ആകാശത്തിലെ ഏകാന്തതകൾ ...



നെസ്മയിൽ ചേർന്ന കാലം മുതൽ ജോലിയുടെ ഭാഗമായി ധാരാളം വിമാനയാത്രകൾ ചെയ്യേണ്ടി വന്നിട്ടുണ്ട്. പലപ്പോഴും രസകരവും അല്ലാത്തതുമായ അനുഭവങ്ങൾ നേരിടേണ്ടി വരാറുമുണ്ട്. എന്നാൽ ജിദ്ദയിൽ നിന്നും ദമ്മാമിലേയ്ക്ക് ഇന്നലെ നടത്തിയ യാത്ര അതിനെയെല്ലാം കടത്തി വെട്ടും.
ആദ്യം ചെറിയൊരു വിശദീകരണം തരേണ്ടതുണ്ട്. സൗദി അറേബ്യയിലെ ആഭ്യന്തരവിമാനയാത്ര ഇനിയും ഏറെ വികസിയ്ക്കേണ്ട ഒരു മേഖലയാണ്. സൗദി എയർലൈൻസ്, നാസ് എയർ എന്നീ കമ്പനികളാണ് പ്രധാനമായും ആഭ്യന്തരസർവീസ് നടത്തുന്ന കമ്പനികൾ.
നാസ് എയർ വളരെ "കൂറ" എയർലൈൻസ് ആണ്. എക്കോമണി ഫ്ലൈറ്റ് എന്നാണ് പേരെങ്കിലും പലപ്പോഴും ടിക്കറ്റ് റേറ്റ് അത്ര "എക്കണോമി" അല്ല. പച്ചവെള്ളം പോലും ഫ്ലൈറ്റിൽ കിട്ടില്ല. വേണമെങ്കിൽ ഫ്ലൈറ്റിൽ വെച്ച് കാശ് കൊടുത്ത് വാങ്ങി ഉപയോഗിയ്ക്കാം. 'ആകാശത്തിലെ പെട്ടിക്കട' എന്നാണ് ഞങ്ങൾ സുഹൃത്തുക്കൾ അതിനെ വിളിയ്ക്കുന്നത്. പല ഫ്ലൈറ്റിലും സീറ്റുകൾ തമ്മിൽ അകലം കുറവായതിനാൽ കാല് മടക്കി വയ്ക്കുന്നതിൽ ബുദ്ധിമുട്ട് തോന്നാറുണ്ട്. ഫ്ലൈറ്റ് വൈകുന്നതും, സമയത്ത് പോകാത്തതും ഒക്കെ പതിവാണ്. ഇങ്ങനെയൊക്കെ ആണെങ്കിലും സാമാന്യം തരക്കേടില്ലാതെ യാത്രക്കാരെ ഇവർക്ക് കിട്ടാറുണ്ട്.
സൗദി എയർലൈൻസ് തമ്മിൽ ഭേദമാണ്. വൃത്തിയുള്ള ഫ്ലൈറ്റുകളും, കൃത്യമായ സമയക്രമവും ഒക്കെ ഉണ്ട്. ഫ്ലൈറ്റിൽ സാൻഡ്‌വിച്ചും വെള്ളവും തരും. എന്നാൽ പലപ്പോഴും ജീവനക്കാർ മുരടൻ സ്വഭാവം കാട്ടാറുണ്ട്. ടിക്കറ്റ് റേറ്റ് കൂടുതലാണ്. സൗദിയുടെ എല്ലാ വിമാനത്താവളങ്ങളിലേയ്ക്കും ഇവർക്ക് സർവ്വീസ് ഉള്ളതിനാൽ, ആളുകൾ ഏറ്റവും കൂടുതൽ ആശ്രയിയ്ക്കുന്നത് ഈ എയർലൈൻസിനെ ആണ്.
ഈ രണ്ടു കമ്പനികളും കുത്തക പുലർത്തിയ ആഭ്യന്തരമേഖലയിലേയ്ക്ക് ഇപ്പോൾ പുതുതായി മറ്റു രണ്ടു എയർലൈൻസ് കമ്പനികൾ കൂടെ വന്നിട്ടുണ്ട്. നെസ്മ എയർലൈൻസ്, സൗദി ഗൾഫ് എയർലൈൻസ് എന്നിവയാണവ. ഈ രണ്ടിലും യാത്ര ചെയ്യാൻ എനിയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
നെസ്മ എയർലൈൻസ് "സ്മാൾ പ്ലാനറ്റ്" എന്ന വിമാനകമ്പനിയുടെ വിമാനങ്ങൾ വാടകയ്ക്ക് എടുത്താണ് ഇപ്പോൾ സർവ്വീസ് നടത്തുന്നത്. അതിനാൽ തന്നെ, ദമ്മാം, റിയാദ്, ജിദ്ദ, ജിസാൻ എന്നീ സ്ഥലങ്ങളിലേക്ക് മാത്രമായി പരിമിതമായ സർവ്വീസുകളാണ് ഇപ്പോൾ ഉള്ളത്. സൗദി എയർലൈൻസിനെപ്പോലെ നല്ല വിമാനങ്ങളും, സർവ്വീസും ഉണ്ട്.
ഏറ്റവും ഒടുവിലായി ഞാൻ യാത്ര ചെയ്തത് സൗദി ഗൾഫ് എയർലൈൻസ് ഫ്ലൈറ്റുകളിൽ ആണ്. ഇന്ന് വരെ സൗദിയിൽ ഞാൻ നടത്തിയ യാത്രകളിൽ ഏറ്റവും മികച്ചതായി എനിയ്ക്കവ അനുഭവപ്പെട്ടു. നല്ല വലിയ ഫ്ലൈറ്റുകൾ, നല്ല ഭക്ഷണം, ഇന്റർനാഷണൽ ഫ്ലൈറ്റുകളിൽ കാണുന്ന എന്റർടൈൻമെന്റ് സൗകര്യങ്ങൾ, പ്രഫഷണൽ ആയ സമീപനം എന്നിവയാകാം കാരണം.
