പൂച്ചയ്ക്കാര് മണി കെട്ടും?



1964 ഫെബ്രുവരി.
കേരളരാഷ്ട്രീയ ചരിത്രത്തിലെ ആദ്യലൈംഗികആരോപണവിവാദം നടന്നത് ആ മാസമാണ്.
അന്ന് പീച്ചിഡാമിന്റെ തീരത്ത് തന്റെ അംബാസിഡര് കാറിലൂടെ സഞ്ചരിക്കുകയായിരുന്നു ആഭ്യന്തരമന്ത്രിയും കോൺഗ്രസ്സിന്റെ തലമുതിർന്ന നേതാവുമായ പി.ടി ചാക്കോയുടെ വാഹനം ഒരു ഉന്തുവണ്ടിയില് ഇടിച്ചു. ആർക്കും വലുതായി പരിക്ക് പറ്റിയില്ല. എന്നാൽ അപകടം നടക്കുമ്പോൾ മന്ത്രിയുടെ വാഹനത്തില് ഒരു സ്ത്രീ ഉണ്ടായിരുന്നതായി ആരോപണം ഉയർന്നു. കേരളത്തില് രാഷ്ട്രീയ വിവാദമാകാന് അതു മതിയായിരുന്നു. പട്ടാപ്പകല് പരസ്യമായി ഒരു സ്ത്രീയോടൊപ്പം മന്ത്രി കാറില് സഞ്ചരിച്ചത് പോലും വിവാദമായി മാറിയെന്ന് സാരം.
കേരളസംസ്ഥാനത്തിലെ ആദ്യപ്രതിപക്ഷനേതാവ് ആയിരുന്ന പി.ടി.ചാക്കോ അന്ന് കോൺഗ്രസിന്റെ ഏറ്റവും തലയെടുപ്പുള്ള നേതാവായിരുന്നു. ആർ.ശങ്കർ മന്ത്രിസഭയിലെ ആഭ്യന്തര, റെവന്യൂ വകുപ്പുകൾ ഭരിച്ചിരുന്ന അദ്ദേഹം സമീപഭാവിയിൽത്തന്നെ കേരള മുഖ്യമന്ത്രിയാകും എന്ന് പലരും കരുതിയിരുന്നു. അതിനാൽ തന്നെ അദ്ദേഹത്തിനെതിരെ പാർട്ടിയ്ക്കുള്ളിൽ പടയൊരുക്കം നടത്തിയ എതിർഗ്രൂപ്പുകാർ ആയിരുന്നു ഈ വിവാദത്തിന് പിന്നിൽ. സഖ്യകക്ഷികളെ കൂട്ടുപിടിച്ച് അവർ മന്ത്രിയ്ക്കെതിരെ കരുനീക്കം ശക്തമാക്കി.
ഒടുവില് സ്വന്തം പാർട്ടിയ്ക്കുള്ളിലെ സമ്മർദ്ദം സഹിയ്ക്കാനാകാതെ പി.ടി ചാക്കോയ്ക്ക് മന്ത്രിസ്ഥാനം രാജി വയ്ക്കേണ്ടിവരെ വന്നു. ആ അപമാനഭാരം അദ്ദേഹത്തിന് താങ്ങാൻ കഴിഞ്ഞില്ല. ഇത് ഒടുവിലെത്തിയത് മന്ത്രിയുടെ മരണത്തിലായിരുന്നു. ആ വർഷം ആഗസ്റ്റ് മാസത്തിൽ ഹൃദയാഘാതം മൂലം മരിയ്ക്കുമ്പോൾ അദ്ദേഹത്തിന് വെറും 49 വയസ്സേ ഉണ്ടായിരുന്നുള്ളൂ.
പി.ടി.ചാക്കോയുടെ മരണത്തെ തുടർന്ന് അദ്ദേഹത്തിന്റെ അനുയായികൾ കൊണ്ഗ്രെസ്സ് പാർട്ടിയിൽ നിന്നും പുറത്ത് വന്ന്, കേരളാകോൺഗ്രെസ്സ് എന്ന പാർട്ടിയുണ്ടാക്കിയത് പിന്നീടുള്ള ചരിത്രം.
ലൈംഗികആരോപണങ്ങൾ എന്നും അധികാരത്തിന്റെ ഇടനാഴികളിൽ ശക്തമായ ആയുധങ്ങളായിരുന്നു.
ഗ്രൂപ്പ് കളികൾക്ക് പ്രത്യേകിച്ചും….
അറുപത് വര്ഷത്തിനിപ്പുറവും കേരള രാഷ്ട്രീയം ചര്ച്ച ചെയ്യുന്ന വിഷയത്തില് മാറ്റം വന്നിട്ടില്ലെന്നാണ് ഇന്നത്തെ മന്ത്രി ശശീന്ദ്രന്റെ വിവാദം കാണിയ്ക്കുന്നത്.
ആ കേട്ട ഓഡിയോ ക്ലിപ്പ് എന്തെങ്കിലും കുറ്റകൃത്യത്തെ തെളിവാക്കുന്നതായി തോന്നുന്നില്ല.
ആ സ്ത്രീ ഉൾപ്പടെ ആരും പരാതിയുമായി വന്നിട്ടുമില്ല. അതിനാൽ മന്ത്രി രാജി വെച്ചത് ശരിയല്ല എന്നാണ് പറയാനുള്ളത്.
ഒരാളുടെ ലൈംഗികജീവിതം അയാളുടെ മാത്രം സ്വകാര്യമാണ്. അല്ലാതെ സമൂഹത്തിന്റെ പൊതുസ്വത്തല്ല.
സ്വകാര്യലൈംഗിക വിവാദങ്ങളിൽ (അത് ഐസ്ക്രീം കേസ്, നീലൻ കേസ് പോലുള്ള ക്രിമിനൽ കേസുകളിൽ ഒഴിച്ച്) രാജി വെയ്ക്കുന്ന ശീലം രാഷ്ട്രീയക്കാർ അവസാനിപ്പിയ്ക്കണമെന്നാണ് എന്റെ അഭിപ്രായം.
ഒരു രാഷ്ട്രീയക്കാരൻ സ്വന്തം വ്യക്തിജീവിതത്തിൽ എത്ര സദാചാരം പുലർത്തുന്നവനാണ് എന്നതല്ല അവനെ വിലയിരുത്താനുള്ള മാനദണ്ഡം., അവൻ പൊതുസമൂഹത്തിനും, ജനങ്ങൾക്കും വേണ്ടി എന്തെല്ലാം പ്രവർത്തിയ്ക്കുന്നു എന്നതാകണം.
ഇക്കിളിക്കഥകൾക്ക് കേരളസമൂഹത്തിലുള്ള സ്വാധീനം കുറയ്ക്കാൻ, "ഞാനാരുടെ കൂടെ കിടക്കുന്നു എന്നത് നോക്കി ആരും വോട്ടു ചെയ്യണ്ട" എന്ന് പറയാൻ തന്റേടമുള്ള ഒരു രാഷ്ട്രീയക്കാരൻ ഇനിയും ജനിയ്ക്കേണ്ടിയിരിയ്ക്കുന്നു.

