പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി...



"എന്റെ അച്ഛനെ കൊന്നത് പാകിസ്ഥാൻ അല്ല; യുദ്ധമാണ്"

ഗുർമെഹർ കൗർ എന്ന ഇരുപതുകാരി പെൺകുട്ടി ഒരു വർഷം മുൻപ് പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലെ വാചകമാണ് ഇത്.
കാർഗിൽ യുദ്ധത്തിൽ മരണമടഞ്ഞ ക്യാപ്റ്റൻ മൻദീപ് സിംഗിന്റെ മകളാണ് ഗുർമെഹർ. അച്ഛന്റെ മരണത്തിന്റെ പേരിൽ പാകിസ്ഥാനെ വെറുത്തു കൊണ്ടാണ് കുട്ടിക്കാലത്ത് അവൾ വളർന്നത്. ക്രമേണ അത് മുസ്‌ലിം വിരോധമായി മാറി. എട്ടു വയസ്സുള്ളപ്പോൾ ബുർഖയിട്ട ഒരു സ്ത്രീയെ കുത്തി പരിക്കേൽപ്പിയ്ക്കുന്ന നിലയിലേയ്ക്ക് അവളുടെ മുസ്‌ലീം വിരോധം വളർന്നു. ആ സംഭവത്തിന് ശേഷം, അവളുടെ അമ്മ അവളെ ഉപദേശിച്ചു.
"നീ വിചാരിയ്ക്കുന്നത് ശരിയല്ല. പാകിസ്ഥാൻ അല്ല നിന്റെ അച്ഛന്റെ മരണത്തിന് കാരണം. യുദ്ധമാണ്."
അവളുടെ ചിന്തയുടെ വഴികളെ ആ വാക്കുകൾ ഇളക്കി മറിച്ചു. പാകിസ്ഥാൻ അല്ലെങ്കിൽ ചൈന, അല്ലെങ്കിൽ മറ്റൊരു രാജ്യം.. അല്ലെങ്കിൽ ഏതെങ്കിലും തീവ്രവാദിസംഘടനകൾ. ശത്രു മാറിവരും...
മാറാത്തത് യുദ്ധമാണ്. പട്ടാളക്കാരെ മരണം തട്ടിയെടുക്കുന്നത് ആ യുദ്ധത്തിന്റെ രൂപത്തിലാണ്.
ഗുർമെഹറിന്റെ ചിന്തകളിൽ വെറുപ്പിന്റെ കറുപ്പ് മാറ്റി സ്നേഹത്തിന്റെ വെളിച്ചം കടന്നു വന്നു. അവൾ വളർന്നത് വലുതായത് യുദ്ധത്തെയും അതിന്റെ രാഷ്ട്രീയത്തെയും എതിർക്കുന്ന ആ പുതിയ വെളിച്ചവും പേറിയാണ്.

അങ്ങനെയാണ് അവൾ ആ വീഡിയോ പോസ്റ്റ് ചെയ്യുന്നത്. അവളുടെ അനുഭങ്ങൾ തുടർച്ചയുള്ള പോസ്റ്ററുകളായി, അവൾ പറഞ്ഞു... ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിൽ യുദ്ധം വേണ്ട... സമാധാനവും സ്നേഹവും മതി. രണ്ടു രാജ്യങ്ങളിലും ജീവിയ്ക്കുന്ന മനസ്സിൽ നന്മയുള്ള ലക്ഷക്കണക്കിന് ആൾക്കാരുടെ വികാരമായിരുന്നു അവൾ പങ്ക് വെച്ചത്.

ഇപ്പോൾ ഗുർമെഹർ വീണ്ടും വാർത്തയിൽ നിറഞ്ഞത് ഡൽഹി യൂണിവേഴ്സിറ്റിയിൽ നടന്ന എ.ബി.വി.പി ഗുണ്ടായിസത്തിനെ എതിർത്തതിന്റെ പേരിലാണ്.
"ഞാൻ എ.ബി.വി.പിയെ ഭയക്കുന്നില്ല. ഞാൻ ഒറ്റയ്ക്കല്ല. ഇന്ത്യയിലെ വിദ്യാർത്ഥികൾ എന്റെ കൂടെയുണ്ട്." എന്ന ഗുർമെഹറിന്റെ പോസ്റ്റ് സംഘപരിവാർ ശക്തികളെയും, കേന്ദ്രഭരണകൂടത്തെയും ചൊടിപ്പിച്ചു. 

