ബാങ്ക് തന്നെ വേണമെന്നില്ല..പത്തായം ആയാലും മതി..



ബാങ്കുകൾ സാധാരണക്കാരെ പിഴിയാൻ ഓരോ പുതിയ നിയമങ്ങൾ ദിവസവും കൊണ്ട് വരുമ്പോൾ, അതിനെതിരെ പ്രതിഷേധിയ്ക്കാനോ, പ്രകടനം നടത്താനോ ഒരു സംഘടനക്കാരെയും കാണുന്നില്ല എന്നത് എന്നെ ആശ്ചര്യപ്പെടുത്തുന്നു.
നമ്മുടെ ജനങ്ങളുടെ പ്രതികരണശേഷി എവിടെപ്പോയി? ഭരണാധികാരികൾ എന്ത് വൃത്തികേടുകൾ ചെയ്താലും, എതിർത്തൊരക്ഷരം പറയാതെ അനുസരിയ്ക്കുന്ന അടിമകളായി ജനങ്ങൾ മാറിയോ?
നോട്ടുനിരോധനം എന്ന തുഗ്ലക്ക് നയം വഴി ഇന്ത്യയിലെ ഒട്ടാകെയുള്ള സാധാരണ ജനങ്ങളെ കണ്ണീർ കുടിപ്പിച്ച ഭരണാധികാരികൾ, അന്ന് പറഞ്ഞ ഒരു ന്യായം തങ്ങൾ എല്ലാ ക്യാഷ് ട്രാൻസാക്ഷനുകളും ബാങ്ക് വഴിയാക്കി മാറ്റാൻ ആഗ്രഹിയ്ക്കുന്നു എന്നും, ക്യാഷ്‌ലെസ്സ് എക്കോണമി ഉണ്ടാക്കാൻ നോക്കുന്നു എന്നുമാണ്. തങ്ങൾ അദ്ധ്വാനിച്ച് ഉണ്ടാക്കിയ പണം അനുഭവിയ്ക്കാൻ വേണ്ടി ആളുകൾ ബാങ്കുകളുടെ മുന്നിൽ ക്യൂ നിന്ന് മരിച്ചതും, ഇന്ത്യയിലെ കൃഷി, വ്യവസായ മേഖലകൾ നിശ്ചലമായതും അതിന്റെ ബാക്കിപത്രം.
ഇപ്പോൾ ആ ബഹളം ഒക്കെ കെട്ടടങ്ങിയപ്പോൾ കേന്ദ്രസർക്കാരിന്റെ അനുഗ്രഹത്തോടെ ബാങ്കുകൾ അടുത്ത പരിപാടികൾ തുടങ്ങി. എ.ടി.എമ്മിൽ നിന്നും നാലുതവണയിൽ കൂടുതൽ പണം പിൻവലിയ്ക്കുന്നതിന് ഫീസ് ഈടാക്കുന്ന നടപടി അതിന് ഒരു തുടക്കം മാത്രമായിരുന്നു. കേന്ദ്രസർക്കാർ തന്നെ കൊടുത്ത സീറോ ബാലൻസ് അക്കൗണ്ട് ഉള്ളവർക്ക് പോലും മിനിമം ബാലൻസ് 5000 രൂപ ഇല്ലെങ്കിൽ പിഴ ചാർജ്ജ് ഈടാക്കുക, ബാങ്കിൽ പോയി പണം നിക്ഷേപിയ്ക്കുകയോ, പിൻവലിയ്ക്കുകയോ ചെയ്യുന്നതിന് ഫീസ് ഈടാക്കുന്ന പരിപാടി, ഇലക്ട്രോണിക്ക് ട്രാന്സാക്ഷന് സർവ്വീസ് ചാർജ്ജ്, തുടങ്ങിയ പരിപാടികൾ പുറകെ വന്നു കൊണ്ടിരിയ്ക്കുന്നു..
സർക്കാർ സേവനങ്ങൾക്ക് ആധാർകാർഡ് നിർബന്ധമാക്കാൻ പാടില്ല എന്ന സുപ്രീം കോടതി വിധി ലംഘിച്ചു കൊണ്ട്, എല്ലാത്തിനും അത് നിർബന്ധമാക്കി എന്ന് മാത്രമല്ല, പാവപ്പെട്ട വിദ്യാർത്ഥികൾക്ക് സ്‌കൂളുകളിൽ സൗജന്യമായി ഉച്ചഭക്ഷണം കിട്ടണമെങ്കിൽ കൂടി ആധാർ കാർഡ് വേണം എന്ന നിലയിലേയ്ക്ക് മോഡി സർക്കാർ എത്തിച്ചു.
