"നോട്ടുനിരോധനം" - ഒരു വർഷം......


364 ദിവസങ്ങൾക്കുമുമ്പ്......
എല്ലാം ശാന്തമായിരുന്നു.. മേഘക്കീറുകൾക്കുള്ളിൽ കുടുങ്ങിക്കിടന്ന ചുവന്ന ഉടയാടത്തുമ്പു വലിച്ചെടുത്ത്, അന്നത്തെ ഉദ്യോഗവും കഴിഞ്ഞ് സൂര്യൻ കടലിലേക്കുമടങ്ങി. രാത്രി കറുത്തു തുടങ്ങിയിരിക്കുന്നു...
പെട്ടെന്ന്.....

തൊഴുത്തിൽ അലസമായിക്കിടന്ന് അയവിറക്കുകയായിരുന്ന പശുക്കൾ ചാടിയെഴുന്നേറ്റ് അമറി... കൂട്ടിനുള്ളിലെ പരിമിതവിസ്തൃതിയിൽ നായക്കുട്ടി പരക്കം പാഞ്ഞു.. ദൂരെ, എന്നാൽ ഒരുപാടകലെയല്ലാതെ കുറുക്കന്മാർ നിർത്താതെ ഓരിയിട്ടു.. ഹുങ്കാരത്തോടെ വീശിയടിച്ച കാറ്റിൽ കരിയിലകൾ ലക്ഷ്യമില്ലാതെ പറന്നു. ഒരപശകുനം പോലെ ഉമ്മറത്ത് കൊളുത്തിവച്ചിരുന്ന സന്ധ്യാദീപം ചെറിയൊരു ചെറുത്തുനിൽപ്പിനുശേഷം കാറ്റിനു കീഴടങ്ങി. തൊട്ടടുത്തിരുന്ന് രാമായണം വായിക്കുകയായിരുന്ന മുത്തശ്ശി മൂക്കിൻതുമ്പത്തുവച്ച വെള്ളെഴുത്തുകണ്ണടയുടെ മുകളിലൂടെ, ചുറ്റും കണ്ണോടിച്ചുകൊണ്ട് ആരോടെന്നില്ലാതെ പറഞ്ഞു.
"എന്തോ വലിയ ദുരന്തം വരാനുളളപോലെ.. ഗുരുവായൂരപ്പാ .. നീ തന്നെ തുണ."
അയൽപ്പക്കത്ത്,
ജനവാതിലുകൾ അടച്ചുകൊളുത്തിടവേ ആമിനുമ്മ മന്ത്രിച്ചു.
"തവക്കൽത്തു അലല്ലാഹ്.."
കുറച്ചപ്പുറത്ത്, സന്ധ്യാപ്രാർത്ഥനചൊല്ലുകയായിരുന്ന ജോസഫേട്ടനും കുടുംബവും ആശങ്കയോടെ കുരിശിൽകിടക്കുന്ന പ്രതിരൂപത്തോട് സഹായം തേടി.
"യേശുനാഥാ.. കാത്തുകൊള്ളണേ.."
പക്ഷേ...!!!

ഒരു ദൈവവും ഇവരിൽ ആരുടെ പ്രാർത്ഥനയും ചെവികൊണ്ടില്ല
വിഫലമായ മൗനപ്രാർത്ഥകളുടെ നീണ്ടനിമിഷങ്ങൾക്കുശേഷം രാത്രി എട്ടുമണിക്ക് ടിവിയിൽ പ്രത്യക്ഷപ്പെട്ട താടിനരച്ചൊരു '()വിവാഹിതൻ' അവർക്ക് മൂന്നുപേർക്കുമറിയാത്തൊരു ഭാഷയിൽ ഇങ്ങനെ പറഞ്ഞുതുടങ്ങി..
"മേരേ.. പ്യാരേ.. ദേശ് വാസിയോം............"
അന്നൊരു നവംബർ എട്ടാം തീയ്യതിയായിരുന്നു..!!!