സംഘടിതമായ സോഷ്യൽ മീഡിയ ആക്രമണമാണ് അവർ ഗുർമെഹറിനെതിരെ നടത്തിയത്. ഗുർമെഹർ ഒരു വർഷം മുൻപിട്ട വീഡിയോയിലെ "എന്റെ അച്ഛനെ കൊന്നത് പാകിസ്ഥാൻ അല്ല; യുദ്ധമാണ്" എന്ന ഒരു പോസ്റ്റർ മാത്രം എടുത്ത്, അതുപയോഗിച്ച് ഗുർമോഹർ പാകിസ്ഥാൻ അനുഭാവിയാണ് എന്ന് വരുത്തിത്തീർക്കാനായിരുന്നു ബി.ജെ.പി ഐ.ടി വിഭാഗത്തിന്റെയും, സംഘപരിവാർ അനുകൂലികളുടെയും ശ്രമം. 

ഇപ്പോൾ പണിയൊന്നുമില്ലാതെ കുത്തിയിരിയ്ക്കുന്ന മോഡിഭക്തനായ മുൻക്രിക്കറ്റർ വീരേന്ദ്രസേവാഗ് "ഞാനല്ല രണ്ടു ട്രിപ്പിൾ സെഞ്ചുറി അടിച്ചത്, എന്റെ ബാറ്റാണ്" എന്ന പോസ്റ്റർ ഉണ്ടാക്കി പോസ് ചെയ്ത് ആ പ്രചാരണത്തിന് നേതൃത്വം നൽകി. കേന്ദ്രമന്ത്രിമാർ, ബി.ജെ.പി നേതാക്കൾ, ബി.ജെ.പി അനുഭാവികളായ രൺദീപ് ഹൂഡ പോലുള്ള നടന്മാർ എന്നിവരൊക്കെ ആ സംഘടിതആക്രമണത്തിൽ പങ്കാളികളായി.

ഫേസ്ബുക്കിലും, ട്വിറ്ററിലും, ഫോൺ മെസ്സേജുകളിലും ഗുർമെഹറിനെതിരെ തെറിവിളികളും, ട്രോളുകളും, ബലാൽസംഗഭീക്ഷണികളും നിറഞ്ഞു. തന്റെയും കുടുംബത്തിന്റെയും ജീവന് തന്നെ അപകടമുണ്ടാകുമെന്ന് മനസ്സിലാക്കിയ ഗുർമെഹർ, തന്റെ പോസ്റ്റ് പിൻവലിച്ചു പിന്മാറി.

തനിയ്ക്ക് വ്യക്തിപരമായി ഗുണമുണ്ടായാൽ "ഹൈൽ ഹിറ്റ്ലർ" എന്ന് വിളിയ്ക്കാൻ പോലും മടിയ്ക്കാത്ത സ്വാർത്ഥികളായ ആൾക്കൂട്ടങ്ങളുടെ ഇടയിൽ, "രാജാവ് നഗ്നനാണ്.....അത് വിളിച്ചു പറയാൻ ഞങ്ങൾക്ക് ഭയമില്ല" എന്ന് ഉറക്കെ പ്രഖ്യാപിയ്ക്കാൻ ധൈര്യം കാട്ടുന്ന ഗുർമെഹറിനെ പോലുള്ള യുവതലമുറയിൽ ആണ് ഇന്ത്യയുടെ ഭാവിപ്രതീക്ഷകൾ സുരക്ഷിതമായിരിക്കുക എന്ന കാര്യത്തിൽ സംശയമില്ല.

പ്രിയപ്പെട്ട ഗുർമെഹർ...

വെറുപ്പിന്റെ, ഇരുട്ടിന്റെ, സങ്കുചിതചിന്തയുടെ ലോകത്ത്, നന്മയുടെ ചെറുതിരിവെട്ടമായി ഇനിയും നീ പോരാടുക...

Comments

Popular posts from this blog

ഗോഡ്‌സെയും, നിർമ്മൽ ചാറ്റർജിയും ഗാന്ധിവധവും - ഒരു സംഘി നുണക്കഥ !

ശംബുകൻ

മതവിശ്വാസവും വര്‍ഗ്ഗീയവാദവും - പൊതുചര്‍ച്ച