അസാധാരണക്കാരിയായ സാധാരണക്കാരി..



"യുവതിയുടെ ട്വീറ്റിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വക സമ്മാനം" ..
ഏതാനും ദിവസങ്ങൾക്ക് മുൻപ് ദേശീയമാധ്യമങ്ങളിൽ ഉൾപ്പെടെ വൻവാർത്തയായിരുന്നു ഈ തലക്കെട്ട്.

കോയമ്പത്തൂരിലെ വിവാദസ്വാമിയുടെ ആശ്രമത്തിലെ വലിയ ശിവപ്രതിമ അനാച്ഛാദനം ചെയ്ത പ്രധാനമന്ത്രിയുടെ ഫോട്ടോ കണ്ടു, ആ ഫോട്ടോയിൽ കണ്ട "പ്രധാനമന്ത്രിയുടെ ഷാള് എനിക്ക് വേണ’മെന്ന് ട്വീറ്റ് ചെയ്ത ശിൽപി തിവാരി എന്ന ഡൽഹി യുവതിയ്ക്ക്, പ്രധാനമന്ത്രി തന്റെ കഴുത്തില് കിടന്ന ഷാള് നല്കി എന്നും, ട്വീറ്റ് ചെയ്ത് ഒരു ദിവസത്തിനകമാണ് പ്രധാനമന്ത്രി കൈയൊപ്പിട്ട പ്രിന്റൗട്ടോടെ ഷാള് ശില്പിയുടെ കൈകളിലെത്തിയത് എന്നും വാർത്ത പറയുന്നു. 

പിന്നാലെ ഷാള് കഴുത്തില് അണിഞ്ഞുള്ള ചിത്രം, "ദിവസവും അനേകം മൈലുകള് സഞ്ചരിക്കുന്ന, ആധുനിക ഇന്ത്യയുടെ കര്മയോഗിയില് നിന്ന ലഭിച്ച അനുഗ്രഹത്തില് ഏറെ സന്തോഷമുണ്ടെന്ന" കുറിപ്പോടെ ശിൽപി തിവാരി ട്വിറ്ററില് പോസ്റ്റ് ചെയ്തു.

സോഷ്യൽ മീഡിയയിൽ പതിവുപോലെ, മോഡി ഭക്തരും, സംഘപരിവാർ അനുകൂലികളും ഈ വാർത്ത ഓടിനടന്ന് ഷെയർ ചെയ്യുകയും, ഒരു "സാധാരണക്കാരിയ്ക്ക്" ചോദിച്ച സമ്മാനം നൽകിയ "മഹാത്മാ"മോഡിയുടെ സ്തുതികൾ പാടുകയും ചെയ്തു.

ഈ വാർത്ത കണ്ടപ്പോൾ എനിയ്ക്ക് തോന്നിയ കൗതുകം ആ യുവതിയുടെ പേരാണ്.

ശിൽപി തിവാരി!
മുൻപെങ്ങോ കേട്ട പേര്...

പിന്നെ ഗൂഗിൾ അണ്ണനെ സഹായത്തിന് വിളിച്ചു സെർച്ച് ചെയ്തു നോക്കി..
സംഗതികളുടെ ഇരുപ്പുവശം പെട്ടെന്ന് തന്നെ പിടികിട്ടി.

ശിൽപി തിവാരി പ്രശസ്തയാണ്.. പ്രമുഖയാണ്...!

മുൻമാനവവിഭവശേഷി മന്ത്രിയും, ഇപ്പോൾ ടെക്സ്റ്റൈൽ മന്ത്രിയുമായ ശ്രീമതി സ്മൃതി ഇറാനിയുടെ വലംകൈ ആണ് പുള്ളിക്കാരി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില് അമേത്തിയില് സ്മൃതി ഇറാനി മത്സരിച്ചപ്പോള്, പ്രചരണ ചുമതല വഹിച്ചിരുന്നത് ശിൽപി തിവാരിയാണ്. സ്മൃതി ഇറാനി മന്ത്രിയായപ്പോൾ, അവരുടെ ഓഫീസ് ഡിജിറ്റല് കണ്സല്ട്ടന്റായി ശിൽപി തിവാരിയെ നിയമിക്കാന് നീക്കം നടന്നിരുന്നത് വിവാദമായിരുന്നു. എം.ടെക് അടിസ്ഥാന യോഗ്യതയായുള്ള ഈ പദവിക്ക് ആര്ക്കിടെക്ച്ചര് ബിരുദധാരിയായ ശില്പിക്ക് ഇളവ് നല്കണമെന്ന് സ്മൃതി ഇറാനിയുടെ ഓഫീസ് ആവശ്യപ്പെട്ടതായിരുന്നു വിവാദം സൃഷ്ടിച്ചത്. 

പ്രധാനമന്ത്രി മോഡിയും, ധനമന്ത്രി അരുൺ ജെറ്റ്ലിയും പോലുള്ള ബി.ജെ.പിയുടെ തലമൂത്ത നേതാക്കൾ ട്വിറ്ററിൽ ശിൽപിയെ പിന്തുടരുന്നുണ്ട് എന്ന് പറയുമ്പോൾ പുള്ളിക്കാരിയുടെ സ്വാധീനവലയത്തിന്റെ ശക്തി മനസ്സിലാകും.