ഇതൊന്നും ഒരു സുപ്രഭാതത്തിൽ ഉണ്ടായ നയങ്ങളോ പരിപാടികളോ അല്ല. രണ്ടരദശകങ്ങൾക്ക് മുൻപ് വേൾഡ് ബാങ്കിനെ മുൻനിർത്തി മുതലാളിത്ത കമ്പോള ശക്തികൾ തുടങ്ങി, ഇന്ത്യൻ സാമ്പത്തികവ്യവസ്ഥയിൽ വർഷങ്ങളായി നടപ്പിലാക്കി വന്ന നയങ്ങളുടെ തുടർച്ചയാണ് ഇത്. കൃഷിയ്ക്കും, ഗ്രാമീണ വ്യവസായമേഖലയ്ക്കും, അവശജനങ്ങൾക്കും നൽകുന്ന സബ്‌സിഡികൾ നിർത്തലാക്കുക, സാമ്പത്തിക വ്യവഹാരത്തെ കമ്പനിവൽക്കരിയ്ക്കുക, തുടങ്ങിയ ആവശ്യങ്ങൾ കുത്തകകമ്പോളശക്തികളുടെ അനിവാര്യമായ ആവശ്യമാണ്. നരേന്ദ്രമോഡി എന്ന മനുഷ്യനെ മുൻനിർത്തി കോടികൾ ഒഴുക്കി ഇലക്ഷൻ പ്രചാരണം നടത്തിയതും അതേ മുതലാളിത്ത കച്ചവട ശക്തികൾ തന്നെയാണ് എന്നതിനാൽ, ആ നയങ്ങൾ മോഡി സർക്കാരിന്റെയും നയങ്ങളായി മാറി എന്ന് മാത്രം.
വെനസ്വലയിലെ സർക്കാർ നോട്ടുനിരോധനം നടപ്പാക്കിയപ്പോൾ, (ഇന്ത്യയെപ്പോലെ അർദ്ധരാത്രിയല്ല നിരോധനം, രണ്ടാഴ്ച സമയം കൊടുത്തിരുന്നു), ആ രാജ്യത്തെ ജനങ്ങൾ ഒന്നാകെ പ്രതിഷേധവുമായി തെരുവിൽ ഇറങ്ങുകയും, ഒടുവിൽ സർക്കാരിന് ആ തീരുമാനം മാറ്റേണ്ടി വന്നതും നമ്മൾ കണ്ടു.
ഒരു കാര്യം മാത്രം മറക്കാതിരിയ്ക്കുക.. ബാങ്കുകൾ നിലനിൽക്കുന്നത് നിങ്ങളുടെ പണം കൊണ്ടാണ്. നിങ്ങളുടെ അദ്ധ്വാനം വഴി സമ്പാദിയ്ക്കുന്ന പണത്തിന്റെ സൂക്ഷിപ്പുകാർ മാത്രമാണവർ. ആ വിയർപ്പ് മണക്കുന്ന പണത്തിന്റെ പുറത്താണ്, അവരുടെ ആസ്തിയും, അസ്ഥിവാരവും കെട്ടിപ്പടുത്തിരിയ്ക്കുന്നത്.. കസ്റ്റമർ എന്ന നിലയിലും, പണത്തിന്റെ അവകാശികൾ എന്ന നിലയിലും നിങ്ങൾക്ക് തന്നെയാണ് അധികാരം കൂടുതൽ.
 നിങ്ങളോട് ഉത്തരവിടാൻ അവർക്കെന്തവകാശം?
തങ്ങളെ പിഴിയുന്ന ബാങ്കുകളെ ബഹിഷ്കരിയ്ക്കാൻ ജനങ്ങൾ തീരുമാനിച്ചാൽ മതി ഈ നയങ്ങൾ സ്വയം ഇല്ലാതാകാൻ,,,
പക്ഷെ, അതിന് ആദ്യം വേണ്ടത് പ്രതികരിയ്ക്കാൻ പഠിയ്ക്കുക എന്നത് തന്നെയാണ്...
പ്രതികരിയ്ക്കുന്ന ജനതയാണ് ഏതു രാജ്യത്തിനും ആവശ്യം..
അടിമകളായ ജനങ്ങൾ സ്വേച്ഛാധിപതികളെയും, ഏകാധിപത്യസർക്കാരുകളെയും മാത്രമേ സൃഷ്ടിയ്ക്കൂ..

Comments

Popular posts from this blog

ഗോഡ്‌സെയും, നിർമ്മൽ ചാറ്റർജിയും ഗാന്ധിവധവും - ഒരു സംഘി നുണക്കഥ !

ശംബുകൻ

മതവിശ്വാസവും വര്‍ഗ്ഗീയവാദവും - പൊതുചര്‍ച്ച