നേരുള്ള ചുംബനം ഹൃദയങ്ങളെ ചേർത്തു നിർത്തും.



ചുംബനസമരത്തിന്റെ പേരിലുള്ള വാഗ്‌വാദങ്ങൾ തുടരുമെന്ന് തീർച്ച..
കാരണം ഇത് മലയാളനാടാണ്....
രഹസ്യമായി സ്ത്രീപീഡനവും പരസ്യമായി സദാചാരവാദവും കൊണ്ടു നടക്കുന്ന ദ്വന്ദവ്യക്തിത്വങ്ങളുടെ നാട്..
അടച്ചുമൂടി വെച്ച ലൈംഗിക അരാജകത്വം പാരമ്പര്യവാദമായി ഉത്‌ഘോഷിയ്ക്കുന്ന നാട്..
പൊതുനിരത്തിൽ പരസ്യമായി മലമൂത്രവിസർജ്ജനം ചെയ്യുന്നത് ശരിയെന്നും, പ്രണയിനിയ്ക്ക് പരസ്യചുംബനം നൽകുന്നത് തെറ്റെന്നും വിളിച്ചു പറയുന്ന നാട്,....
സദാചാരത്തിന്റെയും സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഗീർവാണങ്ങൾ തുടരുക തന്നെ ചെയ്യും..
പക്ഷെ, ഒരു കാര്യം ഉറപ്പാണ്..
കാലം മാറ്റാത്തതായി ഒന്നുമില്ല..
കാലത്തിന്റെ ഒഴുക്കിൽ പരസ്യമായ ചുംബനം കണ്ടാൽ മുഖം ചുളിയുന്ന ഇന്നത്തെ സാമൂഹിക സദാചാര കാഴ്ചപ്പാട് മാറുക തന്നെ ചെയ്യും.
കെട്ടുകല്യാണം, തിരണ്ടുകല്യാണം, സംബന്ധം, മരുമക്കത്തായം, പുലപ്പേടി, മുലക്കരം, അരയ്ക്കു മുകളിലെ നഗ്നത, ബഹുഭാര്യത്വം, ബഹുഭതൃത്വം തുടങ്ങി ഒരു കാലത്ത് കേരളത്തിന്റെ "സംസ്കാരത്തിന്റെ " അവിഭാജ്യ ഘടകമായിരുന്ന അനാചാരങ്ങൾ ഒക്കെ ഇന്ന് വെറും ഓർമ്മകൾ മാത്രമായി....
മുപ്പത് വർഷം മുൻപ് പോലും, കേരളത്തിലെ സ്ത്രീ പുരുഷ ബന്ധങ്ങൾ, ഇന്ന് കാണുന്ന ലിംഗസമത്വത്തിന്റെ പകുതി പോലും വളർന്നിട്ടില്ലായിരുന്നു... സ്ത്രീകളിൽ സ്വാതന്ത്ര്യബോധമോ ആത്മവിശ്വാസമോ ഇത്ര കണ്ടിട്ടില്ലായിരുന്നു..
അവിടെ നിന്നൊക്കെ നമ്മൾ എത്ര മുന്നോട്ടു പോയിരിയ്ക്കുന്നു...
പാശ്ചാത്യ വികസിതരാജ്യങ്ങളെപ്പോലെ, ലൈംഗികത ഒരു നിഷിദ്ധവിഷയം അല്ലെന്ന് മനസ്സിലാക്കുകയും, സ്നേഹമോ പ്രണയമോ പാപമല്ലെന്നും, വിശപ്പിനോ ദാഹത്തിനോ മലമൂത്രവിസർജ്ജനത്തിനോ നൽകുന്നതിയലധികം പ്രാധാന്യം സെക്‌സിന് നൽകേണ്ടതില്ല എന്നും, മറ്റൊരാളിന്റെ സ്വകാര്യതയിൽ അനാവശ്യമായി ഇടപെടാൻ തങ്ങൾക്ക് അർഹതയില്ലെന്ന് തീരുമാനിയ്ക്കുകയും, വ്യക്തിസ്വാതന്ത്ര്യത്തിന് വിലകൽപ്പിയ്ക്കുകയും, ചെയ്യുന്ന ഒരു സാമൂഹികമനോഭാവം ഇവിടെയും താമസിയ്ക്കാതെ വളർന്നു വരും..
ആ ഭാവി കാലത്തിൽ...
പാർക്കിലായാലും ബീച്ചിലായാലും പരസ്യമായി ഒരുവനോ ഒരുവളോ ചുംബിയ്ക്കുന്നത് കാണുമ്പോൾ, കുടുംബവുമൊത്ത് അവിടെയെത്തിയ ആരുടേയും മുഖം ചുളിയില്ല..
കാരണം ആ കാഴ്ചകൾ മനസ്സിലാക്കാനുള്ള മാനസികപക്വത ആ മനുഷ്യർ നേടിയിട്ടുണ്ടാകും..
അതുവരെ സംവാദങ്ങൾ തുടരട്ടെ..
=========
ഫോട്ടോ: ലോകപ്രശസ്തമായ ആ ചുംബനം...
രണ്ടാം ലോക യുദ്ധത്തിന്റെ അവസാനം, ജപ്പാന്റെ തോല്‍വി ഉറപ്പായ നേരത്ത് അമേരിക്കയിലെ ടൈം സ്‌ക്വയറില്‍ നടന്ന വിജയാഘോഷത്തിനിടെ, ഒരു അമേരിക്കന്‍ നാവികന് ഗാഢമായി ആശ്ലേഷിച്ച് ചുംബിക്കുന്ന യുവതിയുടെ ചിത്രമാണ് ആ കാലത്തിന്റെ ഐക്കണായി മാറിയത്

Comments

Popular posts from this blog

ഗോഡ്‌സെയും, നിർമ്മൽ ചാറ്റർജിയും ഗാന്ധിവധവും - ഒരു സംഘി നുണക്കഥ !

ശംബുകൻ

മതവിശ്വാസവും വര്‍ഗ്ഗീയവാദവും - പൊതുചര്‍ച്ച