എന്നാൽ ഇതൊന്നുമല്ല ശിൽപി തിവാരിയെ ശരിയ്ക്ക് "പ്രമുഖ"യാക്കുന്നത്. കഴിഞ്ഞ വർഷം ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ നടന്ന എ.ഐ.എസ്.എഫ് നേതാവ് കനയ്യകുമാർ ഉൾപ്പെട്ട അറസ്റ്റ് ചെയ്യപ്പെട്ട "രാജ്യദ്രോഹവിവാദം" ഓർമ്മയുണ്ടല്ലോ. അന്ന് കനയ്യ കുമാറിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താൻ ചില വീഡിയോ ദൃശ്യങ്ങൾ കേന്ദ്രസർക്കാർ നിയന്ത്രിയ്ക്കുന്ന ഡൽഹി പോലീസ് കോടതിയിൽ ഹാജരാക്കുകയുണ്ടായി. എന്നാൽ വിവാദ പ്രസംഗമെന്ന പേരില് പ്രചരിപ്പിക്കപ്പെട്ട ഏഴു വീഡിയോകളില് മൂന്നെണ്ണം വ്യാജമാണെന്ന് ഫോറന്സിക് വിഭാഗം കണ്ടെത്തി. തുടർന്ന് ഐ.പി അഡ്രസ് കണ്ടുപിടിച്ച് നടന്ന അന്വേഷണത്തിൽ ശിൽപി തിവാരി എന്നു പേരുള്ള അക്കൗണ്ടില് നിന്നാണ് ഈ വ്യാജവീഡിയോകൾ അപ് ലോഡ് ചെയ്യപ്പെട്ടതെന്നും, സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചത് എന്നും തെളിഞ്ഞു. പത്രങ്ങൾ ഈ വാർത്ത പുറത്തു കൊണ്ടുവന്നതോടെ, "താൻ വെക്കേഷന് പോകുന്നു" എന്ന് പോസ്റ്റ് ചെയ്ത്, ട്വിറ്റർ അക്കൗണ്ട് പൂട്ടി, ശിൽപി തിവാരി മുങ്ങുകയായിരുന്നു.

ജെ.എൻ.യു വിവാദത്തിൽ കനയ്യകുമാർ നിരപരാധിയാണ് എന്ന പോലീസ് അന്വേഷണറിപ്പോർട്ട് ചില പത്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ ചോർത്തി വാർത്ത നൽകുകയുണ്ടായല്ലോ.

മുൻപ് കനയ്യകുമാറിനെ "രാജ്യദ്രോഹി" എന്ന് മുദ്രകുത്തി, ജനങ്ങൾക്കിടയിൽ പ്രചാരണം നടത്താൻ സംഘികളും മോഡി സർക്കാരും ഉപയോഗിച്ച ഏറ്റവും വലിയ ഉപകരണമായിരുന്നു ശിൽപി തിവാരി ഉണ്ടാക്കിയ ആ വ്യാജവീഡിയോകൾ. അതിന്റെ പേരിൽ കോടതി വളപ്പിൽ മർദ്ദനത്തിന് വരെ കനയ്യകുമാർ ഇരയായി. 

എന്നിട്ടും ഒരു വർഷം കഴിഞ്ഞിട്ടും, ശിൽപിയെ അറസ്റ്റ് ചെയ്യാനോ നിയമനടപടികൾ എടുക്കാനോ കേന്ദ്രസർക്കാരോ ഡൽഹി പൊലീസോ തയ്യാറായില്ല എന്നതും ചേർത്തു വായിയ്ക്കണം.

അല്ലെങ്കിലും അതങ്ങനെയാണ്.

ഭരണകൂടത്തിന് വേണ്ടി നിയമലംഘനം നടത്തുന്നവരെ ശിക്ഷിയ്ക്കാൻ "മനുസ്മൃതി"യിൽ വകുപ്പില്ലല്ലോ...

നരേന്ദ്രമോഡി ശിൽപി തിവാരിയ്ക്ക് സമ്മാനിച്ചത് വെറും ഷാളല്ല, "അന്ത വ്യാജവീഡിയോയ്ക്ക്, ഇന്ത പട്ട്", എന്ന നിലയിലുള്ള സമ്മാനപ്പട്ട് തന്നെയെന്ന് ന്യായമായും സംശയിയ്ക്കാം.

അതോ ബി.ജെ.പിയുടെ ഐ.ടി വിഭാഗം സോഷ്യൽ മീഡിയയിൽ തീർത്ത പി.ആർ നാടകമോ..?
 — 

Comments

Popular posts from this blog

ഗോഡ്‌സെയും, നിർമ്മൽ ചാറ്റർജിയും ഗാന്ധിവധവും - ഒരു സംഘി നുണക്കഥ !

ശംബുകൻ

മതവിശ്വാസവും വര്‍ഗ്ഗീയവാദവും - പൊതുചര്‍ച്ച