് തന്നെയാണ് വോട്ട് വീണത് എന്ന് വോട്ടർക്ക് ഉറപ്പിയ്ക്കാം. അല്ലെങ്കിൽ മെഷീനിൽ തിരിമറി ഉണ്ടെന്ന് കണ്ട് അയാൾക്ക് റിട്ടേണിങ് ഓഫീസറോട്പരാതിപ്പെടാം.
തുടർന്ന് വോട്ടിങ് മെഷീന് അടുത്ത് വെച്ചിരിയ്ക്കുന്ന ബാലറ്റ് ബോക്സിൽ അയാൾ ആ റെസീപ്റ്റ് നിക്ഷേപിയ്ക്കണം. (ഒരു കാര്യം പ്രത്യേകം ശ്രദ്ധിയ്ക്കണം: ആ റെസീപ്റ്റ് ഒരു കാരണവശാലും പോളിങ് ബൂത്തിന് പുറത്ത് പോകരുത്. ഇലക്ഷന്റെ രഹസ്യസ്വഭാവം അത് നഷ്ടമാക്കും.)
വോട്ടിങ് മെഷീനുകൾക്കൊപ്പം ഈ ബാലറ്റ് ബോക്സുകളും സീൽ ചെയ്ത് പ്രത്യേകം സൂക്ഷിയ്ക്കുക. വോട്ടിങ് മെഷീനിൽ വോട്ട് എണ്ണി തീർന്നശേഷം, ഏതെങ്കിലും വോട്ടിങ് മെഷീനെപ്പറ്റി കഴമ്പുള്ള പരാതികൾ ഉയരുന്നപക്ഷം, അതിന്റെ റെസീപ്റ്റുകൾ അടങ്ങിയ ബാലറ്റ് ബോക്സു തുറന്ന് എണ്ണി വോട്ടുകളുടെ എണ്ണം കൺഫേം ചെയ്യാം.
ഈ സമ്പ്രദായം പരാതികൾ ഒഴിവാക്കാൻ സഹായിയ്ക്കും എന്നാണ് എന്റെ വിശ്വാസം.

Comments

Popular posts from this blog

ഗോഡ്‌സെയും, നിർമ്മൽ ചാറ്റർജിയും ഗാന്ധിവധവും - ഒരു സംഘി നുണക്കഥ !

ശംബുകൻ

മതവിശ്വാസവും വര്‍ഗ്ഗീയവാദവും - പൊതുചര്‍ച്ച