അതിർത്തിയിലെ പട്ടാളം



ഫാസിസത്തിന്റെ പ്രധാനലക്ഷണങ്ങളിൽ ഒന്നാണ് യുദ്ധത്തിന്റെയും സൈന്യത്തിന്റെ മഹത്വവൽക്കരണം.
പട്ടാളം പവിത്രമാണ്. രാജ്യസുരക്ഷയുടെ അവസാനവാക്കാണ്. അവരെ ആരാധിയ്ക്കണം. അവർക്കെതിരെ ഒന്നും പറയാൻ പാടില്ല. സൈന്യം എന്ത് ചെയ്താലും അത് രാജ്യത്തിന് വേണ്ടിയാണ്. യുദ്ധം അനിവാര്യമാണ്... തുടങ്ങി യുദ്ധത്തെയും സൈന്യത്തെയും എതിർക്കുന്നവർ എല്ലാം രാജ്യദ്രോഹികൾ ആണ്, ശത്രു ചാരന്മാർ ആണ് എന്ന തരത്തിലുള്ള തീവ്രദേശീയത പ്രചാരണം ഫാസിസ്റ്റ് ശക്തികളുടെയും സർക്കാരുകളുടെയും ഏറ്റവും വലിയ ആയുധമാണ്.
ഇതൊക്കെ കേൾക്കുമ്പോൾ ഫാസിസ്റ്റ് ശക്തികൾ നിയന്ത്രിയ്ക്കുന്ന കേന്ദ്രസർക്കാർ പട്ടാളത്തിന് വലിയ വില കൊടുക്കുന്നുണ്ടെന്ന് തോന്നാം. പക്ഷെ അതല്ല യാഥാർഥ്യം.
സൈന്യത്തെ സർക്കാരുകളും ബ്യുറോക്രസിയും എന്നും സ്വർണ്ണമുട്ടയിടുന്ന ഒരു താറാവിനെപ്പോലെയാണ് കാണുന്നത്. അവരെ സംബന്ധിച്ച്, വർഷം തോറും ഏറ്റവും കൂടുതൽ ബജറ്റ് വിഹിതം ലഭിയ്ക്കുന്ന ഒരു മേഖല എന്ന നിലയിൽ പ്രതിരോധമേഖല കോടിക്കണക്കിന് രൂപയുടെ അഴിമതിയുടെ ചാകരയാണ്. ബോഫോഴ്സും, കാർഗിൽ ശവപ്പെട്ടി കുംഭകോണവും, ഒക്കെ ആ മഞ്ഞുമലയുടെ ചെറിയ തുമ്പുകൾ മാത്രമാണ്.
പുറത്ത് സമൂഹത്തിൽ മഹത്വൽക്കരണം ഒക്കെ നടത്തിയാലും, ആത്യന്തികമായി സൈന്യത്തിനുള്ളിൽ പണിയെടുക്കുന്ന സാധാരണ ജവാൻമാർ ഏറക്കുറെ അടിമകളെപ്പോലുള്ള അവസ്ഥയിലാണ് കഴിയുന്നത്.
മഞ്ഞുമലകളിൽ ഉണങ്ങിയ റൊട്ടിയും, കരിഞ്ഞ ദാലും, ഒക്കെ കഴിച്ചും, പട്ടിണി കിടന്നും അനുഭവിയ്ക്കേണ്ടി വന്ന സാധാരണ പട്ടാളക്കാരുടെ അവസ്ഥ തേജ് ബഹാദൂർ യാദവ് എന്ന ഒരു സൈനികൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോ വഴി നാം അടുത്തിടെ കണ്ടു. അങ്ങനെ പരാതി പറയാൻ ധൈര്യം കാണിച്ച ആ പട്ടാളക്കാരൻ ഇപ്പോൾ എവിടെയാണെന്ന് വീട്ടുകാർക്ക് പോലും അറിയില്ല.
സാധാരണപട്ടാളക്കാരുടെ ദുരവസ്ഥയെക്കുറിച്ച് ലാൻസ് നായിക്ക് യാഗ്യ പ്രതാപ് സിംഗ് എന്ന പട്ടാളക്കാരൻ പ്രധാനമന്ത്രിയ്ക്കും പ്രതിരോധമന്ത്രിയ്ക്കും പരാതി അയച്ചപ്പോൾ , "ഈ പരാതിയെപ്പറ്റി അന്വേഷിയ്ക്കുക" എന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശം സൈനിക ആസ്ഥാനത്ത് കിട്ടിയപ്പോൾ, അധികം താമസിയ്ക്കാതെ പരാതിക്കാരനെത്തന്നെ കോർട്ട് മാർഷൽ ചെയ്ത് പുറത്താക്കിയതും ഈയിടെയാണ്.
കോരന് എന്നും കുമ്പിളിൽ തന്നെയാണ് കഞ്ഞി എന്ന് സാരം.