അടിയന്തരാവസ്ഥയ്ക്ക് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ ജനാധിപത്യധ്വംസനം എന്ന് വിശേഷിപ്പിയ്ക്കാവുന്ന "നോട്ടുനിരോധനം" നടപ്പിലാക്കിയിട്ട് ഒരു വർഷം പൂർത്തിയായിരിയ്ക്കുന്നു.
പെട്രോൾ വില കുറയ്ക്കും എന്നത് ഉൾപ്പടെ ഇലക്ഷൻ സമയത്ത് നൽകിയ വമ്പൻ വാഗ്ദാനങ്ങൾ നടപ്പിലാക്കാനാകാതെ ജനപ്രീതി ഇടിയുന്നത് തടയാൻ നരേന്ദ്രമോഡിയുടെ ഉപദേശകവൃന്ദം നൽകിയ തുഗ്ലക്ക് ഐഡിയ ആയിരുന്നു നോട്ടുനിരോധനം.
മുൻപും ഇന്ത്യയിൽ പ്രചാരത്തിലുള്ള കറൻസിനോട്ടുകൾ പിൻവലിച്ച് പുതിയ പുതിയ നോട്ടുകൾ ഇറക്കിയിട്ടുണ്ട്. അന്നൊക്കെ അത് റിസർവ്വ് ബാങ്കിന്റെ നയപരമായ ദൈനംദിന പ്രവർത്തനങ്ങളുടെ ഭാഗമായിരുന്നു.
എന്നാൽ ഒറ്റരാത്രി കൊണ്ട് പ്രചാരത്തിലുള്ള 80% വരുന്ന കറൻസികൾ അസാധുവായി പ്രഖ്യാപിച്ച്, നൂറുകോടി ജനങ്ങളെ ബാങ്കുകളുടെ മുൻപിൽ മണിക്കൂറുകളോളം നീളുന്ന ക്യൂവുകളിലേയ്ക്ക് തള്ളിവിടാനുള്ള ഐഡിയ റിസർവ്വ് ബാങ്ക് അല്ല, മോഡിയുടെ കിച്ചൻ ക്യാബിനറ്റ് ആണ് എടുത്തത് എന്നതാണ് ഏറ്റവും ഗുരുതരമായ സത്യം.
ഭരണമേറ്റ കാലം മുതൽ വൻകിട കുത്തകകമ്പനികൾ പൊതുമേഖല ബാങ്കുകൾക്ക് നൽകാനുള്ള കിട്ടാക്കടം തിരിച്ചു പിടിയ്ക്കാനായി ശക്തമായ നടപടികൾ എടുത്ത, മികച്ച സാമ്പത്തികശാസ്ത്രജ്ഞൻ ആയ രഘുറാം രാജൻ തുഗ്ലക്ക് ആശയങ്ങളെ എതിർത്തതിനാൽ, റിസർവ്വ് ബാങ്ക് ഗവർണ്ണർ സ്ഥാനത്ത് നിന്നും അദ്ദേഹത്തെ മാറ്റി, തന്റെ ചരടിനൊപ്പം തുള്ളുമെന്ന് ഉറപ്പുള്ള, റീലിയൻസ് കമ്പനിയുടെ മുൻഉദ്യോഗസ്ഥനായ ഉർജ്ജിത്ത് പട്ടേലിനെ റിസർവ്വ ബാങ്ക് ഗവർണർ സ്ഥാനത്തു പ്രതിഷ്ഠിച്ചാണ് മോഡി നോട്ടുനിരോധനം നടപ്പാക്കിയത്
എന്നാൽ ഇത്തരം ഒരു എമണ്ടൻ പരിഷ്കാരം നടപ്പിലാക്കുമ്പോൾ ചെയ്യേണ്ട മിനിമം മുന്നൊരുക്കങ്ങൾ പോലും നടത്താതെയായിരുന്നു എടുത്തുചാട്ടം.
ദുരിതങ്ങളുടെ മാസങ്ങളായിരുന്നു പിന്നീട് ഇന്ത്യ കണ്ടത്. സാധാരണക്കാരനും, ദിവസക്കൂലിക്കാരനും, കർഷകനും, പാവപ്പെട്ടവനും, ഒക്കെയായ ഇന്ത്യൻ പൗരന്റെ ജീവിതം വഴിമുട്ടി നിന്നു.. ദിവസങ്ങൾക്കുള്ളിൽ ചെറുകിടകച്ചവടക്കാരും, ഇടത്തരം ഉൽപാദകരും, കയറ്റുമതി മേഖലയും ഒക്കെ തകർന്നു തരിപ്പണമായി. സാമ്പത്തികമേഖല സ്തംഭിച്ചു.
ഒരു ജനതയെയാകെ കഷ്ടപ്പാടിലേയ്ക്ക് തള്ളിവിടുന്നതിന് സർക്കാർ പറഞ്ഞ ന്യായങ്ങൾ പലതായിരുന്നു. കള്ളപ്പണം ഇല്ലാതാക്കുക, കള്ളനോട്ട് തുടച്ചു നീക്കുക എന്നിവയായിരുന്നു പ്രധാന ലക്ഷ്യങ്ങൾ എന്നായിരുന്നു വാദം. എന്നാൽ മാസങ്ങൾ കഴിഞ്ഞപ്പോൾ, നിരോധിച്ച 98% നോട്ടുകളും ബാങ്കിൽ തിരികെ വന്നപ്പോൾ, കള്ളപ്പണമല്ല കറൻസിരഹിത എക്കോണമി ആണ് പ്രധാനലക്ഷ്യം എന്ന് പറഞ്ഞു ഉരുണ്ടു കളിച്ചു.
നോട്ടുനിരോധനം വഴി കാശ്മീരിലെ തീവ്രവാദം കുറയുമെന്നായിരുന്നു മറ്റൊരു അവകാശവാദം. തീവ്രവാദം മൂലം മരണപ്പെട്ടവരുടെ കണക്കുകള് നിരത്തുന്ന സൗത്ത് ഏഷ്യന് ടെറററിസം പോര്ട്ടലിന്റെ കണക്ക് പ്രകാരം നോട്ട് നിരോധനത്തിനു ശേഷം തീവ്രവാദം മൂലം മരണപ്പെട്ടവരുടെ എണ്ണത്തില് വര്ധനവുണ്ടായി എന്നാണ് കാണിയ്ക്കുന്നത്