====================================================

തൊണ്ണൂറുകളിൽ മലയാളി കൗമാരങ്ങളെ "മുത്തുച്ചിപ്പി"യിലൂടെയും, വാരികയിലെ "അഞ്ചു സുന്ദരികൾ" പോലുള്ള നോവലുകളിലൂടെയും കോരിത്തരിപ്പിച്ച മംഗളം മാനേജ്‌മെന്റ്, ഇന്ന് മലയാളികളെ സദാചാരം പഠിപ്പിയ്ക്കാനെന്ന പേരിൽ വ്യഭിചാര ചാനൽ പ്രവർത്തനം നടത്തുന്നത് കാണുമ്പോൾ തോന്നുന്നത് പുശ്ചമല്ല...
അറപ്പാണ്...
സ്വന്തം ചാനലിന്റെ പ്രചാരണത്തിനായി ഒരു പൊതുപ്രവർത്തകനെ, വാടകയ്‌ക്കെടുത്ത സ്ത്രീയെ ഉപയോഗിച്ച് "ഹണി ട്രാപ്പിൽ" കുടുക്കി, അവരുടെ സംഭാഷണം ചോർത്തി പരസ്യമായി കുടുംബ സദസ്സുകളിൽ വിളമ്പുന്ന ഉളുപ്പില്ലാഴ്മ,"മഞ്ഞ സംസ്കാരം "വിളമ്പുന്ന "മംഗളം" പോലൊരു മാനേജ്‌മെന്റിൽ നിന്നുണ്ടായതിൽ അത്ഭുതമില്ല.
"ആരുടെ തുണി ഉരിഞ്ഞായാലും, എന്ത് നുണ വിളമ്പിയായാലും, ഞങ്ങൾക്ക് കാശുണ്ടാക്കണം" എന്നത് മംഗളത്തിന്റെ പാരമ്പര്യമാണ്.
ഇതാണ് മാധ്യമപ്രവർത്തനമെങ്കിൽ, മഹാനഗരങ്ങളിൽ "ചുവന്ന തെരുവുകളിൽ" ജീവിയ്ക്കാനായി ശരീരം വിൽക്കുന്ന സ്ത്രീകളുടെ പ്രവർത്തിയ്ക്ക് ഇതിലുമധികം അന്തസ്സ് ഉണ്ടെന്ന് പറയേണ്ടി വരും..
പക്ഷെ, ഒരു സത്യം പറയാതെ വയ്യ...
ഇതിൽ ധാർമികരോഷം കൊള്ളാൻ, പല മാധ്യമകേസരികൾക്കും അവകാശമില്ല.
കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്ന് കാണേണ്ട പരിപാടിയല്ല വാർത്ത എന്ന അവസ്ഥ തുടങ്ങിയത് മംഗളമല്ല.
ജോസ് തെറ്റയിലിന്റെ അശ്ലീല വീഡിയോ പരസ്യമായി ചാനലിൽ ഓടിച്ചവരും, സരിതയുടെ "സ്മാർത്ത വിചാരത്തിൽ" ഗവേഷണം നടത്തിയവരും, പീഡനകേസുകളെ ആഘോഷ പരമ്പരയാക്കിയവരും വെട്ടിത്തെളിച്ച വഴിയിലൂടെത്തന്നെയാണ്, മംഗലത്തിന്റെയും യാത്ര....
പാമ്പിനെതിന്നുന്ന നാട്ടിൽ അവർ പെരുമ്പാമ്പിനെ തിന്നാൻ നോക്കുന്നു..
ദശകങ്ങളുടെ ഉളുപ്പില്ലായ്മയുടെ പാരമ്പര്യം കാരണം, ഇക്കിളിയുടെ കഥകൾ മെനഞ്ഞെടുക്കേണ്ടത് എങ്ങനെയെന്ന്, അവരെയാരും പഠിപ്പിയ്ക്കേണ്ട ആവശ്യമില്ല എന്ന് മാത്രം..