മേലുദ്യോഗസ്ഥരുടെ പട്ടിയെ കുളിപ്പിയ്ക്കലും, അടുക്കളപ്പണിയും, തോട്ടം നനയ്പ്പും, ഒക്കെ ഓർഡർലി എന്ന പേരിൽ ഇവരുടെ തലയിൽ വന്നു ചേരാറുണ്ട്. മേലുദ്യോഗസ്ഥർക്ക് എന്തെങ്കിലും അനിഷ്ടം വന്നാൽ, അച്ചടക്കനടപടി എന്ന പേരിൽ മനുഷ്യത്വരഹിതമായ ശിക്ഷ ലഭിയ്‌ക്കേണ്ടി വരുമെന്നതിനാൽ, ഒരക്ഷരം മിണ്ടാതെ അനുസരിയ്ക്കുക മാത്രമാണ് വഴി. പലപ്പോഴും ഈ പീഡനങ്ങൾ സഹിക്കവയ്യാതെ മാനസികമായി തളർന്ന് ആത്മഹത്യയിൽ അഭയം തേടുന്ന ജവാന്മാരും കുറവല്ല.
ഇത്രയും എഴുതാൻ കാരണം ഇപ്പോൾ പുറത്തു വന്ന മറ്റൊരു വാർത്തയാണ്. മലയാളിയായ റോയ് മാത്യു എന്ന പട്ടാളക്കാരന്റെ ദുരൂഹസാഹചര്യത്തിലെ മരണം ഒരുപാട് ചോദ്യങ്ങൾ ഉയർത്തുന്നു.
നാസിക്ക് ആർമി ക്യാമ്പിലെ ലാൻസ് നായിക്ക് ആയിരുന്ന കൊല്ലം സ്വദേശി റോയ് മാത്യു, മേലുദ്യോഗസ്ഥർ സാധാരണ ഓർഡർലികളോട് കാണിയ്ക്കുന്ന മോശം സമീപനത്തെക്കുറിച്ച് ഒരു ന്യൂസ് വെബ്‌സൈറ്റ് നടത്തിയ രഹസ്യ ക്യാമറ സ്റ്റിങ് ഓപ്പറേഷനിൽ തുറന്നു പറഞ്ഞിരുന്നു.
എന്തായാലും ആ വീഡിയോ ന്യൂസ് പുറത്തു വരികയും സോഷ്യൽ മീഡിയ വഴി പ്രചരിയ്ക്കുകയും ചെയ്തതോടെ റോയ് മാത്യു മേലധികാരികളുടെ കണ്ണിലെ കരടായി.
പിന്നെ ഭാര്യ ഫിനി റോയ് ഫോൺ ചെയ്തപ്പോൾ , ജോലിസ്ഥലത്ത് പ്രശ്നങ്ങൾ ഉണ്ടെന്നു പറഞ്ഞ റോയ് മാത്യുവിനെ, ഫെബ്രുവരി 25 നുശേഷം വീട്ടുകാർക്ക് ബന്ധപ്പെടാൻ കഴിഞ്ഞില്ല. പട്ടാളക്യാമ്പിൽ അന്വേഷിച്ചപ്പോൾ അയാളെ കാണാനില്ല എന്നൊരു മറുപടി മാത്രമാണ് അവർക്ക് കിട്ടിയത്.
കഴിഞ്ഞ വ്യാഴാഴ്ച ക്യാമ്പിനടുത്ത് കെട്ടിടത്തിൽ റോയ് മാത്യുവിന്റെ മൃതദേഹം കണ്ടെടുത്തു. അയാൾ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പട്ടാളത്തിന്റെ ഔദ്യോഗിക നിലപാട്. എന്നാൽ ഫെബ്രുവരി 25 ന് തലേന്ന് വരെ ദിവസവും തന്നെ ഫോൺ ചെയ്ത് മണിക്കൂറുകളോളം സംസാരിയ്ക്കുമായിരുന്ന ഭർത്താവ്, ഒരിയ്ക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ഭാര്യ ഫിനി റോയ്യും, ആ കുടുംബവും വിശ്വസിയ്ക്കുന്നു.
പക്ഷെ മുൻപ് പറഞ്ഞ രാജ്യസ്നേഹികൾക്കൊന്നും ഈ മരണം വിഷയമല്ല. അവരെ ആരെയും ആ പട്ടാളക്കാരന്റെ മരണം അലസോരപ്പെടുത്തുന്നില്ല. കാരണം അയാൾ മരിച്ചത് അതിർത്തിയിലല്ലല്ലോ.. രാജ്യത്തെ പട്ടാളക്യാമ്പിൽ തന്നെയല്ലേ..
പാകിസ്ഥാൻകാരനോ തീവ്രവാദിയോ കൊല്ലാത്ത പട്ടാളക്കാരന്റെ മരണത്തിന് കച്ചവടമൂല്യം ഇല്ല.
 ആ ശവം ഉപയോഗിച്ച് നാട്ടുകാരെ രാജ്യസ്നേഹം പഠിപ്പിയ്ക്കാൻ പറ്റില്ലല്ലോ..
റോയ് മാത്യു ആദ്യത്തെ ഇരയല്ല ..അവസാനത്തെയുമല്ല..

Comments

Popular posts from this blog

ഗോഡ്‌സെയും, നിർമ്മൽ ചാറ്റർജിയും ഗാന്ധിവധവും - ഒരു സംഘി നുണക്കഥ !

ശംബുകൻ

മതവിശ്വാസവും വര്‍ഗ്ഗീയവാദവും - പൊതുചര്‍ച്ച