ആഫ്രിക്കൻ വംശജർ.....വംശീയ ആക്രമണങ്ങൾ...



അമേരിക്കയിലും, ആസ്‌ത്രേലിയയിലും ഇന്ത്യക്കാർ വംശീയആക്രമണത്തിന് ഇരയാകുന്നു എന്ന വാർത്തകൾ വരുമ്പോഴെല്ലാം രക്തം തിളച്ചു പ്രതികരിയ്ക്കുന്ന ദേശസ്നേഹികളൊക്കെ, ഉത്തരപ്രദേശിലെ ഗ്രെറ്റർ നോയിഡയിൽ നടക്കുന്ന വംശീയ ആക്രമണങ്ങളെ അവഗണിയ്ക്കുന്നത് വേദനയുളവാക്കുന്ന കാര്യമാണ്.
ഇന്ത്യയിൽ താമസിയ്ക്കുന്ന ആഫ്രിക്കൻ വംശജരായ വിദ്യാർത്ഥികൾക്കും പൗരന്മാർക്കുമെതിരെ നടക്കുന്ന വംശീയആക്രമണങ്ങൾ, ലോകസമൂഹത്തിന്റെ മുന്നിൽ നമ്മുടെ രാജ്യത്തിന്റെ തല കുനിയുന്ന രീതിയിൽ വളരുകയാണ്.
ദരിദ്രരാജ്യങ്ങളാണ് ആഫ്രിക്കയിൽ കൂടുതലുമുള്ളത്. മെച്ചപ്പെട്ട വിദ്യാഭ്യാസത്തിനും, ജോലിയ്ക്കുമായി വിസയെടുത്ത് ഇന്ത്യയിൽ, പ്രത്യേകിച്ചും നോയിഡ പോലുള്ള വ്യവസായനഗരങ്ങളിലും പരിസര പ്രദേശങ്ങളിലും ധാരാളം ആഫ്രിക്കൻ പൗരന്മാർ കാലങ്ങളായി താമസിയ്ക്കാറുണ്ട്.
സംഭവങ്ങളുടെ തുടക്കം കഴിഞ്ഞ ആഴ്ച മനീഷ് എന്ന പതിനേഴുകാരനായ പ്ലസ് ടൂ വിദ്യാർത്ഥിയുടെ മരണത്തോടെയാണ്. മയക്കുമരുന്നിന്റെ അമിതമായ ഉപയോഗമായിരുന്നു മരണകാരണം. ആ സ്ഥലത്തുള്ള ഒരു വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന അഞ്ചു നൈജീരിയൻ വിദ്യാർത്ഥികളാണ് മയക്കുമരുന്ന് കച്ചവടത്തിന് പിന്നിലെന്ന് ആരോപിച്ച് ചിലർ പോലീസിൽ പരാതി കൊടുത്തു. പോലീസ് നൈജീരിയൻ വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്‌തെങ്കിലും, അവർ നിരപരാധികളാണെന്ന് മനസ്സിലായപ്പോൾ വെറുതെ വിട്ടു. എന്നാൽ സമീപവാസികളായ കുറെ പേർ, കുറെ 'രാജ്യസ്നേഹി'കളുടെ നേതൃത്വത്തിൽ ഒരു ജാഥയായി ആ വീട് ആക്രമിയ്ക്കുകയും, അഞ്ചു നൈജീരിയക്കാരെയും തല്ലി ചതയ്ക്കുകയും ചെയ്തു. പോലീസ് ഈ ആക്രമം കണ്ടിട്ടും പ്രതികരിച്ചില്ല എന്നും പരാതി ഉയർന്നു.
ഇതിനെതിരെ നൈജീരിയൻ എംബസ്സി ഇന്ത്യൻ വിദേശകാര്യവകുപ്പിൽ പരാതിപ്പെട്ടപ്പോൾ, മന്ത്രി സുഷമ സ്വരാജ് ഉത്തരപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിളിച്ച് നടപടിയെടുക്കാൻ ആവശ്യപ്പെട്ടു. അഞ്ചുപേരെ അറസ്റ്റ് ചെയ്തെന്നു വരുത്തി പോലീസ് കേസ് ഒതുക്കി തീർത്തു.