2016
ല് 267 പേര് കൊല്ലപ്പെട്ട സ്ഥാനത്ത് 2017 ഒക്ടോബര് 31വരെ കൊല്ലപ്പെട്ടത് 298 പേരാണ്. (14 കശ്മീര് സ്വദേശികളും 88 സുരക്ഷാ ഭടന്മാരും 165 തീവ്രവാദികളുമാണ് 2016ല് കൊല്ലപ്പെട്ടത്. എന്നാല് 2017ല് കൊല്ലപ്പെട്ടതാവട്ടെ 53 കശ്മീരികളും 67 സുരക്ഷാ ഉദ്യോഗസ്ഥരും 178 തീവ്രവാദികളുമാണ്.)
അതോടെ വാദവും ചീറ്റി.
ആത്യന്തികമായി എന്ത് ലക്ഷ്യങ്ങൾക്ക് വേണ്ടിയാണോ നോട്ടുനിരോധിച്ചത് എന്ന് അവകാശപ്പട്ടത്, അവയൊന്നും നേടാനാകാതെ നോട്ടുനിരോധനം ചരിത്രത്തിന്റെ ചവറ്റുകൂനയിൽ വീഴുമ്പോഴും, തനിയ്ക്ക് പറ്റിയ പരാജയം സമ്മതിയ്ക്കാൻ മോഡി തയ്യാറാകുന്നില്ല എന്നതാണ് ഏറ്റവും വലിയ തമാശ. പകരം ഇന്ദിരാഗാന്ധിയുടെ കാലത്ത് നോട്ടു നിരോധിയ്ക്കാത്തത് വലിയ തെറ്റാണെന്നും, അതിനാലാണ് തനിയ്ക്ക് ഇപ്പോൾ കടുംകൈ ചെയ്യേണ്ടി വന്നത് എന്ന വിചിത്രമായ ന്യായവും മോഡി ഉയർത്തിയിട്ടുണ്ട്.
ഇന്ത്യ-പാക്ക് യുദ്ധവും, ബംഗ്ലാദേശി അഭയാർത്ഥി പ്രശ്നവും, ഒക്കെയായി കലുഷിതമായ അക്കാലത്ത്, നോട്ടുനിരോധനം പോലൊരു മണ്ടൻ ഐഡിയ നടപ്പാക്കാത്തത് ഇന്ദിരാഗാന്ധി തലയ്ക്കു വെളിവുള്ള ഒരു ഭരണാധികാരി ആയത് കൊണ്ടാണ്

അത് മോഡിയ്ക്ക് ആരു പറഞ്ഞു മനസ്സിലാക്കി കൊടുക്കും?
നോട്ട് നിരോധനമെന്നത് സംഘടിത കൊള്ളയും നിയമവിധേയമായ പിടിച്ചുപറിയുമാണെന്ന് തിരിച്ചറിയാൻ കഴിയാതെ പോയ ഒരു ജനതയുടെ പരാജയമാണ്, മോഡിയെപ്പോലൊരു മണ്ടൻ ഭരണാധികാരിയ്ക്ക് ഇന്നും കസേരയിൽ ഇരിയ്ക്കാൻ കഴിയുന്നത്.
നവംബര് എട്ട് ഇന്ത്യന് സമ്പദ് വ്യവസ്ഥയ്ക്കും ഇന്ത്യന് ജനാധിപത്യത്തിനും കറുത്ത ദിനമാണ്.......

Comments

Popular posts from this blog

ഗോഡ്‌സെയും, നിർമ്മൽ ചാറ്റർജിയും ഗാന്ധിവധവും - ഒരു സംഘി നുണക്കഥ !

ശംബുകൻ

മതവിശ്വാസവും വര്‍ഗ്ഗീയവാദവും - പൊതുചര്‍ച്ച