ഇത് അവസാനിയ്ക്കാനും പോകുന്നില്ല.
ഇനി മംഗളത്തേക്കാളും അശ്ലീലകഥകൾ ഉണ്ടാക്കാനാകുമോ എന്ന് മത്സരിയ്ക്കുന്ന ചാനലുകളെയും കാണാം..
ഇതിന് അവസാനമുണ്ടാകണമെങ്കിൽ ഒരേ ഒരു വഴിയേ ഉള്ളൂ..
കേരളസമൂഹം അതിന്റെ കപടസദാചാരത്തെ ഉപേക്ഷിയ്ക്കണം..
ഇന്റർനെറ്റിലും, സോഷ്യൽ മീഡിയയിലും ലൈംഗിക ദൃശ്യങ്ങൾ രഹസ്യമായി ചികയുകയും, പരസ്യമായി സദാചാരം പറയുകയും ചെയ്യുന്ന സമൂഹമാണ് മലയാളിയുടേത്.
ആ കപടസദാചാരം കാരണമാണ്, പരസ്യമായ ലൈംഗിക ദൃശ്യങ്ങളെയോ, സൂചനകളെയോ വ്യക്തികൾ ഭയപ്പെടുന്നത്.
"എന്റെ സ്വകാര്യതയോ നഗ്നതയോ, ഞാനറിയാതെ ഒപ്പിയെടുത്ത്, നീ സംപ്രേക്ഷണം ചെയ്‌താൽ എനിയ്ക്ക് പുല്ലാണ്. വാർത്തയെന്ന പേരിൽ വിറ്റ് കാശാക്കാൻ നോക്കിയാൽ, നിന്നെ ഞാൻ നിയമപരമായി നേരിടും." എന്ന് തിരിച്ചു പറയുന്ന മാനസികനിലയുള്ള ഒരു തലമുറ വളർന്നു വരണം..
സരിത എന്ന തട്ടിപ്പുകാരിയുടെ പ്രവർത്തികളോട് പല വിയോജിപ്പുകളും ഉണ്ടെങ്കിലും, അവരോടു ശരിയ്ക്കും ബഹുമാനം തോന്നിയത്, അവർ ഒരിയ്ക്കൽ പറഞ്ഞ ഒരു വാചകം കേട്ടപ്പോഴാണ്.
കേരളസദാചാര സമൂഹം അവരുടെ നഗ്നദൃശ്യങ്ങൾ വാട്സാപ്പിലൂടെ ആഘോഷിച്ചപ്പോൾ, അതിനെപ്പറ്റി ചോദിച്ച പത്രപ്രവർത്തകരോട് അവർ പറഞ്ഞ മറുപടി ഇതാണ്.
" അപമാനഭയം കാരണം ഞാൻ ആത്മഹത്യ ചെയ്യാൻ വേണ്ടിയാകും ചിലർ എന്റെ സ്വകാര്യദൃശ്യങ്ങൾ പ്രചരിപ്പിച്ചത്. അതിന് എനിയ്ക്ക് മനസ്സില്ല. അവരെന്തോ ചെയ്യട്ടെ. ഞാൻ വകവയ്ക്കില്ല."
ആ പറഞ്ഞ വാചകങ്ങങ്ങളിലെ തന്റേടം, മലയാളികൾ ഒന്നടങ്കം പറയാൻ തുടങ്ങുന്ന കാലത്ത് മാത്രമേ, ഇക്കിളി പത്രപ്രവർത്തനങ്ങൾക്കും, ലൈംഗിക ബ്ലാക്ക് മെയിൽ ക്രിമിനലുകൾക്കും, സദാചാരഗുണ്ടകൾക്കും ഈ സമൂഹത്തിലുള്ള നിലനിൽപ്പ് ഇല്ലാതാകൂ..


Comments

Popular posts from this blog

ഗോഡ്‌സെയും, നിർമ്മൽ ചാറ്റർജിയും ഗാന്ധിവധവും - ഒരു സംഘി നുണക്കഥ !

ശംബുകൻ

മതവിശ്വാസവും വര്‍ഗ്ഗീയവാദവും - പൊതുചര്‍ച്ച