എന്നാൽ അവിടം കൊണ്ടും അക്രമപരമ്പര അവസാനിച്ചില്ല. നോയിഡയിലെ ഒരു മാളിൽ വെച്ച് മറ്റു ചില ആഫ്രിക്കൻ വിദ്യാർത്ഥികളും ആക്രമിയ്ക്കപ്പെട്ടു. ചൊവ്വാഴ്ച്ച രാത്രി, ഒരു ടാക്സിയിൽ വരികയായിരുന്ന കെനിയൻ യുവതിയെ ചിലർ കാറ് തടഞ്ഞു നിർത്തി വലിച്ചിറക്കി മർദ്ദിച്ചു.
നൈജീരിയ, കെനിയ എന്ന് വേണ്ട, കറുത്ത നിറവും, ചുരുണ്ട തലമുടികളും, തടിച്ച ചുണ്ടുകളുമുള്ള ഏത് ആഫ്രിക്കൻ വംശജനും എവിടെ വെച്ചു വേണമെങ്കിലും ആക്രമിയ്ക്കപ്പെടാം എന്നതാണ് അവിടത്തെ ഇപ്പോഴത്തെ അവസ്ഥ. വിദ്യാഭ്യാസത്തിനും, ജോലിയ്ക്കുമായി നോയിഡയിൽ താമസിയ്ക്കുന്ന ആഫ്രിക്കൻ വംശജർ ഒക്കെ ഈ വംശീയ വിദ്വേഷത്തിന്റെ നിഴലിലാണ് ഇപ്പോൾ.
'കറുപ്പന്മാർ അവന്റെ രാജ്യത്തേയ്ക്ക് തിരിച്ചു പോകട്ടെ, ഇത് ഇന്ത്യക്കാരുടെ മാത്രം രാജ്യമാണ്' എന്ന "ദേശസ്നേഹ"ത്തിന്റെ ധ്വനികളാണ് ഇന്ന് നോയിഡ സമൂഹത്തിൽ മുഴങ്ങുന്നത്.
വാഷിംഗ്ടൺ പോസ്റ്റ് മുൻപ് നടത്തിയ ഒരു സർവ്വേയിൽ "ലോകത്ത് ഏറ്റവുമധികം വംശീയ അസഹിഷ്ണുതയുള്ള രാജ്യം" എന്ന ബഹുമതി ജോർദ്ദാന്റെ ഒപ്പം പങ്കിട്ട രാജ്യമാണ് ഇന്ത്യ.
സർവേയിൽ പങ്കെടുത്തവരോടെല്ലാം ഒരേ ചോദ്യമാണ് ചോദിച്ചത്.
"നിങ്ങളുടെ അയൽപക്കത്ത് എങ്ങനെയുള്ള ആളുകൾ താമസിയ്ക്കുന്നതാണ്‌ നിങ്ങൾ ഇഷ്ടപ്പെടാത്തത്".
ഇന്ത്യ, ജോർദാൻ എന്നിവിടങ്ങളിൽ 40 ശതമാനത്തിലധികംപേരും ഉത്തരം നൽകിയത്
"മറ്റു സമുദായത്തിൽ/വംശത്തിൽ പെട്ടവർ" എന്നായിരുന്നു.
അതൊരു കറുത്ത സത്യമല്ലേ..
മറ്റു ദേശത്തിൽപെട്ടവർ, മറ്റു മതത്തിൽപെട്ടവർ, മറ്റു ജാതിയിൽപ്പെട്ടവർ എന്നിവരൊന്നും അയൽപക്കത്ത് താമസിയ്ക്കുന്ന പോലും ഇഷ്ടപ്പെടാത്തവരാണ് ഇന്നും നമ്മുടെ ഭൂരിഭാഗം സമൂഹവും. (കേരളത്തിൽ കുറവാകാം.. പക്ഷെ ഉത്തരേന്ത്യയിൽ ഈ അസഹിഷ്ണുത പ്രകടമായി കാണാം)
നോയിഡയിൽ ഇപ്പോൾ നടക്കുന്ന വംശീയ കലാപങ്ങൾക്ക് പിന്നിലും ഈ അസഹിഷ്ണുത തന്നെയാണ്. പ്രത്യേകിച്ചും കറുത്ത തൊലിയോടുള്ള വെറുപ്പ് നിറഞ്ഞ ഒരു സമൂഹത്തിൽ...
ദേശീയവാദത്തിന്റെ തീവ്രത വളർത്തുന്ന രാഷ്ട്രീയ അജണ്ടകൾ ഈ വംശീയവിദ്വേഷത്തിന് തീ പടർത്തുന്നു..
ഈ ആക്രമണങ്ങൾ തകർക്കുന്നത് ലോകരാഷ്ട്രങ്ങൾക്ക് മുന്നിലുള്ള ഇന്ത്യയുടെ അന്തസ്സാണ്..
അത് മറക്കരുത്..

Comments

Popular posts from this blog

ഗോഡ്‌സെയും, നിർമ്മൽ ചാറ്റർജിയും ഗാന്ധിവധവും - ഒരു സംഘി നുണക്കഥ !

ശംബുകൻ

മതവിശ്വാസവും വര്‍ഗ്ഗീയവാദവും - പൊതുചര്‍ച്ച