പക്ഷെ, പുതുതായി തുടങ്ങിയത് കൊണ്ടാകാം, യാത്രക്കാർ കുറവാണ്.
ഇനി ഇന്നലത്തെ സംഭവത്തിലേയ്ക്ക് വരാം.
ജിദ്ദ എയർപോർട്ടിൽ വന്ന് സൗദി ഗൾഫ് എയർലൈൻസ് കൗണ്ടർ കണ്ടു പിടിച്ചു ചെന്നപ്പോൾ, അവിടെ ഇരുന്ന ജീവനക്കാർ ഒരു അത്ഭുതജീവിയെ നോക്കുന്നത് പോലെ നോക്കുന്നു. ഞാൻ ആ ഫ്ലൈറ്റിൽ തന്നെയാണോ എന്ന് വീണ്ടും വീണ്ടും പരിശോധിയ്ക്കുന്നു. എന്തോ തമാശ പറഞ്ഞു പരസ്പരം ചിരിയ്ക്കുന്നു.
ആകെ ഒരു വശപ്പിശക്..
എന്തായാലും വിമാനത്തിൽ കയറിയപ്പോൾ സംഗതി മനസ്സിലായി. ഞാൻ ഉൾപ്പെടെ ആകെ നാല് യാത്രക്കാരെ വിമാനത്തിൽ ഉളളൂ. ഒരു അറബി, ഒരു പാകിസ്ഥാനി, ഒരു ഈജിപ്ഷ്യൻ, പിന്നെ പന്തം കണ്ട പെരുച്ചാഴിയെപ്പോലെ ഈയ്യുള്ളവനും....
പിന്നെ വിമാനജീവനക്കാർ ആറു പേരുണ്ട്.. ഏതോ കോമഡി നാടകം കാണുംപോലെ അവരുടെ കണ്ണുകളിൽ ഒളിച്ചിരിയ്ക്കുന്ന പുഞ്ചിരി.
ചാർട്ടേർഡ് വിമാനം എന്നൊക്കെ കേട്ടിട്ടുണ്ട്. ഏതാണ്ട് അതേ പ്രതീതി... ഞങ്ങൾ നാലുപേർക്ക് വേണ്ടി മാത്രമായി ഒരു വിമാനം ദമ്മാമിലേയ്ക്ക് പറക്കുന്നു.
രസകരവമായ അനുഭവം....
ഏതു സീറ്റിൽ വേണമെങ്കിലും ഇരിയ്ക്കാം. മുകളിലത്തെ കമ്പാർട്മെന്റിൽ ബാഗ് വെയ്ക്കാൻ മത്സരിയ്ക്കേണ്ട ആവശ്യമില്ല..
ഞാൻ സൗകര്യമുള്ള ഒരു സീറ്റിൽ മാറിയിരുന്നു... വിമാനജീവനക്കാർ വി.ഐ.പികളെപ്പോലെ നമ്മുടെ മാത്രം സേവനത്തിനായി ചുറ്റും നടക്കുന്നു.
വിമാനം ലാൻഡ് ചെയ്തപ്പോൾ ഒരു തിരക്കുമില്ലാതെ പുറത്തേയ്ക്കുള്ള നടത്തം...
എന്തായാലും ഇത്രയും കുറവ് യാത്രക്കാരെ വെച്ചും, യാതൊരു കുറവും വരുത്താതെ, കൃത്യസമയത്ത് പ്രൊഫഷനലായി സർവ്വീസ് നടത്തിയ ആ എയർലൈൻസിനെ അഭിനന്ദിയ്ക്കുന്നു.
ഒരു കാര്യം പറയാതെ വയ്യ..
വിമാനത്തിനുള്ളിൽ വല്ലാത്ത ഒരു ഏകാന്തതയായിരുന്നു.. മുന്നിലുള്ള ടി.വി.യിൽ കണ്ടുകൊണ്ടിരുന്ന ഹോളിവുഡ് സിനിമയ്ക്ക് മറയ്ക്കാൻ കഴിയാത്ത ഏകാന്തത.... ആൾക്കൂട്ടങ്ങൾക്കിടയിൽ ഇരുന്ന് വിമാനയാത്ര ശീലിച്ച എനിയ്ക്ക് ആ ഏകാന്തത സങ്കടകരമായി തോന്നി.
ഇടയ്ക്ക് ദമ്മാമിൽ എത്താറായപ്പോൾ മോശം കാലാവസ്ഥ കാരണം വിമാനം കുറച്ചു ഉലഞ്ഞപ്പോൾ, ഞാൻ അറിയാതെ ഭയന്ന് ചുറ്റും നോക്കി.
എനിയ്ക്കു ചുറ്റുമുള്ള കാലികസേരകൾ എന്നെ കൂടുതൽ ഭയപ്പെടുത്തി.
നമ്മളൊക്കെ എത്രമാത്രം സാമൂഹ്യജീവികൾ ആണെന്ന് മനസ്സിലാക്കാൻ ഇമ്മാതിരി ഏകാന്തതകൾ സഹായിയ്ക്കും.

Comments

Popular posts from this blog

ഗോഡ്‌സെയും, നിർമ്മൽ ചാറ്റർജിയും ഗാന്ധിവധവും - ഒരു സംഘി നുണക്കഥ !

ശംബുകൻ

മതവിശ്വാസവും വര്‍ഗ്ഗീയവാദവും - പൊതുചര്‍ച്ച